ഇത് അഹങ്കാരം, വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുകയാണ്'; തുറന്നടിച്ച് ധർമേന്ദ്ര പ്രധാൻ, മറുപടിയുമായി സ്റ്റാലിൻ
ത്രിഭാഷ നയത്തിനെതിരെ തമിഴ്നാട്ടിലെ ഡിഎംകെ സർക്കാർ ഉയർത്തുന്ന പ്രതിഷേധത്തിനെതിരെ ലോക്സഭയിൽ ആഞ്ഞടിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഡി എം കെയ്ക്ക് തമിഴ് വിദ്യാർത്ഥികളോട് പ്രതിബദ്ധത ഇല്ലെന്നും അവർ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുകയാണെന്നും കേന്ദ്രമന്ത്രി തുറന്നടിച്ചു.
'ഡി എം കെ സത്യസന്ധത ഇല്ലാത്തവരാണ്. അവർക്ക് തമിഴ്നാട്ടിലെ വിദ്യാർത്ഥികളോട് പ്രതിബദ്ധത ഇല്ല, അവർ വിദ്യാർത്ഥികളുടെ ഭാവി നശിപ്പിക്കുകയാണ്. ഭാഷാ തടസം ഉയർത്തുകയെന്നതാണ് അവരുടെ ഒരു ജോലി, അവർ രാഷ്ട്രീയം കളിക്കുകയാണ്, ജനാധിപത്യവിരുദ്ധരാണ്', ധർമേന്ദ്ര പ്രധാൻ ലോക്സഭയിൽ പറഞ്ഞു. മുൻപ് ത്രിഭാഷ നയം ഡി എം കെ അംഗീകരിച്ചിരുന്നതാണെന്നും എന്നാൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വൈകാരികമായി ഈ വിഷയം ഉയർത്തുകയായിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ ആരോപിച്ചു.

അതേസമയം കേന്ദ്രമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ഉയർത്തിയതോടെ ഏകദേശം 30 മിനിറ്റോളം സഭ പിരിഞ്ഞു. അതിനിടെ കേന്ദ്രമന്ത്രിയുടെ വിമർശനത്തിന് നിമിഷങ്ങൾക്കുള്ളിൽ തന്നെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മറുപടി നൽകി. സ്വയം രാജാവാണെന്നാണ് കേന്ദ്രമന്ത്രി കരുതുന്നതെന്ന് എംകെ സ്റ്റാലിൻ പരിഹസിച്ചു.
'അദ്ദേഹം സ്വയം കരുതുന്നത് രാജാവാണെന്നാണ്. നിങ്ങൾ തമിഴ്നാട്ടിലെ ജനങ്ങളെ അവഹേളിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് അംഗീകരിക്കുന്നുണ്ടോ? ഞങ്ങൾ ഒരിക്കലും നിങ്ങളുടെ പദ്ധതികൾ നടപ്പിലാകാൻ തീരുമാനിച്ചിട്ടില്ല, ആർക്കും ഞങ്ങളെ നിർബന്ധിക്കാൻ സാധിക്കുകയും ഇല്ല', സ്റ്റാലിൻ എക്സിൽ കുറിച്ചു.
ത്രിഭാഷ നയം നടപ്പിലാക്കിയില്ലെങ്കിൽ തമിഴാനാടിന് ആവശ്യമായ വിദ്യാഭ്യാസ ഫണ്ട് നൽകില്ലെന്ന ധർമേന്ദ്ര പ്രധാന്റെ ഭീഷണിയെ കുറിച്ചും പ്രധാനമന്ത്രി മറുപടി പറയണമെന്ന് സ്റ്റാലിൻ പറഞ്ഞു.തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്കുള്ള ഫണ്ട് ഞങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിയിൽ നിന്നും അനുവദിക്കാൻ കഴിയുമോയെന്നും സ്റ്റാലിൻ ചോദിച്ചു. അതിനിടെ ത്രിഭാഷ നയം എതിർക്കുന്ന ഡി എം കെയെ വിമർശിച്ച് തമിഴ്നാട്ടിൽ നിന്നുള്ള കൂടുതൽ ബി ജെ പി നേതാക്കൾ രംഗത്തെത്തി. സമ്പന്ന കുടുംബങ്ങളിൽ പെടുന്ന വിദ്യാർത്ഥികൾക്ക് മൂന്ന് ഭാഷ പഠിക്കാൻ കഴിയുമെന്നിരിക്കെ ദരിദ്ര വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് മൂന്നാം ഭാഷ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഡി എം കെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മുൻ തമിഴ്നാട് ഗവർണർ ശോഭ കരന്തലജെ വിമർശിച്ചു.












Click it and Unblock the Notifications