കാട്ടിൽ കണ്ടെത്തിയ സ്യൂട്ട്കേസിലെ ശരീരഭാഗങ്ങൾ ശ്രദ്ധയുടേതോ? മാസങ്ങളുടെ പഴക്കം, പെട്ടിയിൽ വസ്ത്രങ്ങളും ബെൽറ്റും
ദില്ലി: ഹരിയാനയിലെ ഫരീദാബാദിലുളള വനപ്രദേശത്ത് നിന്നും കണ്ടെത്തിയ സ്യൂട്ട്‌കേസിലെ ശരീരഭാഗങ്ങള്‍ കൊല്ലപ്പെട്ട മുംബൈ സ്വദേശിനി ശ്രദ്ധ വാള്‍ക്കറുടേത് എന്ന് സംശയം. ഫരീദാബാദിലെ വനപ്രദേശത്ത് നിന്നാണ് ശരീരഭാഗങ്ങള്‍ ഉളള സ്യൂട്ട് കേസ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. 27കാരിയായ ശ്രദ്ധ വാള്‍ക്കറെ ലിവ് ഇന്‍ പങ്കാളിയായ അഫ്താബ് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കാട്ടില്‍ പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.

ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ മുഴുവനായി കണ്ടെടുക്കാനായിട്ടില്ല. അതിനിടെയാണ് ശരീരഭാഗങ്ങള്‍ അടങ്ങിയ സ്യൂട്ട് കേസ് ലഭിച്ചിരിക്കുന്നത്. സൂരജ്ഖുണ്ഡ് വനപ്രദേശത്ത് നിന്നും ശരീരഭാഗങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഫരീദാബാദ് പോലീസ് ദില്ലി പോലീസിനെ വിവരം അറിയിച്ചു. ചാക്കിലും പ്ലാസ്റ്റിക് ബാഗിലുമായി പൊതിഞ്ഞ നിലയിലായിരുന്നു ശരീരഭാഗങ്ങളെന്ന് പോലീസ് പറയുന്നു. സ്യൂട്ട് കേസില്‍ നിന്ന് ഒരു ബെല്‍റ്റും വസ്ത്രങ്ങളും കൂടി ലഭിച്ചിട്ടുണ്ട്.

മറ്റെവിടെയോ വെച്ച് കൊലപ്പെടുത്തിയ ശേഷം ആളെ തിരിച്ചറിയാതിരിക്കാന്‍ ശരീര ഭാഗങ്ങള്‍ വെട്ടി നുറുക്കിയ ശേഷം ഉപേക്ഷിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനമെന്ന് ഫരീദാബാദ് പോലീസ് പറഞ്ഞു. ഫരീദാബാദ് പോലീസ് നല്‍കിയ വിവരം അനുസരിച്ച ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസ് അന്വേഷിക്കുന്ന സൗത്ത് ദില്ലി മെഹ്‌റൗളി പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഈ ശരീരഭാഗങ്ങള്‍ ശ്രദ്ധയുടേത് തന്നെയാണ് എന്നാണ് പോലീസ് സംശയിക്കുന്നത്.

സ്യൂട്ട് കേസിനുളളിലെ ശരീരഭാഗങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സൂചന. മാത്രമല്ല ഈ ശരീര ഭാഗങ്ങള്‍ വെച്ച് പുരുഷനാണോ സ്ത്രീ ആണോ കൊല്ലപ്പെട്ട വ്യക്തി എന്ന് നിലവില്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ശരീര ഭാഗങ്ങള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിന് വിട്ടിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ദില്ലി പോലീസ് ഡിഎന്‍എ പരിശോധന നടത്താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് വേണ്ടി സാംപിളുകള്‍ ഫരീദാബാദ് പോലീസ് സൂക്ഷിക്കും.

ദില്ലിയെ നടുക്കിയതാണ് ശ്രദ്ധ വാള്‍ക്കര്‍ കൊലപാതകം. ശ്രദ്ധയെ പങ്കാളിയായ അഫ്താബ് അമീന്‍ പൂനവാല കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം വെട്ടി നുറുക്കി 35 കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു. വിവാഹത്തിന് ശ്രദ്ധ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അഫ്താബ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

ഒരു ഡേറ്റിംഗ് ആപ്പിലൂടെയാണ് അഫ്താബും ശ്രദ്ധയും പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. ഇരുവരും മുംബൈയിലെ കോള്‍ സെന്റര്‍ ജീവനക്കാരായിരുന്നു. ശ്രദ്ധയുടെ കുടുംബം ഈ ബന്ധത്തെ അനുകൂലിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ദില്ലിയിലേക്ക് താമസം മാറി. തന്നെ അഫ്താബ് മര്‍ദ്ദിക്കുന്നതായി 2020ല്‍ ശ്രദ്ധ പരാതി നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തിരുന്നു. മെയ് 18നാണ് ശ്രദ്ധ വാള്‍ക്കര്‍ ദില്ലിയിലെ ഫ്‌ളാറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications