ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത് കെജ്രിവാളിന്റെ ഹര്‍ജി; സുപ്രീം കോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി: കള്ളപണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കെജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. സുപ്രീം കോടതിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പുറപ്പെടുവിക്കുക. മെയ് 17ന് കേസില്‍ വിധി പറയാനായി ഹര്‍ജി മാറ്റിയിരുന്നു.
മാര്‍ച്ച് 21നാണ് ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നത്. ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിന് ബന്ധമുണ്ടെന്നായിരുന്നു ആരോപണം. ഏപ്രില്‍ ഒന്‍പതിന് ഡല്‍ഹി ഹൈക്കോടതിയില്‍ കെജ്രിവാള്‍ അറസ്റ്റിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കോടതി ഹര്‍ജിയില്‍ അദ്ദേഹത്തിന് ഇളവുകള്‍ നല്‍കിയിരുന്നില്ല.

കെജ്രിവാളിന്റെ അറസ്റ്റില്‍ നിയമവിരുദ്ധമായ കാര്യങ്ങളൊന്നുമില്ല. കെജ്രിവാള്‍ ഇഡിയുടെ സമന്‍സുകള്‍ തുടര്‍ച്ചയായി അവഗണിച്ചുവെന്നും, അന്വേഷണവുമായി സഹകരിച്ചില്ലെന്നും, ഇതോടെ കേന്ദ്ര ഏജന്‍സിക്ക് മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ലാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഹൈക്കോടതി വിലയിരുത്തി. ഏപ്രില്‍ പതിനഞ്ചിന് സുപ്രീം കോടതി ഹര്‍ജിയില്‍ ഇഡിയില്‍ നിന്ന് പ്രതികരണം നേടിയിരുന്നു.
നേരത്തെ സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തിയത്. ജൂണ്‍ രണ്ടിന് ജയിലില്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ജൂണ്‍ 20ന് വിചാരണ കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് റദ്ദാക്കി. തീര്‍ത്തും ഏകപക്ഷീയമായ വിധിയായിരുന്നു ഇതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് സിബിഐയും കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ കോടതിയിലെ വാദങ്ങള്‍ക്കിടെ കെജ്രിവാളിനെതിരെ കടുത്ത വാദങ്ങള്‍ ഇഡി ഉന്നയിച്ചിരുന്നു. ആംആദ്മി പാര്‍ട്ടിക്ക് ഹവാല വഴി പണം നല്‍കിയതിന് തെളിവുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജു കോടതിയില്‍ വാദിച്ചിരുന്നു. കെജ്രിവാളും ഹവാല ഇടപാടുകാരും തമ്മിലുള്ള ചാറ്റുകള്‍ ഇഡി കണ്ടെത്തിയെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.
മതിയായ തെളിവുകളില്ലാതെയാണ് അറസ്റ്റ് എന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. ഇഡിയുടെ തെളിവുകള്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിന് ശേഷം മാത്രം ശേഖരിച്ചതാണെന്നും സിംഗ്വി കുറ്റപ്പെടുത്തി. നിലവില്‍ ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് കെജ്രിവാള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications