പുകവലി ആരോഗ്യത്തിന് മാത്രമല്ല കീശയ്ക്കും ഹാനികരമാവും; ഫെബ്രുവരി 1 മുതൽ കുത്തനെ വില കൂടും!
ന്യൂഡൽഹി: പുകയില ഉത്പന്നങ്ങൾക്കും പാൽ മസാലയ്ക്കും അധിക നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ. ഫെബ്രുവരി ഒന്നു മുതൽ പുതിയ നികുതികൾ പ്രാബല്യത്തിൽ വരും. നിലവിൽ ഈ ഉത്പന്നങ്ങൾക്ക് ഈടാക്കുന്ന കോമ്പൻസേഷൻ സെസ്സിന് പകരമായാണ് പുതിയ നികുതികൾ ഏർപ്പെടുത്തുന്നത്.
പുതിയ ചട്ടമനുസരിച്ച്, പാൽ മസാല, സിഗരറ്റ്, പുകയില, സമാന ഉത്പന്നങ്ങൾ എന്നിവയ്ക്ക് 40 ശതമാനം ചരക്കു സേവന നികുതി ജിഎസ്‌ടി ബാധകമാകും. അതേസമയം, ബീഡിക്ക് 18 ശതമാനം ജിഎസ്‌ടി ആയിരിക്കും. ഈ ജിഎസ്‌ടി നിരക്കിന് പുറമേ, പാൽ മസാലയ്ക്ക് 'ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ്സും' പുകയില ഉത്പന്നങ്ങൾക്ക് അധിക എക്സൈസ് ഡ്യൂട്ടിയും ചുമത്തും.

ച്യൂയിംഗ് ടൊബാക്കോ, ജാർഡ സെന്റഡ് ടൊബാക്കോ ആൻഡ് ഗുഡ്ക്ക പാക്കിംഗ് മെഷീൻസ് (കപ്പാസിറ്റി ഡിറ്റർമിനേഷൻ ആൻഡ് കളക്ഷൻ ഓഫ് ഡ്യൂട്ടി) റൂൾസ്, 2026-ഉം കേന്ദ്ര ധനകാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്‌തു. ഈ നികുതികൾ ചുമത്താൻ അനുമതി നൽകുന്ന രണ്ട് ബില്ലുകൾ കഴിഞ്ഞ ഡിസംബറിൽ പാർലമെന്റ് അംഗീകരിച്ചിരുന്നു. ഫെബ്രുവരി ഒന്നു മുതൽ നിലവിലുള്ള ജിഎസ്‌ടി കോമ്പൻസേഷൻ സെസ് പൂർണമായും നിർത്തലാക്കും.
പാന്‍ മസാല നിർമ്മാണത്തിന് പുതിയ ഹെൽത്ത് ആൻഡ് നാഷണൽ സെക്യൂരിറ്റി സെസ്സും പുകയില ഉൽപ്പന്നങ്ങൾക്ക് അധിക എക്‌സൈസ് തീരുവയും ചുമത്തുന്നതിനുള്ള തീയതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഡിസംബറിൽ പാർലമെന്റംഗീകരിച്ച രണ്ട് ബില്ലുകളെ തുടർന്നാണ് ഈ നിർണായക നീക്കം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
പുതിയ നികുതി ഘടന വരുന്നതോടെ പുകയില, പാന്‍ മസാല എന്നിവയുടെ നിലവിലുള്ള ജിഎസ്‌ടി കോമ്പന്‍സേഷന്‍ സെസ് 2026 ഫെബ്രുവരി ഒന്ന് മുതല്‍ ഇല്ലാതാകും. ജിഎസ്‌ടി നടപ്പാക്കിയ ശേഷം സംസ്ഥാനങ്ങളിലെ വരുമാന നഷ്‌ടം നികത്താനായിരുന്നു ഈ സെസ് നേരത്തെ ഏർപ്പെടുത്തിയിരുന്നത്. അതാണ് ഇപ്പോൾ പിൻവലിക്കുന്നത്.
കോമ്പൻസേഷൻ സെസ്സ് മാറ്റി, സെസ്സും എക്‌സൈസ് തീരുവയും ചേർത്തൊരു നികുതി ചട്ടക്കൂടാണ് കേന്ദ്രം ഇപ്പോൾ ഒരുക്കുന്നത്. പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കരുതുന്ന ഉൽപ്പന്നങ്ങളിൽ ഉയർന്ന നികുതിഭാരം നിലനിർത്താനാണ് ഈ നീക്കം. ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ ഉൽപാദകർ, ഉൽപ്പന്നങ്ങളുടെ വിലനിർണ്ണയം, ഉപഭോഗ രീതികൾ എന്നിവയെ കാര്യമായി ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications