സംസ്ഥാനത്തെ മന്ത്രിമാര്‍ക്ക് ഇനി ബുള്ളറ്റ് പ്രൂഫ് കാറുകള്‍!
ഹൈദരാബാദ്: സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നേ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പറയൂ. പിന്നെ എന്തിനാണ് മന്ത്രിമാര്‍ക്ക് ബുള്ളറ്റ് പ്രൂഫുകള്‍ എന്ന് ചോദിക്കരുത്. ചോദിച്ചാലും ഉത്തരം കിട്ടിയെന്ന് വരില്ല. അധികാരത്തിലെത്തി അധികമൊന്നും കഴിയുന്നതിന് മുമ്പേയാണ് തെലങ്കാനയില്‍ കാബിനറ്റ് മന്ത്രിമാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ പാസാക്കിക്കിയിട്ടിരിക്കുന്നത്.
മാവോയിസ്റ്റ് ആക്രമണം പേടിച്ചാണ് ഞായറാഴ്ച മന്ത്രിമാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വോട്ടെടുപ്പിലൂടെ പാസിക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാവോയിസ്റ്റ് ഭീഷണി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും തീരുമാനത്തിന് പിന്നിലുണ്ട് എന്ന് ആഭ്യന്തര മന്ത്രി നയനി നരസിംഹ റെഡ്ഡി പറഞ്ഞു. വിവിധ ജില്ലകളിലൂടെ മന്ത്രിമാര്‍ക്ക് സഞ്ചരിക്കേണ്ടി വരും. സ്വാഭാവികമായും സുരക്ഷയും വര്‍ദ്ധിപ്പിച്ചേ പറ്റൂ.

കാബിനറ്റ് മന്ത്രിമാര്‍ക്ക് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ അനുവദിക്കാനുള്ള നീക്കത്തിനെതിരെ രാഷ്ട്രീയ കക്ഷികള്‍ എതിര്‍പ്പുമായി രംഗത്തെത്തി. സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയില്ല എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. ഇപ്പോള്‍ അദ്ദേഹം അഭിപ്രായം മാറ്റിയോ. ഇല്ലെങ്കില്‍ പിന്നെന്തിനാണ് മന്ത്രിമാര്‍ക്ക് ബുളളറ്റ് പ്രൂഫ് കാറുകള്‍ - ബി ജെ പി വക്താവ് എം രഘുനന്ദന്‍ റാവു ചോദിച്ചു.
54 ലക്ഷം രൂപ വിലയുളള 30 ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്‌കോര്‍പിയോ കാറുകളാണ് മന്ത്രിമാര്‍ക്ക് വേണ്ടി വാങ്ങുന്നത്. 1.39 കോടിയുടെ രണ്ട് ടൊയോട്ട പ്രഡോ, 77.56 ലക്ഷത്തിന്റെ അഞ്ച് ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ ബുള്ളറ്റ് പ്രൂഫ് വണ്ടികളും സംസ്ഥാനം വാങ്ങും. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ അകമ്പടി വാഹനങ്ങളില്‍ മൂന്നെണ്ണം ബുള്ളറ്റ് പ്രൂഫ് വണ്ടികളായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications