കോൺഗ്രസ് സ്ഥാനാർത്ഥികളെ ചാക്കിട്ടുപിടിക്കാൻ കെസിആർ ശ്രമിച്ചു...; ആരോപണവുമായി ഡികെ ശിവകുമാർ
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിആർഎസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവിനെതിരെ കർണാടക ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡികെ ശിവകുമാർ രംഗത്ത്. എക്‌സിറ്റ് പോൾ ഫലങ്ങൾ കോൺഗ്രസിന് ചരിത്ര വിജയം പ്രവചിച്ച പശ്ചാത്തലത്തിലാണ് ആരോപണവുമായി ശിവകുമാർ രംഗത്ത് വന്നിരിക്കുന്നത്.
തെലങ്കാനയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിന് ശേഷം കെസിആർ ചില കോൺഗ്രസ് സ്ഥാനാർത്ഥികളെ സമീപിച്ചുവെന്നാണ് ശിവകുമാർ പറയുന്നത്. ഇവരോട് ബിആർഎസിൽ ചേക്കേറാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. എങ്കിലും കോൺഗ്രസ് അംഗങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം നിലവിൽ ഭീഷണികളൊന്നും ഇല്ലെന്നും വ്യക്തമാക്കി.

"ഇപ്പോൾ പ്രശ്‌നങ്ങളൊന്നുമില്ല, ഒരു ഭീഷണിയുമില്ല. ഞങ്ങൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. ഞങ്ങളുടെ പാർട്ടി അനായാസം വിജയിക്കും. അവർ ഞങ്ങളെ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. മുഖ്യമന്ത്രി (കെസിആർ) തന്നെ പലരെയും സമീപിച്ചതായി ഞങ്ങളുടെ സ്ഥാനാർത്ഥികൾ അറിയിച്ചിട്ടുണ്ട്, അതിനാൽ ഞങ്ങൾക്ക് ഇതിനെപ്പറ്റി അറിവുണ്ട്" ശിവകുമാർ വ്യക്തമാക്കി.
അതേസമയം, ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു എക്‌സിറ്റ് പോൾ ഫലങ്ങൾ പൂർണമായും തള്ളിക്കളഞ്ഞു. വിഡ്ഢിത്തം എന്നാണ് അദ്ദേഹം ഈ സർവേ ഫലങ്ങളെ വിശേഷിപ്പിച്ചത്. അധികാരം നിലനിർത്തുമെന്ന ആത്മവിശ്വാസം ബിആർഎസിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നവംബർ 30നാണ് നടന്നത്. ഇതിന് പിന്നാലെ എക്‌സിറ്റ് പോൾ പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു.
എക്‌സിറ്റ് പോൾ സർവേകളിൽ മിക്കതും കോൺഗ്രസ് സംസ്ഥാനത്ത് അധികാരം പിടിക്കുമെന്നാണ് പ്രവചിക്കുന്നത്. 119 നിയമസഭാ സീറ്റുകളിൽ ഭരണകക്ഷിയായ ബിആർഎസിന് 34 മുതൽ 44 സീറ്റുകൾ വരെ ലഭിക്കുമ്പോൾ കോൺഗ്രസ് പാർട്ടി ചരിത്രപരമായ ഭൂരിപക്ഷമായ 63 മുതൽ 73 സീറ്റുകൾ നേടി അധികാരത്തിൽ എത്തുമെന്നാണ് ഇന്ത്യാ ടുഡേ-ആക്‌സിസ് സർവേ ഫലം പ്രവചിക്കുന്നത്.
തെലങ്കാനയിൽ നവംബർ 30ന് നടന്ന വോട്ടെടുപ്പിൽ 63.94 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ തവണത്തേക്കാൾ വന്‍ ഇടിവുണ്ടായി എന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്. പോളിങ്ങിൽ ഉണ്ടായ ഇടിവ് രാഷ്ട്രീയ പാർട്ടികൾക്ക് ഉണ്ടാക്കിയ ആശങ്ക ചെറുതല്ല. ഇതിനിടെയാണ് കോൺഗ്രസ് അധികാരം പിടിച്ചെടുക്കുമെന്ന അപ്രതീക്ഷിത എക്‌സിറ്റ് പോൾ ഫലങ്ങളും പുറത്തുവന്നത്.












Click it and Unblock the Notifications