സുപ്രീംകോടതി ഉത്തരവ് പാലിച്ചില്ല; തിരുപ്പരന്‍കുണ്ട്രത്ത് എല്ലാം പതിവ് പോലെ, സ്റ്റാലിന്റെ വഴിയേ വിജയ്
ദര്‍ഗക്ക് സമീപമുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കണം എന്ന സുപ്രീംകോടതി ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ നടപ്പാക്കിയില്ല. തിരുപ്പരന്‍കുണ്ട്രത്ത് പതിവ് പോലെ ഉച്ചപ്പിള്ളയാര്‍ ക്ഷേത്രത്തിന് മുകളില്‍ ദീപം തെളിയിച്ചു. സുപ്രീംകോടതിയും മദ്രാസ് ഹൈക്കോടതിയും നല്കിയ നിര്‍ദേശങ്ങള്‍ വിജയ് സര്‍ക്കാര്‍ പാലിച്ചില്ല. എംകെ സ്റ്റാലിന്റെ ഡിഎംകെ സര്‍ക്കാര്‍ കഴിഞ്ഞ തവണ സ്വീകരിച്ചതിന് സമാനമായ നടപടിയാണ് ഇത്തവണ വിജയ് സര്‍ക്കാരും സ്വീകരിച്ചത്.
ബിജെപിയുടെയും ഹിന്ദു മുന്നണിയുടെയും നേതാക്കളെ പോലീസ് തമിഴ്നാടിന്റെ പല ഭാഗങ്ങളിലും വച്ച് കസ്റ്റഡിയിലെടുത്തിരുന്നു. തിരുപരന്കുണ്ട്രത്തേക്ക് പുറപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രനെ തിരുനല്‍വേലിയില്‍ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എല്‍ മുരുകനെ കോയമ്പത്തൂരില്‍ വച്ചും. ഹിന്ദുത്വ നേതാക്കളും പ്രവര്‍ത്തകരും ക്ഷേത്ര പരിസരത്ത് എത്തുന്നതോടെ സംഘര്‍ഷ സാധ്യതയുണ്ടെന്ന് കണ്ട് മധുരയിലെ ക്ഷേത്ര പരിസരത്ത് നിരോധനജ്ഞ പുറപ്പെടുവിച്ചിരുന്നു. അതേസമയം, ആയിരക്കണക്കിന് ഭക്തര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

എല്ലാ വര്‍ഷവും കാര്‍ത്തിക ദീപം തെളിയിക്കുന്നത് തിരുപ്പരന്കുണ്ട്രം മലയിലെ ഉച്ചി പിള്ളയാര്‍ ക്ഷേത്രത്തിന് മുകളിലാണ്. ഇത്തവണയും അതുപോലെ തന്നെ നടന്നു. എന്നാല്‍ അതിനും മുകളിലുള്ള ദര്‍ഗയോട് ചേര്‍ന്ന കല്‍ത്തൂണില്‍ ദീപം തെളിക്കണം എന്നായിരുന്നു ബിജെപി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രീംകോടതി നിയന്ത്രണത്തോടെ അനുമതി നല്‍കുകയും ചെയ്തു.
വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അവധി ആയതിനാല്‍ പരിഗണിച്ചിട്ടില്ല. സുപ്രീംകോടിയുടെ ഉത്തരവ് പാലിക്കണം എന്ന് മദ്രാസ് ഹൈക്കോടതി വിജയ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ ജിആര്‍ സ്വാമിനാഥന്, എംഡി സുമതി എന്നിവര്‍ ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിന് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിജയ് സര്‍ക്കാരിനെതിരെ ഹൈക്കോടതിയും സുപ്രീംകോടതിയും എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി അറിയേണ്ടത്. വിജയ് സര്‍ക്കാര്‍ കോടതി നിര്‍ദേശം ലംഘിച്ചുവെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ക്ഷേത്ര പരിസരത്ത് ചില ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. സ്റ്റാലിന് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്ന കല്‍ത്തൂണിലെ ദീപം തെളിയിക്കലിന് തങ്ങള്‍ അനുമതി നല്കിയാല് രാഷ്ട്രീയമായി തിരിച്ചടി ലഭിക്കുമെന്നത് കൂടിയാണ് വിജയ് സര്‍ക്കാരിന്റെ നിലപാടിന് കാരണം എന്നും വിലയിരുത്തലുണ്ട്.




Click it and Unblock the Notifications
