മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജി; അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് സംശയങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ഹർജി അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത്, ജസ്‌റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ് ആണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ മൂന്ന് അംഗങ്ങളുള്ള ഭരണഘടനാ സ്ഥാപനമായതിനാൽ നിയമപരമായ വ്യവസ്ഥകൾ പ്രകാരം തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലോ ആയിരിക്കണമെന്ന് അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.

നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്ന രീതിയിൽ തീരുമാനങ്ങൾ ഏകകണ്ഠമായാണോ എടുക്കുന്നതെന്ന കാര്യത്തിൽ ഗൗരവമായ സംശയമുണ്ടെന്നും അദ്ദേഹം വാദിച്ചു. വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കമ്മീഷനിലെ മറ്റ് രണ്ട് അംഗങ്ങളായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും പലതവണ എതിർപ്പ് രേഖപ്പെടുത്തിയെന്ന ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിന് പിന്നാലെയാണ് ഹർജി സുപ്രീം കോടതിയിലെത്തിയത്.
കഴിഞ്ഞ പത്ത് മാസത്തിനിടെ കുറഞ്ഞത് 14 തവണയാണ് ഇരുവരും ചില തീരുമാനങ്ങളിലും ഉത്തരവുകളിലും എതിർപ്പ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെയാണ് ചില നടപടികൾ സ്വീകരിച്ചതെന്നായിരുന്നു അവരുടെ ആരോപണം. പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കു പുറമെ പുതിയ വോട്ടർമാരെ ചേർക്കുന്നതും വോട്ടർ പട്ടികയിലെ പേരുകൾ നീക്കം ചെയ്യുന്നതും ഉൾപ്പെടെയുള്ള നടപടികളിലും ഇരുവരും ചോദ്യങ്ങൾ ഉന്നയിച്ചതായി ഇന്ത്യൻ എക്‌സ്പ്ര റിപ്പോർട്ട് ചെയ്‌തിരുന്നു.
എന്നാൽ ഈ റിപ്പോർട്ടിലെ ആരോപണങ്ങൾ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകിയിട്ടുണ്ട്. കമ്മീഷനിലെ അംഗങ്ങൾ തമ്മിലുള്ള എഴുത്തുപരമായ അഭിപ്രായ വ്യത്യാസങ്ങൾ തീരുമാനമെടുക്കുന്ന പ്രക്രിയയുടെ ഭാഗമാണെന്നും പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്ഠമായാണ് എടുത്തതെന്നുമാണ് കമ്മീഷന്റെ നിലപാട്.
മാത്രമല്ല സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും കാബിനറ്റ് സെക്രട്ടറിക്ക് അയച്ച കത്തുകൾ തിരഞ്ഞെടുപ്പ് നയങ്ങളോ വിവരസാങ്കേതിക വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളോ സംബന്ധിച്ചുള്ളതല്ലെന്നും ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹർജിയിൽ ഉന്നയിച്ച വാദങ്ങൾ സുപ്രീം കോടതി അടുത്തയാഴ്‌ച വിശദമായി പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂട്ടായ തീരുമാനമെടുക്കൽ രീതിയും പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട നടപടികളുടെ നിയമസാധുതയും ഉൾപ്പെടെയുള്ള വിഷയങ്ങൾ തുടർവാദത്തിൽ ഉയർന്നുവരാൻ സാധ്യതയുണ്ട്.


Click it and Unblock the Notifications
