തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു; ലക്ഷ്യം ലോക്‌സഭാ സീറ്റ്, പുതുച്ചേരിയിൽ മത്സരിക്കും?
ഹൈദരാബാദ്: തെലങ്കാന ഗവർണറും, പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണർ പദവി വഹിക്കുകയും ചെയ്‌തിരുന്ന തമിഴിസൈ സൗന്ദരരാജൻ പദവി രാജിവെച്ചു. രണ്ട് സ്ഥാനങ്ങളും ഒഴിയുന്നതായി ഇന്ന് രാവിലെയാണ് അവർ പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയാണ് തമിഴിസൈ പദവികൾ രാജിവെച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
നേരത്തെ ഗവർണർ പദവി ഏറ്റെടുക്കും മുൻപ് തമിഴ്‌നാട്ടിലെ മുതിർന്ന ബിജെപി നേതാക്കളിൽ ഒരാളായിരുന്നു തമിഴിസൈ. 2019 നവംബറിൽ തെലങ്കാനയുടെ രണ്ടാമത്തെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റെടുത്ത സൗന്ദരരാജന് 2021 ഫെബ്രുവരിയിലാണ് പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറുടെ അധിക ചുമതലയും കൂടി നൽകിയത്.

ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇവർ പുതുച്ചേരിയിലെ ഏക ലോക്‌സഭാ സീറ്റിൽ ബിജെപിയ്ക്ക് വേണ്ടി കളത്തിൽ ഇറങ്ങുമെന്നാണ് സൂചന. നിലവിൽ കോൺഗ്രസിന്റെ കൈവശമാണ് ഈ സീറ്റുള്ളത്. ഇത് പിടിച്ചെടുക്കാനാണ് തമിഴ്‌നാട്ടിലെ ശക്തയായ ബിജെപി നേതാക്കളിൽ ഒരാളാണ് തമിഴിസൈയെ ബിജെപി കളത്തിൽ ഇറക്കുന്നതെന്നാണ് വിവരം. ഇതിന്റെ ആദ്യപടിയാണ് രാജി നടപടിയെന്നാണ് റിപ്പോർട്ട്.
പുതുച്ചേരിയിൽ ശക്തമായ സ്വാധീനമുള്ള നേതാവെന്ന നിലയിലാണ് അവരെ ബിജെപി പരിഗണിക്കുന്നത്. ഏത് വിധേനയും ഈ സീറ്റ് കോൺഗ്രസിൽ നിന്ന് പിടിച്ചെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. എന്നാൽ തമിഴ്‌നാട്ടിൽ ഡിഎംകെ നേതാവ് കനിമൊഴിയുടെ കൈവശമുള്ള തൂത്തുക്കുടി മണ്ഡലത്തിൽ തമിഴിസൈ സൗന്ദരരാജനെ മത്സരിപ്പിക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽ നിന്ന് തിമിഴിസൈ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 2009ൽ ചെന്നൈ സീറ്റിലും മത്സരിച്ചെങ്കിലും അവിടെയും പരാജയമായിരുന്നു ഫലം. കൂടാതെ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും അവർ മത്സരിച്ചെങ്കിലും ഒരു വട്ടം പോലും ജയിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് 2019ൽ തമിഴിസൈക്ക് തെലങ്കാന ഗവർണർ പദവി ലഭിക്കുന്നത്. മൂന്ന് വർഷമായി പുതുച്ചേരി ലെഫ്. ഗവർണർ പദവി കൈകാര്യം ചെയ്യുന്നതിനാൽ ഇവിടെ നിർണായക സ്വാധീനം ചെലുത്താൻ ഇവർക്കു കഴിയുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്.
അതേസമയം, ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ സമാന സാഹചര്യം ചൂണ്ടിക്കാട്ടി തെലങ്കാനയിലെ ഭരണകക്ഷി പലവട്ടം തമിഴിസൈക്ക് എതിരെ രംഗത്ത് വന്നിരുന്നു. ബില്ലുകൾ പാസാക്കാതിരിക്കുകയും സർക്കാർ പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുകയും ചെയ്‌തുവെന്നാണ് ബിആർഎസിന്റേയും, തുടർന്ന് അധികാരത്തിൽ വന്ന കോൺഗ്രസിന്റെയും ആക്ഷേപം. ഇതിനൊക്കെ ഒടുവിലാണ് അവർ നാലര വർഷത്തെ സേവനത്തിന് ഒടുവിൽ തെലങ്കാനയിൽ നിന്ന് വിടപറയുന്നത്.












Click it and Unblock the Notifications