ഇന്നലെ ഏറ്റുമുട്ടി; പിന്നാലെ ദെരക് ഒബ്രിയാനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ധന്‍ഖര്‍
ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം പി ദെരക് ഒബ്രിയനെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മണ്‍സൂണ്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവ് വരെയാണ് സസ്‌പെന്‍ഷന്‍. മണിപ്പൂര്‍ വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിനെ അനുസരിച്ചില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. അംഗത്തിന് അനുചിതമായ പെരുമാറ്റം ഒബ്രിയനില്‍ നിന്നുണ്ടായി എന്ന് ധന്‍ഖര്‍ പറഞ്ഞു.
സഭാനടപടികള്‍ തുടര്‍ച്ചയായി ശല്യപ്പെടുത്തുകയും ചെയറിനെ അനുസരിക്കാതിരിക്കുകയും സഭയില്‍ തുടര്‍ച്ചയായി ബഹളമുണ്ടാക്കുകയും ചെയ്തതിനാണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത് എന്ന് പ്രമേയം അവതരിപ്പിച്ച് കൊണ്ട് സഭാ നേതാവും മന്ത്രിയുമായ പിയൂഷ് ഗോയല്‍ പറഞ്ഞു. ഇതോടെ തൃണമൂല്‍ കോണ്‍ഗ്രസ് എം പിമാര്‍ മുദ്രാവാക്യം വിളിച്ച് രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 11 ന് ആണ് അവസാനിക്കുന്നത്. ഇതുവരെയാണ് ദെരക് ഒബ്രിയാനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെയും ചെയറും ഒബ്രിയാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ജനശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും നിങ്ങളുടെ തന്ത്രത്തിന്റെ ഭാഗമാണിതെന്നുമായിരുന്നു ഒബ്രിയാന്റെ വിമര്‍ശനങ്ങളോട് ചെയര്‍ പ്രതികരിച്ചത്.
ഇത് രാജ്യസഭയെ നശിപ്പിക്കുകയാണെന്നും ജഗദീപ് ധന്‍ഖര്‍ ഇന്നലെ പറഞ്ഞിരുന്നു. അതേസമയം മണിപ്പുര്‍ കലാപത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തില്‍ ലോക്‌സഭയില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. 12 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് കോണ്‍ഗ്രസ് എം പി ഗൗരവ് ഗൊഗോയ് ആണ്. നേരത്തെ രാഹുല്‍ പ്രമേയം അവതരിപ്പിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിലെത്തില്ല. അവിശ്വാസപ്രമേയത്തില്‍ വ്യാഴാഴ്ച പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കും. പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതേസമയം പ്രതിപക്ഷം പുതിയ ഐക്യനിരയായ ഇന്ത്യയുടെ കീഴില്‍ ആണ് അണിനിരക്കുന്നത.്
ഇന്ത്യാസഖ്യത്തിന്റെ 20 എം പിമാര്‍ അടങ്ങുന്ന പ്രതിനിധി സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഭയാനകമായ സാഹചര്യമാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നത് എന്ന് പ്രതിനിധി സംഘം പറഞ്ഞിരുന്നു. വിഷയത്തില്‍ ഇന്ത്യാ സഖ്യത്തിലെ എം പിമാര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് നിവദേനം നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications