'കണ്ണിന് ഇടി കിട്ടിയ പോലെ, എല്ലുകൾ നുറുങ്ങി', സുശാന്തിന്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരമായിരുന്ന സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വലിയ ചര്‍ച്ചയും വിവാദവുമായിരിക്കുകയാണ്. സുശാന്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറി ജീവനക്കാരന്‍ രൂപ്കുമാര്‍ ഷായുടെ വെളിപ്പെടുത്തലുകളാണ് പുതിയ വഴിത്തിരിവായിരിക്കുന്നത്.
സുശാന്ത് ആത്മഹത്യ ചെയ്തതല്ലെന്നും കൊല്ലപ്പെട്ടതാണ് എന്നുമാണ് രൂപ്കുമാര്‍ ഷാ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സുശാന്ത് സിംഗ് രാജ്പുതിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് സാക്ഷിയായിരുന്നുവെന്നാണ് രൂപ്കൂമാര്‍ അവകാശപ്പെടുന്നത്. സുശാന്തിന്റെ ശരീരത്തിലും കഴുത്തിലും പാടുകളുണ്ടായിരുന്നുവെന്നും കൊലപാതകമാണെന്ന് വ്യക്തമായിരുന്നു എന്നുമാണ് ടിവി 9ന് നല്‍കിയ അഭിമുഖത്തില്‍ രൂപ്കുമാര്‍ വെളിപ്പെടുത്തിയത്.
സുശാന്തിന്റെ കണ്ണിന് ഇടിച്ചത് പോലുളള പാടുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ശരീരത്തിലെ എല്ലുകള്‍ തകര്‍ന്നിരുന്നുവെന്നും ഇന്ത്യാ ടുഡെയ്ക്ക് നല്‍കി അഭിമുഖത്തില്‍ രൂപ്കുമാര്‍ ഷാ പറഞ്ഞു. മാത്രമല്ല കഴുത്തിലെ പാടുകള്‍ തൂങ്ങിയത് കൊണ്ടുളളതാണെന്ന് തോന്നുന്നില്ലെന്നും കഴുത്ത് ഞെരിച്ചത് പോലെയുണ്ടായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പുറത്ത് നിന്ന് കാണുന്ന തരത്തിലായിരുന്നില്ല ഇതെന്നും ഇക്കാര്യം സീനിയറായ ആളുകളെ അറിയിച്ചപ്പോള്‍ സ്വന്തം കാര്യം നോക്കാനാണ് പറഞ്ഞത് എന്നും രൂപ്കുമാര്‍ വെളിപ്പെടുത്തി.

താന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ സംഘത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഏതൊക്കെ ഡോക്ടര്‍മാരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് ഓര്‍മ്മയില്ല. കൊവിഡ് കാരണം എല്ലാവരും മാസ്‌ക് ധരിച്ചിരുന്നത് കൊണ്ട് ആരെയും തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് ഇയാള്‍ പറയുന്നത്. 2020 ജൂണ്‍ 14ന് ആണ് മുംബൈയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് തന്നെ സുശാന്തിന്റേത് കൊലപാതകമാണെന്നുളള സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. സുശാന്തിന്റെ കുടുംബം അടക്കം അത്തരം സംശയങ്ങള്‍ ഉന്നയിക്കുകയുണ്ടായി. എന്തുകൊണ്ട് 2020ല്‍ തന്നെ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയില്ല എന്ന ചോദ്യത്തിന്, അന്നത്തെ സര്‍ക്കാരിനെ താന്‍ വിശ്വസിച്ചിരുന്നില്ലെന്നാണ് രൂപ്കുമാര്‍ ഷാ നല്‍കിയ മറുപടി.
സുശാന്തിന്റെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പറയുന്ന പാടുകള്‍ അദ്ദേഹത്തിന്റെ കുടുംബം, അതും ഐപിഎസ് ഓഫീസര്‍ അടക്കം ബന്ധുക്കളുളളവര്‍ ശ്രദ്ധിച്ചില്ല എന്നാണോ എന്ന ചോദ്യത്തിന് രൂപ്കുമാര്‍ ഷാ മറുപടി നല്‍കിയില്ല. ഏത് ഏജന്‍സിക്ക് മുന്നിലും ഇക്കാര്യങ്ങള്‍ പറയാന്‍ താന്‍ തയ്യാറാണ് എന്നും രൂപ്കുമാര്‍ ഷാ പറഞ്ഞു. തന്റെ സുരക്ഷയെ കുറിച്ച് ഇപ്പോള്‍ ആശങ്കയില്ല. സുശാന്ത് സിംഗ് രാജ്പുതിന് നീതി ലഭിക്കണം എന്നും രൂപ്കുമാര്‍ പറഞ്ഞു. പുതിയ വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് സുശാന്തിന്റെ സഹോദരി രംഗത്ത് വന്നിട്ടുണ്ട്.
പുതിയ വെളിപ്പെടുത്തലുകളുടെ ഒരംശമെങ്കിലും സത്യമാണെങ്കില്‍ സിബിഐ അക്കാര്യം വിശദമായി പരിശോധിക്കണമെന്ന് ശ്വേത ആവശ്യപ്പെട്ടു. നീതിപൂര്‍ണമായ അന്വേഷണം സിബിഐ നടത്തുമെന്നും സത്യം വെളിച്ചത്ത് കൊണ്ട് വരും എന്നുമാണ് തങ്ങള്‍ എക്കാലവും വിശ്വസിച്ചത്. ഇപ്പോഴും ഇതിനൊരു അവസാനമില്ലെന്നത് വേദനിപ്പിക്കുന്നു, ശ്വേത പ്രതികരിച്ചു. സുശാന്തിന്റെ മരണകാരണം സിബിഐ അന്വേഷിക്കുകയാണ്.












Click it and Unblock the Notifications