കോണ്‍ഗ്രസ് ഓഫീസിന്റെ പേര് ആർഎസ്എസ് അണ്ണാ എന്ന് മാറ്റണം: വിമർശനവുമായി ഒവൈസി
ഹൈദരാബാദ്: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ ഐ എം ഐ എം) നേതാവ് അസദുദ്ദീൻ ഒവൈസി. കോൺഗ്രസ് ഓഫീസിന്റെ പേര് 'ആർഎസ്എസ് അണ്ണാ' എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കോൺഗ്രസിന്റെ 'ന്യൂനപക്ഷ പ്രകടന പത്രികയാണ്' ഒവൈസിയുടെ രോഷാകുലനാക്കിയത്.
"കോൺഗ്രസ് സദന് ഇന്ന് മുതൽ പുതിയ പേരായി ആർഎസ്എസ് അണ്ണാ എന്ന പേര് നല്‍കണം. ഹൈദരാബാദിൽ പുതിയ നഗരം നിർമ്മിക്കുമെന്നും ഹൈദരാബാദ് പ്രഖ്യാപനം നടത്തുമെന്നും അവർ പ്രഖ്യാപിച്ചു. ആർ എസ് എസിൽ നിന്ന് വന്ന ഒരാൾ നമ്മുടെ ഈ മേഖല തകർക്കാൻ ശ്രമിക്കുകയാണ്". അസദുദ്ദീൻ ഒവൈസി പറഞ്ഞു.

സംസ്ഥാനത്ത് പാർട്ടി അധികാരത്തിൽ വന്നാൽ ആറ് മാസത്തിനകം ജാതി സെൻസസ് നടത്തുന്നതിനു പുറമെ ന്യൂനപക്ഷ ക്ഷേമത്തിനായി പ്രതിവർഷം 4,000 കോടി രൂപയായി ബജറ്റ് വർധിപ്പിക്കുമെന്നാണ് തെലങ്കാന കോൺഗ്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പിന്നാക്ക വിഭാഗങ്ങൾക്കും തൊഴിൽ, വിദ്യാഭ്യാസം, സർക്കാർ പദ്ധതികൾ എന്നിവയിൽ ന്യായമായ സംവരണം ഉറപ്പാക്കുമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ "ന്യൂനപക്ഷ പ്രകടനപത്രിക"യില്‍ പറയുന്നു. കൂടാതെ, തൊഴിലില്ലാത്ത ന്യൂനപക്ഷ യുവാക്കൾക്കും സ്ത്രീകൾക്കും സബ്‌സിഡിയുള്ള വായ്പ നൽകുന്നതിന് പ്രതിവർഷം 1,000 കോടി രൂപയും കോൺഗ്രസ് വാഗ്ദാനം ചെയ്തു.
അബ്ദുള്‍ കലാം- തൗഫ-ഇ-താലീം പദ്ധതിക്ക് കീഴിൽ, എം ഫിൽ, പിഎച്ച് ഡി പ്രോഗ്രാമുകൾ പൂർത്തിയാക്കുമ്പോൾ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, മറ്റ് ന്യൂനപക്ഷ യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പാർട്ടി അറിയിച്ചു. ഇമാമുമാർ, മുഅജിൻസ്, ഖാദിംമാർ, പാസ്റ്റർമാർ, ഗ്രന്ഥികൾ തുടങ്ങി എല്ലാ മതങ്ങളിലെയും പുരോഹിതന്മാർക്ക് 10,000-12,000 രൂപ പ്രതിമാസ ഓണറേറിയം നൽകുമെന്നും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, തെലങ്കാനയിൽ തെരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലീങ്ങൾക്കുള്ള സംവരണം പിൻവലിക്കുമെന്നും പകരം പിന്നാക്ക വിഭാഗങ്ങളിലെ അംഗങ്ങൾക്ക് ക്വാട്ടയുടെ ആനുകൂല്യം നൽകുമെന്നുമാണ് ബി ജെ പിയുടെ വാഗ്ദാനം. "മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന 4 ശതമാനം സംവരണം പിൻവലിക്കുമെന്നും പകരം എസ്‌സി, എസ്ടി, ഒ ബി സി വിഭാഗങ്ങള്‍ക്ക് ആനുകൂല്യം നൽകും" ബി ജെപി സംസ്ഥാന പ്രസിഡന്റ് ജി കൃഷൻ റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications