ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി.. രണ്ട് പേര്‍ കസ്റ്റഡിയില്‍, ജാഗ്രതാ നിര്‍ദേശം!!
Recommended Video
നെല്ലൂര്‍: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് ഭീകരാക്രമണ ഭീഷണി. നേരത്തെ ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇതിനിടെ ശ്രീഹരിക്കോട്ടയ്ക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് സംശയാസ്പദകരമായ സാഹചര്യത്തില്‍ കണ്ട രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മേഖലയില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. തീരദേശ സേന, മറൈന്‍ പോലീസ്, സിഐഎസ്എഫ് എന്നിവരുടെ നേതൃത്വത്തില്‍ കടലില്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് പരിശോധനം നടത്തുന്നത്. മത്സ്യബന്ധന ബോട്ടുകളെ അടക്കം നിരീക്ഷിക്കാനാണ് നിര്‍ദേശം.
അതേസമയം കസ്റ്റഡിയില്‍ എടുത്തവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വനപ്രദേശങ്ങളിലും തിരുപ്പതി ക്ഷേത്രത്തിലും മുന്‍കരുതലിന്റെ ഭാഗമായി പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. നേരത്തെ ഗുജറാത്തിലെ സര്‍ക്രീക്കില്‍ നിന്ന് ബോട്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബോട്ടുകള്‍, തീവ്രവാദികള്‍ വന്നതാവാമെന്ന നിഗമനത്തിലായിരുന്നു സൈന്യം. കേരളത്തിലും ഇതിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. തീവ്രവാദികള്‍ കടല്‍ മാര്‍ഗം എത്തുമെന്ന സൂചനയാണ് ഉണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് തന്ത്രപ്രധാന മേഖലയായ ശ്രീഹരിക്കോട്ടയില്‍ ഭീകരാക്രമണ ഭീഷണി ഉണ്ടായത്.












Click it and Unblock the Notifications