ജമ്മു കശ്‌മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനങ്ങൾക്ക് നേരെ ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു, നാല് പേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ആക്രമണത്തിൽ നാലോളം സൈനികര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ സുരാന്‍കോട്ടെ മേഖലയിൽ സനായി ഗ്രാമത്തില്‍ വെച്ചായിരുന്നു വാഹനവ്യൂഹത്തിലെ രണ്ട് വാഹനങ്ങള്‍ക്ക് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തത്.
പരിക്കേറ്റവരെ ഉദംപൂരിലെ കമാൻഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രാദേശിക രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് ആക്രമണം നടന്ന പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിന് നേതൃത്വം നൽകിയ ഭീകരർക്കെതിരെ സൈന്യവും പോലീസും സംയുക്ത ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് വ്യോമസേന അറിയിച്ചു.

ഈ വർഷം ആദ്യമായാണ് മേഖലയില്‍ സുരക്ഷാസേനയ്ക്ക് നേര്‍ക്ക് ഭീകരാക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞകൊല്ലം ഇവിടെ സുരക്ഷാസേനയ്ക്കു നേരെ മേഖലയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു എന്നതാണ് ശ്രദ്ധേയം.
"ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഷാസിതാറിന് സമീപം ഇന്ത്യൻ വ്യോമസേന വാഹനവ്യൂഹത്തിന് നേരെ ഭീകരർ ആക്രമണം നടത്തി. പ്രദേശത്ത് ഇപ്പോൾ പ്രാദേശിക സൈനിക യൂണിറ്റുകളുടെ വലയവും തിരച്ചിലും നടക്കുന്നുണ്ട്. വാഹനവ്യൂഹം സുരക്ഷിതമാക്കിയിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്," ഇന്ത്യൻ വ്യോമസേന ട്വീറ്റ് ചെയ്‌തു.
പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില തൃപ്‌തികരമാണ്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണം നടന്ന പ്രദേശത്ത് ഇന്ത്യൻ എയർഫോഴ്‌സ് ഗരുഡ് സ്‌പെഷ്യൽ ഫോഴ്‌സ് നിലയുറപ്പിച്ചിട്ടുണ്ട്. ഭീകരരെ വളയാനുള്ള ശ്രമത്തിലാണ് സുരക്ഷാ സേനയും പോലീസും.
ആക്രമണത്തിനു ശേഷമുള്ള ചിത്രങ്ങളിൽ വെടിവെപ്പ് നേരിട്ട വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ കുറഞ്ഞത് ഒരു ഡസൻ ബുള്ളറ്റ് പാടുകൾ എങ്കിലും കാണാമായിരുന്നു. ശക്തമായ ആക്രമണമാണ് ഭീകരർ വ്യോമസേനയുടെ വാഹനങ്ങൾക്ക് നേരെ അഴിച്ചു വിട്ടതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.
ആക്രമണം നടത്തിയ ശേഷം ഭീകരർ സമീപത്തെ വനങ്ങളിലേക്ക് രക്ഷപ്പെട്ടതായി കരുതുന്നു. അതേസമയം, സംശയാസ്‌പദമായ ചില നീക്കങ്ങളെക്കുറിച്ചുള്ള സൂചനകളെത്തുടർന്ന് വെള്ളിയാഴ്‌ച മുതൽ അർദ്ധസൈനിക സേനയുടെ സഹായത്തോടെ പോലീസ് പൂഞ്ചിലെ വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടെയാണ് ഈ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്.
അതേസമയം, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഗാർഖെ, രാഹുൽ ഗാന്ധി എന്നിവർ അക്രമത്തെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നു. ഭീരുത്വമുള്ള നടപടിയാണ് തീവ്രവാദികളുടെ ഭാഗത്ത് നിന്നുണ്ടായത് എന്നായിരുന്നു അവരുടെ ആക്ഷേപം. കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തോടൊപ്പം നിൽക്കുന്നുവെന്നും പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെയെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.












Click it and Unblock the Notifications