രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം
ദില്ലി; രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.8 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍. കഴിഞ്ഞ ആഴ്ച ഇത് 21.9 ശതമാനമായിരുന്നെന്നും ഇതാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള 11 സംസ്ഥാനങ്ങളാണ് ഉള്ളത്. 17 സംസ്ഥാനങ്ങളില്‍ സജീവ കേസുകള്‍ 50,000 ല്‍ കുറവാണ്.മഹാരാഷ്ട്ര, യുപി, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവങ്ങളില്‍ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. എന്നാൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടിൽ ഉണ്ടായ കേസുകളുടെ വർധനവ് ആശങ്ക ഉണ്ടാക്കുന്നതാണെന്നും അഗർവാൾ പറഞ്ഞു.

അതേസമയം നിലവിൽ പ്രതിമാസം 1.5 കോടി ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഉത്പാദനം പ്രതിമാസം 10 കോടി ഡോസായി ഉയർത്താനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും നീതി ആയോഗം അംഗം ഡോ വികെ പോൾ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരില്‍ 89 ശതമാനം പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയെന്നും മുൻനിര പ്രവർത്തകരിൽ 82 ശതമാനം പേർക്കാണ് വാക്സിൻ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 31,091പേരുടെ കുറവ് രേഖപ്പെടുത്തി.ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 36,73,802ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 15.07%ആണ്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 3,26,098 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.രാജ്യത്ത് ഇതുരെ 2,04,32,898 പേർ രോഗ മുക്തരായി. 83.83%ആണ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,53,299 പേർ രോഗ മുക്തരായിട്ടുണ്ട്.












Click it and Unblock the Notifications