'ആദിവാസി വകുപ്പ് ഉന്നതകുല ജാതർ വേണം കൈകാര്യം ചെയ്യാൻ, എങ്കിലേ ഉന്നതി ഉണ്ടാവൂ'; സുരേഷ് ഗോപി
ന്യൂഡൽഹി: ആദിവാസി വകുപ്പ് കൈകാര്യം ചെയ്യേണ്ടത് ഉന്നതകുല ജാതരെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. എങ്കിൽ മാത്രമേ അവരുടെ കാര്യത്തിൽ ഉന്നമനം ഉണ്ടാവുള്ളൂവെന്നാണ് സുരേഷ് ഗോപി പറയുന്നത്. ജനാധിപത്യപരമായി അത്തരം മാറ്റങ്ങൾ കൊണ്ടുവരണം, തനിക്ക് ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് പിന്നാലെ പ്രസ്‌താവനയിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെയെന്നും മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ട്രൈബൽ മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

പലതവണ പ്രധാനമന്ത്രിയോട് ആദിവാസി വകുപ്പ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതിന് പിന്നാലെ കടുത്ത വിമർശനമാണ് സുരേഷ് ഗോപിയുടെ പരാമർശം ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. നേരത്തെ കേരളത്തെ കുറിച്ചുള്ള മന്ത്രി ജോർജ് കുര്യന്റെ പ്രസ്‌താവനയും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പരാമർശവും വിമർശനം ഏറ്റുവാങ്ങുന്നത്.
ബജറ്റിൽ കേരളത്തിന് ഒന്നും ലഭിച്ചില്ലെന്ന ആരോപണത്തോടും സുരേഷ് ഗോപി പ്രതികരിച്ചു. കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പൽ നടത്തിയാൽ പോരാ. ബജറ്റ് വകയിരുത്തൽ ഓരോ മേഖലയിലേക്കാണ്. കേരളം നിലവിളിക്കുകയല്ല വേണ്ടത് കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണം. ബീഹാറെന്നും കേരളം എന്നും ഇന്നലത്തെ ബജറ്റിൽ വേർതിരിച്ച് കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സുരേഷ് ഗോപിക്കെതിരെ സികെ ജാനു രംഗത്ത് വന്നു. വളരെ തരംതാണ പ്രസ്‌താവന എന്നാണ് സികെ ജാനു ഇതിനെ വിശേഷിപ്പിച്ചത്. ഈ കാലമത്രയും ആദിവാസി വിഷയങ്ങളിൽ ഇടപെട്ടതും തീരുമാനിച്ചതും ഒക്കെ സവർണർ തന്നെയാണ്. ഇതുവരെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ ഈ കാര്യങ്ങളുടെ ഭാഗമാകുകയോ ഇടപെടുകയും ഒന്നും ചെയ്‌തിട്ടില്ല; സികെ ജാനു പറഞ്ഞു.
എന്നിട്ടും ഇത്തരം മോശമായ അവസ്ഥയിലേക്ക് ഈ ആളുകളുടെ ജീവിതം പോവുന്നുണ്ടെങ്കിൽ അതിന്റെ കുറ്റകരമായിട്ടുള്ള ഉത്തരവാദികൾ ഇവർ തന്നെയാണ്. അയാൾ ഈ കാലമത്രയായിട്ടും ഈ കാര്യങ്ങൾ ഒന്നും മനസിലാക്കിയിട്ടില്ല എന്ന് വേണം കരുതാൻ. ഇങ്ങനെ സവർണ മനോഭാവം വച്ചുപുലർത്തുന്നത് ഒരിക്കലും നല്ല കാര്യമല്ല; സികെ ജാനു വ്യക്തമാക്കി.












Click it and Unblock the Notifications