ഉപതിരഞ്ഞെടുപ്പ് ചൂടിൽ തമിഴ്‌നാട്; മധുരാന്തകത്ത് പ്രചാരണത്തിന് വിജയ്, പാസ് ക്യൂആർ കോഡ് മുഖേന മാത്രം
ചെന്നൈ: ഒക്ടോബർ 6ന് നടക്കുന്ന മധുരാന്തകം നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് വെള്ളിയാഴ്‌ച മണ്ഡലത്തിൽ നേരിട്ടെത്തി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തും. ചെങ്കൽപട്ട് ജില്ലയിലെ ആത്തൂർ ടോൾ പ്ലാസയ്ക്ക് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് പ്രചാരണ പരിപാടി നടക്കുക. പരിപാടിയിൽ പ്രവേശനം 5,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അനുമതി ലഭിച്ചവർക്കായി ക്യുആർ കോഡ് അടങ്ങിയ പ്രവേശന പാസുകളും നൽകിയിട്ടുണ്ട്. പോലീസ് നിർദേശിച്ച സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് അനുമതി ലഭിച്ചവർക്ക് മാത്രമായിരിക്കും പരിപാടിയിൽ പ്രവേശനം. ഗർഭിണികൾ, കുട്ടികൾ, സ്‌കൂൾ വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ എന്നിവർക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രവേശന പാസുകൾ നൽകിയിട്ടില്ലെന്ന് പാർട്ടി അറിയിച്ചു.

പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി കുടിവെള്ളവും വൈദ്യസഹായവും ഒരുക്കിയിട്ടുണ്ട്. അതേസമയം മധുരാന്തകത്ത് നടന്ന തിരഞ്ഞെടുപ്പ് ചുമതലക്കാരുടെയും ബൂത്ത് ഏജന്റുമാരുടെയും യോഗത്തിൽ ടിവികെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള ജനറൽ സെക്രട്ടറി ആദവ് അർജുന സംസാരിച്ചു. സാമൂഹികനീതി സംബന്ധിച്ച ഡിഎംകെയുടെ പ്രവർത്തനങ്ങളെ അദ്ദേഹം ചോദ്യം ചെയ്യുകയും ഭരണകാലയളവിൽ ജാതി സെൻസസ് നടത്താത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു.
മധുരാന്തകത്തും ധാരാപുരത്തും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടണമെന്ന ലക്ഷ്യവും അദ്ദേഹം യോഗത്തിൽ മുന്നോട്ടുവച്ചു. യോഗത്തിനിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് പരിപാടി കുറച്ചുസമയം തടസപ്പെട്ടു. വേദി ഇരുട്ടിലായപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ സംഘാടകരോട് ആവശ്യപ്പെട്ട ആദവ് അർജുന തുടർന്ന് പ്രസംഗം തുടരുകയായിരുന്നു.
അതിനിടെ ധാരാപുരത്ത് അഞ്ച് മന്ത്രിമാർ പങ്കെടുത്ത പ്രചാരണ പരിപാടിക്കിടയിലും വൈദ്യുതി തടസ്സപ്പെട്ടതായി പിഎംകെ അധ്യക്ഷൻ അൻബുമണി രാമദോസ് ആരോപിച്ചു. അതേസമയം, തമിഴ് മാനില കോൺഗ്രസ് മൂപ്പനാർ അധ്യക്ഷൻ ജി കെ വാസൻ മധുരാന്തകം, ധാരാപുരം ഉപതിരഞ്ഞെടുപ്പുകളിൽ ടിവികെ നേതൃത്വത്തിലുള്ള സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.
സെപ്റ്റംബർ 24നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴ് മാനില കോൺഗ്രസ് മൂപ്പനാർ എൻഡിഎ സഖ്യത്തിൽ നിന്ന് പിന്മാറിയിരുന്നു. നിലവിൽ ഭരണകക്ഷിയായ ടിവികെയ്ക്ക് തങ്ങളുടെ അംഗബലം വർധിപ്പിക്കാൻ ഉപതിരഞ്ഞെടുപ്പിൽ ജയം അനിവാര്യമാണ്. ഇത് മുന്നിൽ കണ്ടാണ് മുഖ്യമന്ത്രി അടക്കമുള്ളവർ നേരിട്ടിറങ്ങുന്നത്.


Click it and Unblock the Notifications
