തമിഴ്‌നാട്ടിലെ എംടിസി ബസുകൾക്ക് ടിവികെ കൊടിയുടെ നിറം; പിന്നാലെ വിവാദം, വിമർശനം ശക്തമാവുന്നു
ചെന്നൈ: തമിഴ്‌നാട്ടിലെ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ പുതിയ മിനി ബസുകൾക്ക് മഞ്ഞയും ചുവപ്പും നിറങ്ങൾ നൽകാനുള്ള തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഈ നിറങ്ങൾ ഭരണകക്ഷിയായ ടിവികെ പാർട്ടിയുടെ പതാകയുമായി സാമ്യമുള്ളതാണെന്ന് ചിലർ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഒന്നാകെ വിമർശനം ശക്തമായി ഉയരുന്നത്.
ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ നിറം തിരഞ്ഞെടുക്കുന്നതിനെ വിമർശിച്ചപ്പോൾ, മറ്റുചിലർ മഞ്ഞ നിറം നിലവിൽ സ്‌കൂൾ, കോളേജ് ബസുകൾക്കും ഉപയോഗിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിലെ പുതിയ ബസ് നിറം ടിവികെ പതാകയെ അനുസ്‌മരിപ്പിക്കുന്നു. വലിയ പുരോഗതി വിജയ് അണ്ണാ എന്നായിരുന്നു ഒരു എക്‌സ് ഉപഭോക്താവ് കുറിച്ചത്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് വിജയ്‌യെയും ടിവികെ സർക്കാരിനെയും പരിഹസിച്ചു കൊണ്ട് വരുന്നത്.

ഓരോ ഭരണകൂടവും വരുമ്പോഴും ബസുകളുടെ നിറം മാറ്റുന്നത് വിനോദസഞ്ചാരികളെയും പുതുതായി എത്തുന്നവരെയും ആശയക്കുഴപ്പത്തിലാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത സ്ഥിരം നിറം തിരഞ്ഞെടുക്കുന്നതാണ് നല്ലതെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. നേരത്തെ സ്ത്രീകൾക്കായുള്ള സൗജന്യ ബസുകളിൽ ഉണ്ടായിരുന്ന 'മകളിർ വിഡിയൽ പയനം' എന്ന പേരിൽ പുതിയ സർക്കാർ വിഡിയൽ എന്ന വാക്ക് ഒഴിവാക്കിയതിനെ തുടർന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
ഇതിനിടെ 300 പുതിയ മിനി ബസുകൾ തിരുച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ തയ്യാറാക്കുകയാണെന്ന് എംടിസി ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ എംടിസി വിവിധ നിറങ്ങളിലുള്ള ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും, പുതിയ ബസുകളുടെ അന്തിമ നിറം സർക്കാർ തീരുമാനിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇത്തരം വിമർശനങ്ങൾ ശക്തമാവുമ്പോഴും അതിൽ പ്രതികരിക്കാതെ മുന്നോട്ട് പോവുകയാണ് ടിവികെ സർക്കാർ. അതിനിടെ 2026-27 സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് ഓഗസ്‌റ്റ് 5ന് നിയമസഭയിൽ അവതരിപ്പിക്കുമെന്നാണ് ടിവികെ ഇന്ന് അറിയിച്ചരിക്കുന്നത്. അതിന് പിന്നാലെ ഓഗസ്‌റ്റ് 6ന് കാർഷിക ബജറ്റും അവതരിപ്പിക്കും.
സെക്രട്ടേറിയറ്റിൽ മാധ്യമങ്ങളോട് സംസാരിച്ച മന്ത്രി പ്രഭാകർ, ടിവികെ സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി എൻ മേരി വിൽസൺ അവതരിപ്പിക്കുമെന്നും, പാർട്ടിക്ക് വോട്ട് ചെയ്‌ത ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതായിരിക്കും ഈ ബജറ്റെന്നും പറഞ്ഞു. കൂടാതെ, നിയമസഭയിലെ മുഴുവൻ ബജറ്റ് നടപടികളും തത്സമയം സംപ്രേഷണം ചെയ്യണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങൾക്കിടെ ടിവികെ സർക്കാരിന്റെ കന്നി ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് ജനങ്ങൾ.


Click it and Unblock the Notifications