പസഫിക് സമുദ്രത്തിലെ താപനില കൂടി, എൽ നിനോ പണി തുടങ്ങി; ഇന്ത്യയിലെ മൺസൂണിനെയും ബാധിച്ചു..?
ന്യൂഡൽഹി: ഇന്ത്യയ്ക്ക് ആശങ്ക നൽകികൊണ്ട് തെക്കുപടിഞ്ഞാറൻ മൺസൂൺ കടുത്ത പ്രതിസന്ധി നേരിടുന്നതായി സൂചനകൾ. പസഫിക് സമുദ്രത്തിൽ മുൻകാലങ്ങളിൽ ഇല്ലാത്ത വിധം ശക്തമായ താപനില വർധനവ് രേഖപ്പെടുത്തുന്നതാണ് ഈ സാഹചര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. സമുദ്രോപരിതല താപനില അതിവേഗം ഉയരുന്ന പസഫിക് സമുദ്ര മേഖലയിലെ എൽ നിനോ പ്രതിഭാസം ഇന്ത്യയിൽ വൻ തോതിലുള്ള മഴക്കുറവിന് കാരണമാകുന്ന ആശങ്കയിലാണ് കാലാവസ്ഥാ നിരീക്ഷകർ.
കാർഷിക മേഖലയെയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ഒരുപോലെ സ്വാധീനിക്കുന്ന കാലവർഷത്തിന്റെ ഈ മന്ദഗതി അതീവ ജാഗ്രതയോടെയാണ് രാജ്യം നോക്കി കാണുന്നത്. സമുദ്രോപരിതലത്തെ ചൂടുപിടിപ്പിക്കുന്ന എൽ നിനോ പ്രവണതകൾ നിരീക്ഷിക്കുന്നതിനായി ശാസ്ത്രവിഭാഗങ്ങൾ പ്രധാനമായും ആശ്രയിക്കുന്ന ഒരു മേഖലയാണ് സെൻട്രൽ പസഫിക് സമുദ്രത്തിലെ നിനോ 3.4 സോൺ.

ഇവിടെ നിന്നും ലഭിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ ഇന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞരിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. ഈ പരിധിയിൽ സമുദ്രോപരിതല താപനില (എസ്‌എസ്‌ടി) തുടർച്ചയായ പതിനാറാം ദിവസവും പുതിയ പ്രതിദിന റെക്കോർഡുകൾ സ്ഥാപിച്ചു കൊണ്ട് വലിയ ഉയരങ്ങളിലേക്ക് കുതിച്ചുകയറുകയാണ്.
ക്ലൈമറ്റ് റീഅനലൈസറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, നോവ ഒഐഎസ്എസ്‌ടി നിരീക്ഷണങ്ങൾ വിലയിരുത്തുമ്പോൾ നിനോ 3.4 മേഖലയിലെ ശരാശരി താപനില ഇപ്പോൾ 29.32 ഡിഗ്രി സെൽഷ്യസാണ്. ഇത് സാധാരണ താപനിലയേക്കാൾ 1.6 ഡിഗ്രി മുതൽ 1.8 ഡിഗ്രി സെൽഷ്യസ് വരെ മുകളിലാണ്. അടിസ്ഥാന വിവരങ്ങളെ ആശ്രയിച്ചാണ് താപനിലയിലുള്ള ഈ വ്യതിയാനം കണക്കാക്കുന്നത്. മുൻ കാലയളവുകളേക്കാൾ ഉയർന്ന നിരക്കാണിത് എന്നത് ആശങ്ക ഉയർത്തുന്നു.
ചരിത്രത്തിലെ ഏറ്റവും ഭീകരമായ 2015-16 ലെ 'സൂപ്പർ എൽ നിനോ' കാലഘട്ടത്തിന്റെ തുടക്കത്തിൽ രേഖപ്പെടുത്തിയ സമുദ്രതാപനിലയ്ക്കൊപ്പമാണ് ഇപ്പോഴത്തെ താപനിലയുള്ളത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അക്കാലത്ത് വളരെ ചുരുങ്ങിയ സമയം മാത്രമാണ് താപനില ഈ ഉയർന്ന നിരക്കിൽ നിലനിന്നത്. എന്നാൽ, ഇപ്പോഴത്തെ സമുദ്ര താപനില ആ മുൻകാല റെക്കോർഡുകളെയെല്ലാം അതിവേഗം മറികടക്കുന്ന തരത്തിലാണ് മുന്നേറുന്നത്.
ഇന്ത്യ നേരിടുന്ന കാലാവസ്ഥാ ഭീഷണി
ഈ വർഷത്തെ താപനില ദീർഘകാല ശരാശരികളിൽ നിന്നും സമീപകാലത്തെ ഉയർന്ന റെക്കോർഡുകളിൽ നിന്നും വളരെ മുകളിലാണ്. സാധാരണയായി പസഫിക് മേഖലയിലെ താപനില വർഷത്തിന്റെ അവസാനത്തിൽ മാത്രം ഉയർന്ന ഘട്ടത്തിൽ മാത്രമാണ് എത്താറുള്ളതാണെങ്കിലും, ഇത്തവണ ഇപ്പോൾ തന്നെ താപനില എൽ നിനോ അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു.
പസഫിക് സമുദ്രത്തിന്റെ മധ്യഭാഗത്തും കിഴക്കൻ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലും അസാധാരണമാംവിധം സമുദ്രജലം ചൂടുപിടിപ്പിക്കുന്നതിനെയാണ് എൽ നിനോ എന്ന് വിശേഷിപ്പിക്കുന്നത്. ഈ അസാധാരണ പ്രതിഭാസം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കകളാണ് ഉയർത്തുന്നത്. ക്രമാതീതമായി ചൂടുപിടിച്ച പസഫിക് സമുദ്രത്തിലെ വെള്ളം അന്തരീക്ഷത്തിലെ വായുസഞ്ചാര പ്രവാഹങ്ങളെ കാര്യമായി ബാധിക്കുകയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കാറ്റിന്റെ ഗതിയെ സ്വാധീനിക്കുകയും ചെയ്യുന്നു.
പസഫിക്കിലുണ്ടാകുന്ന താപവ്യതിയാനം കാരണം വായുമണ്ഡലത്തിലെ സ്വാഭാവിക സമതുലിതാവസ്ഥ മാറുന്നു. ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മികച്ച രീതിയിൽ മഴ പെയ്യാൻ സഹായിക്കുന്ന 'വാക്കർ സർക്കുലേഷൻ' എന്ന ഉഷ്‌ണമേഖലാ കാറ്റിന്റെ ചലനത്തെ കടുത്ത രീതിയിൽ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇത് വായു പ്രവാഹത്തിന്റെ താളം തെറ്റിക്കുകയും മഴമേഘങ്ങളുടെ രൂപീകരണത്തെ അപ്പാടെ തടസപ്പെടുത്തുകയും ചെയ്യുന്നു.
ഈ അന്തരീക്ഷ വ്യതിയാനങ്ങളുടെ നേരിട്ടുള്ള ആഘാതം ഇപ്പോൾ തന്നെ ഇന്ത്യയിൽ പ്രകടമായിട്ടുണ്ട്. തുടക്കത്തിൽ രാജ്യത്തുടനീളം വലിയ പ്രതീക്ഷയോടെ ആരംഭിച്ച കാലവർഷത്തിന്റെ പുരോഗതി ഇപ്പോൾ പല സംസ്ഥാനങ്ങളിലും നിശ്ചലമായ അവസ്ഥയിലാണ്. പലയിടങ്ങളിലും മഴ പെയ്യുന്നത് വൻ തോതിൽ കുറയുകയാണ് ചെയ്‌തത്. ഇതിന്റെ ഫലമായി ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും സാധാരണയിലും അപ്പുറം വരണ്ട കാലാവസ്ഥയിലാണ് തുടരുന്നത്.
കൃഷിയെ സാരമായി ബാധിക്കും
മഴയെ മാത്രം പൂർണമായി ആശ്രയിച്ച് കൃഷി ചെയ്യുന്ന ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കർഷകരെയാണ് ഈ പ്രതികൂല സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുക. കൃത്യസമയത്ത് ലഭിക്കേണ്ട മഴയെ മുൻനിർത്തിയാണ് വിളവിറക്കാനുള്ള സമയക്രമങ്ങൾ ഉൾപ്പെടെ അവർ മുൻകൂട്ടി തീരുമാനിക്കുന്നത്. എന്നാൽ ഇതിൽ ഉണ്ടായിരിക്കുന്ന ഈ താളം തെറ്റൽ കർഷകരെ സാരമായി ബാധിക്കുകയും വിപണിയിൽ വരാനിരിക്കുന്ന വലിയ ആഘാതങ്ങളെക്കുറിച്ച് കടുത്ത ഭീതി ഉണർത്തുകയും ചെയ്യുന്നുണ്ട്.
'ഇന്ത്യൻ ഓഷ്യൻ ഡൈപോൾ' നൽകുന്ന പ്രതീക്ഷ
ഇത്രയൊക്കെ ആണെങ്കിലും പസഫിക് സമുദ്രത്തിലെ എൽ നിനോ പ്രതിഭാസം കൊണ്ട് മാത്രം ഇന്ത്യയിൽ പൂർണമായ വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ തറപ്പിച്ചു പറയുന്നില്ല. പസഫിക്കിലെ താപനില മാറ്റത്തിൽ നിന്നും വ്യത്യസ്‌തമായി ഇന്ത്യൻ മഹാസമുദ്രത്തിലെ സമാനമായ ഉഷ്‌ണവ്യതിയാന പ്രതിഭാസമായ 'ഇന്ത്യൻ ഓഷ്യൻ ഡൈപോൾ' പോലെയുള്ള മാറ്റങ്ങൾ ചിലപ്പോൾ എൽ നിനോയുടെ ആഘാതത്തെ തടയാൻ സഹായിക്കാറുണ്ട്. പ്രാദേശികമായ മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും എൽ നിനോ കാരണം ഉണ്ടാകുന്ന മഴക്കുറവിനെ ഒരു പരിധിവരെ പരിഹരിക്കാൻ സഹായിക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications