സൂറത്തിലാണോ? എങ്കില്‍ രണ്ടാം ഡോസ് വാക്‌സിനെടുത്തില്ലെങ്കില്‍ പണി കിട്ടും, ബസ്സില്‍ കയറാനുമാവില്ല
അഹമ്മദാബാദ്: ഗുജറാത്തില്‍ കൊവിഡ് വാക്‌സിനേഷന്റെ വേഗം വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ജില്ലാ ഭരണകൂടങ്ങള്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെല്ലാം രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. ഈ വര്‍ഷം അവസാനത്തോടെ തന്നെ സമ്പൂര്‍ണ വാക്‌സിനേഷന്‍ രാജ്യത്താകെ നടപ്പാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഇത് ഏറ്റെടുത്തിരിക്കുകയാണ് ഗുജറാത്തും. സൂറത്ത് നഗരത്തില്‍ കര്‍ശന നടപടികളാണ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തില്ലെങ്കില്‍ നേരിടേണ്ടി വരിക. ഇവിടെ രണ്ടാം ഡോസ് എടുക്കാത്തവരെ പൊതു ഇടങ്ങളില്‍ നിന്ന് വിലക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം.

ജനങ്ങളെ ബോധവത്കരിക്കാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ആവശ്യമാണെന്ന് സൂറത്ത് ഭരണകൂടം കരുതുന്നു. ഗാര്‍ഡനുകള്‍, മൃഗശാലകള്‍, ബോര്‍ഡിംഗ് സിറ്റി ബസ്സുകള്‍, എന്നിവയിലൊന്നും രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പ്രവേശിക്കാനാവില്ല. രണ്ടാം ഡോസ് വാക്‌സിന്‍ പലരും വൈകിക്കുന്നു എന്നാണ് പരക്കെയുള്ള ആരോപണം. ഇതില്‍ വാസ്തവമുണ്ട്. ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുമ്പോഴേക്ക് കൊവിഡിനെതിരെ പ്രതിരോധം ലഭിച്ചെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. ഇതാണ് രണ്ടാം ഡോസ് വൈകിപ്പിക്കാനുള്ള പ്രധാന കാരണം. ഇതേ തുടര്‍ന്നാണ് കര്‍ശന നടപടികളെടുക്കാന്‍ സൂറത്ത് ജില്ലാ ഭരണകൂടത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.
അതേസമയം സൂറത്തില്‍ നിന്നുള്ള കണക്കുകളും അമ്പരപ്പിക്കുന്നതാണ്. 6.68 ലക്ഷം പേര്‍ നഗരത്തില്‍ ഇതുവരെ രണ്ടാം ഡോസ് സ്വീകരിച്ചിട്ടില്ലെന്നാണ് കണക്ക്. ആദ്യ ഡോസ് സ്വീകരിച്ചവരാണ് ഇവര്‍. ഇത്രയും പേര്‍ ആദ്യ ഡോസിന്റെ സമയപരിധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാന്‍ എത്തിയിട്ടില്ലെന്ന് സൂറത്ത് മുനിസിപ്പല്‍ കമ്മീഷണര്‍ ബന്‍ചാനിധി പാനി പറഞ്ഞു. ഇത്തരം ആളുകളെ തീര്‍ച്ചയായും പൊതു ഇടങ്ങളില്‍ നിന്ന് വിലക്കേണ്ടതുണ്ട്. പാര്‍ക്കുകളും ശാസ്ത്ര കേന്ദ്രങ്ങളിലൊന്നും ഇവര്‍ക്ക് പ്രവേശനമുണ്ടാവില്ല. നവംബര്‍ 15 മുതല്‍ ഈ നിയമം നിലവില്‍ വരും. ബസ്സുകളില്‍ അടക്കമുള്ളവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇവരെ മാറ്റിനിര്‍ത്തുമെന്നും പാനി പറഞ്ഞു.
രണ്ടാം ഡോസിന് അര്‍ഹരായവരില്‍ പലരും അത് എടുക്കാതെ മുങ്ങി നടക്കുകയാണ്. സമയപരിധി കഴിഞ്ഞ് 250 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാത്തവരുണ്ട്. ഇതൊന്നും അംഗീകരിക്കാനാവില്ല. തുടര്‍ച്ചയായി ഇവരെ വിളിച്ച് രണ്ടാം ഡോസ് എടുക്കുന്ന കാര്യം അറിയിക്കുന്നുണ്ട്. ഡോര്‍ ടു ഡോര്‍ ക്യാമ്പയിനും നടത്തുന്നുണ്ട്. വീടുകളിലെത്തി പറഞ്ഞിട്ട് പോലും ഇവര്‍ വാക്‌സിനെടുക്കാന്‍ എത്തുന്നില്ലെന്ന് ബന്‍ചാനിധി പാനി പറയുന്നു. ആദ്യ ഡോസ് 34.32 ലക്ഷം പേരാണ് എടുത്തത്. 27.88 ലക്ഷം പേരാണ് രണ്ടാം ഡോസ് എടുക്കാന്‍ സൂറത്തിലുള്ളത്. അതില്‍ 21.20 ലക്ഷം ഇതുവരെ വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. 76.03 ശതമാനമാണ് രണ്ടാം വാക്‌സിനേഷന്റെ കണക്ക്.












Click it and Unblock the Notifications