കാശ്മീരിൽ വീണ്ടും പ്രദേശവാസിക്ക് നേരെ ഭീകരാക്രമണം; കൊല്ലപ്പെട്ടത് ബാങ്ക് ജീവനക്കാരൻ
ദില്ലി; കാശ്മീരിൽ വീണ്ടും പ്രദേശവാസികൾക്ക് നേരെയുണ്ടായ ഭീകരാക്രമാണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുൽഗാമിൽ ബാങ്ക് ജീവനക്കാരനായ രാജസ്ഥാൻ സ്വദേശി വിജയകുമാറാണ് മരിച്ചത്.തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ മോഹന്‍ പോരയിലെ എല്ലക്വായ് ദേഹതി ബാങ്കിലാണ് രാജ്കുമാർ ജോലി ചെയ്യുന്നത്.

ദിവസങ്ങൾക്ക് മുൻപാണ് വിജയകുമാർ ബാങ്കിലേക്ക് സ്ഥലം മാറി വന്നത്. ഭീകരവാദികൾ വിജയകുമാറിന് നേർക്ക് വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പോലീസ് അറിയിച്ചു. മേഖലയിൽ തീവ്രവാദികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
അതേസമയം രാജസ്ഥാൻ സ്വദേശിയുടെ മരണത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചനം രേഖപ്പെടുത്തി. കശ്മീരിൽ സമാധാനം നിലനിർത്തുന്നതിൽ എൻ ഡി എ സർക്കാർ പരാജയപ്പെട്ടെന്നും പൗരൻമാരുടെ സുരക്ഷ സർക്കാർ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ നിരവധി പ്രദേശവാസികളാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗോപാല്‍പോറ മേഖലയില്‍ ഒരു അധ്യാപിക ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രജനി ബാല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ജമ്മു ഡിവിഷനിലെ സാംബയിലായിരുന്നു അവർ താമസിച്ചത്. അധ്യാപികയുടെ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ഒരു ടിക് ടോക് താരവും ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
അതിനിടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കശ്മീരി പണ്ഡിറ്റുകൾ പ്രതിഷേധം നടത്തുകയാണ്. കശ്മീരി പണ്ഡിറ്റായ രാഹുൽ ഭട്ട് കഴിഞ്ഞ മാസം ബുദ്ഗാമിലെ മജിസ്‌ട്രേറ്റ് ഓഫീസിനുള്ളിൽ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പണ്ഡിറ്റുകൾ പ്രതിഷേധം ആരംഭിച്ചത്.
കാശ്മീരിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കശ്മീരിൽ സാധാരണക്കാർ കൊല്ലപ്പെടുമ്പോൾ മോദി സർക്കാർ വാർഷികം ആഘോഷിക്കുന്ന തിരക്കിലാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. 'കഴിഞ്ഞ 5 മാസത്തിനിടെ 15 സുരക്ഷാ ഉദ്യോഗസ്ഥരും 18 സാധാരണക്കാരും കൊല്ലപ്പെട്ടു, കശ്മീരി പണ്ഡിറ്റുകൾ കഴിഞ്ഞ 18 ദിവസമായി പ്രതിഷേധിക്കുകയാണ്, എന്നാൽ മോദി ബി ജെ പി സർക്കാരിന്റെ 8 വർഷം ആഘോഷിക്കുന്ന തിരക്കിലാണ്',എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
കശ്മീർ താഴ്‌വരയിൽ ഒരു വർഷത്തിനിടെ 16 ആസൂത്രിത കൊലപാതകങ്ങൾ ഇതുവരെ നടന്നതായാണ് പോലീസ് കണക്കുകള്‍. അധ്യാപകർ, പോലീസ് ഉദ്യോഗസ്ഥർ, ഗ്രാമത്തലവന്മാർ ഉൾപ്പടെയുള്ളവരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടത്.
മേക്ക് ഓവറെന്ന് പറഞ്ഞാൽ ദാ ഇതാണ്..അതിഥി രവി തകർത്ത് കളഞ്ഞല്ലോ...വൈറലായി ഫോട്ടോകൾ












Click it and Unblock the Notifications