തമിഴ്‌നാടും പുതുച്ചേരിയും നാളെ പോളിംഗ് ബൂത്തിലേക്ക്, പ്രതീക്ഷയോടെ ഡിഎംകെയും ബിജെപിയും
തമിഴ്‌നാട്: കേരളത്തിനൊപ്പം തമിഴ്‌നാടും പുതുച്ചേരിയും നാളെ പോളിംഗ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിലെ 234 സീറ്റിലേക്കും പുതുച്ചേരിയില്‍ 30 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ ഏറെ കുറെ ഭരണവിരുദ്ധ വികാരം പ്രകടമാണ്. അതേസമയം പുതുച്ചേരിയില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ് ഉള്ളത്. നേരത്തെ വി നാരായണ സ്വാമി സര്‍ക്കാരിനെ ബിജെപി കുതിരക്കച്ചവടത്തിലൂടെ പുറത്താക്കിയിരുന്നു. എംഎല്‍എമാരില്‍ പലരും കൂറുമാറുകയും ചെയ്തു. ഇത്രയൊക്കെ ചെയ്‌തെങ്കിലും ബിജെപി പുതുച്ചേരിയില്‍ സീറ്റ് നേടുമെന്ന് പറയാനായിട്ടില്ല.

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം കന്യാകുമാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. 88000ത്തോളം പോളിംഗ് ബൂത്തുകളാണ് തമിഴ്‌നാട്ടില്‍ സജ്ജമായിരിക്കുന്നത്. ഇന്നലെയാണ് സംസ്ഥാനത്ത് കൊട്ടിക്കലാശം അവസാനിച്ചത്. രാവിലെ ഏഴ് മണിക്കാണ് പോളിംഗ് ആരംഭിക്കുക. പളനിസ്വാമിയുടെയും പനീര്‍സെല്‍വത്തിന്റെയും കരുത്തിലാണ് അണ്ണാഡിഎംകെയുടെ പ്രതീക്ഷ. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അടക്കം വന്‍ നേട്ടമുണ്ടാക്കി എംകെ സ്റ്റാലിന്‍ നേരത്തെ തന്നെ ഡിഎംകെയെ മുന്നിലെത്തിച്ചതാണ്.
കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവും ഇത്തവണ മത്സരത്തിനുണ്ട്. കടുത്ത ബിജെപി വിരുദ്ധ വികാരം തമിഴ്‌നാട്ടിലുള്ളത് തിരിച്ചടിയാവുമോ എന്നാണ് അണ്ണാഡിഎംകെയുടെ ഭയം. നേരത്തെ നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ പോസ്റ്ററുകളില്‍ നിന്നെല്ലാം മാറ്റിയിരുന്നു. മോദി തമിഴ്‌നാട്ടിലെത്തിയപ്പോള്‍ ഗോബാക്ക് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഡിഎംകെയും അണ്ണാഡിഎംകെയും തമ്മിലുള്ള പ്രചാരണം ഇത്തവണ വ്യക്തി അധിക്ഷേപങ്ങളിലേക്ക് വരെ നീണ്ടിരുന്നു. അണ്ണാഡിഎംകെയും ബിജെപിയുടെ ബി ടീമാണെന്നും വര്‍ഗീയവാദികളാണെന്നുമായിരുന്നു ഡിഎംകെയുടെ പ്രചാരണം.
അതേസമയം പ്രചാരണത്തിനിടെ സ്റ്റാലിന്റെ മകളുടെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡു നടന്നു. മുന്‍ മന്ത്രിമാരുടെയും വീട്ടില്‍ റെയ്ഡുണ്ടായിരുന്നു. ഇതെല്ലാം വലിയ വിവാദമായി. ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എ രാജയെ 48 മണിക്കൂര്‍ പ്രചാരണത്തില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. പളനിസാമിക്കെതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്നായിരുന്നു വിലക്ക്. കമല്‍ ഹാസനെ കൂടാതെ നാം തലൈവര്‍ കച്ചി നേതാവ് സീമാന്‍, ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേട്ര കഴകം എന്നീ രാഷ്ട്രീയ സഖ്യങ്ങളും മത്സരത്തിനുണ്ട്.












Click it and Unblock the Notifications