രമേശ് ചെന്നിത്തലക്ക് തെലങ്കാന തിരഞ്ഞെടുപ്പ് ചുമതല; എഐസിസി നിരീക്ഷകനാകും
ന്യൂദല്‍ഹി: തെലങ്കാന നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രത്യേക നിരീക്ഷകനായി രമേശ് ചെന്നിത്തലയെ എ ഐ സി സി നിയമിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവ് കൂടിയാണ് രമേശ് ചെന്നിത്തല.
തെലങ്കാനയിലെ പ്രത്യേക നിരീക്ഷകനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് രമേശ് ചെന്നിത്തലയെ ചുമതലപ്പെടുത്തിയത് എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. നവംബര്‍ 30-നാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ്. ഡിസംബര്‍ 3-ന് മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെണ്ണല്‍ നടക്കും. നേരത്തെ തമിഴ്‌നാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും ചെന്നിത്തലയായിരുന്നു നിരീക്ഷകന്‍.

അതേസമയം തെലങ്കാനയില്‍ സി പി ഐയും കോണ്‍ഗ്രസും സഖ്യത്തിലാണ് മത്സരിക്കുന്നത്. സി പി എം നേരത്തെ കോണ്‍ഗ്രസുമായി സഖ്യത്തിന് ഇല്ല എന്ന് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് സി പി ഐയുടെ നിര്‍ണായക തീരുമാനം വന്നത്. സി പി ഐക്ക് തെലങ്കാനയില്‍ ഒരു സീറ്റിലാണ് മത്സരിക്കുന്നത്. സിറ്റിംഗ് സീറ്റായ കൊത്തഗുഡം മണ്ഡലമാണ് കോണ്‍ഗ്രസ് സി പി ഐക്ക് വിട്ട് നല്‍കിയിരിക്കുന്നത്.
പോനംനേനി സാംബശിവറാവു ആണ് ഇവിടെ സി പി ഐ സ്ഥാനാര്‍ത്ഥി. നിലവില്‍ പുറത്ത് വന്ന പല അഭിപ്രായ സര്‍വേകളിലും കോണ്‍ഗ്രസ് തെലങ്കാനയില്‍ മുന്നേറ്റം നടത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. സി പി എം കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 17 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും സി പി എം പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യത്തില്‍ അഞ്ച് സീറ്റ് സി പി എം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ രണ്ട് സീറ്റ് പോലും കോണ്‍ഗ്രസ് അനുവദിക്കാതിരുന്നതോടെയാണ് സി പി എം ഒറ്റക്ക് മത്സരിക്കുമെന്ന് അറിയിച്ചത്. തെലങ്കാന ജനസമിതി അഥവാ ടിജെഎസും വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയും കോണ്‍ഗ്രസിന് എല്ലാ വിധ പിന്തുണയും അറിയിച്ചിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈഎസ് ഷര്‍മിള റെഡ്ഡിയാണ് വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയെ നയിക്കുന്നത്.
2018 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നാല് പാര്‍ട്ടികളുമായിട്ട് സഖ്യമുണ്ടാക്കിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. പീപ്പിള്‍സ് ഫ്രണ്ടില്‍ തെലുങ്ക് ദേശം പാര്‍ട്ടി, സി പി ഐ, തെലങ്കാന ജന സമിതി എന്നിവരായിരുന്നു ഉണ്ടായിരുന്നത്.












Click it and Unblock the Notifications