വിദ്യാർത്ഥികൾക്ക് ചിക്കൻ ബിരിയാണി പദ്ധതിയുമായി തമിഴ്‌നാട് മുന്നോട്ട്; വിജയ്‌യുടെ ആഗ്രഹമെന്ന് മന്ത്രി
ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ചിക്കൻ ബിരിയാണി നൽകാനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ട്. മുഖ്യമന്ത്രി വിജയ്‌യുടെ ആഗ്രഹമാണ് പദ്ധതിക്ക് പിന്നിലെന്ന് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പറഞ്ഞു. എന്നാൽ പദ്ധതി ഉടൻ നടപ്പാക്കില്ലെന്നും, ഭക്ഷണം ശുചിത്വത്തോടെയും സുരക്ഷിതമായും തയ്യാറാക്കി വിതരണം ചെയ്യാൻ കഴിയുമോ എന്ന് ആദ്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ സ്‌കൂളുകളിലെ എല്ലാ വിദ്യാർഥികൾക്കും ചിക്കൻ ബിരിയാണി ലഭിക്കാനുള്ള അവസരം ഒരുക്കാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് രാജ് മോഹൻ പറഞ്ഞു. എന്നാൽ വലിയ തോതിൽ ഭക്ഷണം തയ്യാറാക്കുമ്പോൾ ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആദ്യം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'പുഴൽ ജയിലിലെ തടവുകാർക്ക് പോലും ചിക്കൻ ബിരിയാണി ലഭിക്കുന്നുണ്ട്. നമ്മുടെ വിദ്യാർഥികൾക്കും അത് നൽകിക്കൂടേ?' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കി ആവശ്യമായ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും കൂടുതൽ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കുക എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിജയ്‌യോട് താനാണ് ചിക്കൻ ബിരിയാണി നൽകാനുള്ള ആശയം മുന്നോട്ടുവച്ചതെന്നും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും രാജ് മോഹൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്‌കൂൾ ഭക്ഷണ പദ്ധതികളിൽ മാംസാഹാരം ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് ഈ നിർദേശം ഉയർന്നത്.
വളരുന്ന കുട്ടികൾക്ക് ആവശ്യമായ പ്രോട്ടീൻ ലഭിക്കേണ്ടത് പ്രധാനമാണെന്നും വിദ്യാർഥികൾക്ക് ചിക്കൻ ബിരിയാണി നൽകുന്നത് രാഷ്ട്രീയ വിഷയമായി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിൽ വിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തിനൊപ്പം പോഷകാഹാര മേഖലയിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സസ്യാഹാരം ഇഷ്‌ടപ്പെടുന്ന വിദ്യാർഥികൾക്ക് നിലവിലുള്ള രീതിയിൽ സസ്യാഹാരം തന്നെ ലഭിക്കും. മാംസാഹാരം കഴിക്കുന്ന വിദ്യാർഥികൾക്ക് പദ്ധതി നടപ്പാക്കിയാൽ ചിക്കൻ ബിരിയാണി തിരഞ്ഞെടുക്കാൻ അവസരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതി വഴി ഭക്ഷണം തയ്യാറാക്കുന്ന രീതി, ശുചിത്വ മാനദണ്ഡങ്ങൾ, വിതരണം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ എന്നിവ വിലയിരുത്തും. ഇതിന്റെ ഫലം പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനത്തെ കൂടുതൽ സർക്കാർ സ്‌കൂളുകളിൽ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുക.
തമിഴ്‌നാട്ടിലെ സ്‌കൂൾ പോഷകാഹാര പദ്ധതിയിൽ വർഷങ്ങളായി വിവിധ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്കായി ഉച്ചഭക്ഷണ പദ്ധതിക്കൊപ്പം പ്രഭാതഭക്ഷണ പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. വിദ്യാർഥികളുടെ പോഷകാഹാരവും സ്‌കൂളുകളിലെ ഹാജർനിലയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രഭാതഭക്ഷണ മെനുവിലും കൂടുതൽ മാറ്റങ്ങൾ വരുത്തുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്.


Click it and Unblock the Notifications
