തെലങ്കാനയിൽ തുരങ്കം തകർന്നുണ്ടായ അപകടം; 8 തൊഴിലാളികൾ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തത്തിന് സൈന്യം
ഹൈദരാബാദ്: തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങിപ്പോയ എട്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു. സൈന്യവും രക്ഷാപ്രവർത്തനത്തിന് ഒപ്പം ചേർന്നിരിക്കുകയാണ് ഇപ്പോൾ. രക്ഷാപ്രവർത്തനത്തിനായി സൈന്യം അവരുടെ എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സിനെ (ഇടിഎഫ്) രംഗത്തിറക്കി. ആധുനിക സാങ്കേതിക വിദ്യയിൽ സജ്ജീകരിച്ചിട്ടുള്ള ഇടിഎഫ് അപകടസ്ഥലത്ത് കാര്യമായ പ്രവത്തനമാണ് നടത്തുന്നത്.
ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്‌ഡി ആർഎഫ്) രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്. ഇന്നലെ തെലങ്കാനയിലെ നാഗർകുർണൂൽ ജില്ലയിൽ ഒരു ടണലിന്റെ മേൽക്കൂര തകർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. എട്ട് തൊഴിലാളികളാണ് അതിനുള്ളിൽ അകപ്പെട്ടിരിക്കുന്നത്.

ശ്രീശൈലത്തിൽ നിന്ന് ദേവരകൊണ്ട ഭാഗത്തേക്ക് പോകുന്ന ശ്രീശൈലം ഇടത് കര കനാൽ തുരങ്കത്തിന്റെ 14 കിലോമീറ്റർ ഇൻലെറ്റിലെ സീപേജ് അടയ്ക്കാൻ ഉപയോഗിച്ച കോൺക്രീറ്റ് സെഗ്‌മെന്റ് തെന്നി വീണതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തിന് പിന്നാലെ ഇവിടെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയ എട്ട് പേരിൽ രണ്ട് എഞ്ചിനീയർമാരും ഒരു യുഎസ് കമ്പനിയുടെ രണ്ട് ഓപ്പറേറ്റർമാരും ഉൾപ്പെടുന്നു, ബാക്കി നാല് പേർ ഉത്തർപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്‌മീർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിൽ സമാന സാഹചര്യം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയ സംഘത്തെ ഉൾപ്പെടെ എത്തിക്കുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.
അതിനിടെ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിളിച്ച് സംഭവത്തെക്കുറിച്ചും രക്ഷാപ്രവർത്തനത്തെക്കുറിച്ചും വിവരങ്ങൾ തേടിയിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിനും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനും കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിന് സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്‌ദാനം ചെയ്‌തു.
അപകടസ്ഥലത്ത് വൻതോതിൽ അവശിഷ്‌ടങ്ങൾ കുന്നുകൂടിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തകർ ഡ്രോൺ ഉപയോഗിച്ച് മുന്നോട്ട് പോകാനും അപകടസാധ്യതകൾ തിരിച്ചറിയാനും ശ്രമം തുടരുകയാണ്. കൽക്കരി ഖനിയിൽ നിന്നുള്ള 19 വിദഗ്‌ധരുടെ സംഘവും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരാൻ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
ശനിയാഴ്‌ച രാവിലെ, തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്തിടെ പുനരാരംഭിച്ചതിന് പിന്നാലെ 200 മീറ്റർ നീളമുള്ള ബോറിംഗ് മെഷീനുമായി 50ഓളം പേർ തുരങ്കത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തോടെ തുരങ്കത്തിനുള്ളിൽ 14 കിലോമീറ്റർ അകലെയായി തൊഴിലാളികൾ കുടുങ്ങി പോവുകയായിരുന്നു.












Click it and Unblock the Notifications