ബെംഗളൂരു നൈസ് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തണം; ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി
ബെംഗളൂരു: കർണാടക ഹൈക്കോടതിയുടെ പരാമർശം ചൂണ്ടിക്കാട്ടി ബെംഗളൂരുവിലെ നൈസ് റോഡിലെ ടോൾ പിരിവ് ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്ത്. മുഖ്യമന്ത്രി ഡികെ ശിവകുമാറിനോനോടാണ് കുമാരസ്വാമി ഈ ആവശ്യം ഉന്നയിച്ചത്. നൈസ് റോഡ് വിഷയത്തിൽ നേരത്തെയും കുമാരസ്വാമി സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.
നൈസ് റോഡ് എന്നറിയപ്പെടുന്ന ബെംഗളൂരു-മൈസൂരു അടിസ്ഥാന സൗകര്യ ഇടനാഴി പദ്ധതിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡി കുമാരസ്വാമിയുടെ ആവശ്യം. പദ്ധതിയുടെ കരാർ വ്യവസ്ഥകൾ പാലിച്ചില്ലെന്നതടക്കമുള്ള വിഷയങ്ങൾ ഹൈക്കോടതിയുടെ പരിഗണനയിലുമുണ്ട്. അതിനിടയിലാണ് കേന്ദ്രമന്ത്രി നേരിട്ട് കത്തയച്ചിരിക്കുന്നത്. ഇതോടെ വിഷയത്തിൽ കർണാടക സർക്കാർ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.

ഓഗസ്‌റ്റ് 15ന് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ നിയമവിരുദ്ധമായ ടോൾ പിരിവ് ഉടൻ നിർത്തുകയും നിയമം കൊണ്ടുവന്ന് പദ്ധതി സർക്കാർ ഏറ്റെടുക്കുകയും വേണം എന്നായിരുന്നു കുമാരസ്വാമി ആവശ്യപ്പെട്ടത്. ഈ വർഷം ജൂലൈയിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ബെംഗളൂരു-മൈസൂരു അടിസ്ഥാന സൗകര്യ ഇടനാഴി പദ്ധതി സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതികളിലൊന്നായി തോന്നുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.
സ്വതന്ത്രമായ വിലയിരുത്തലിനും അന്വേഷണത്തിനും അനുയോജ്യമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നൈസ് റോഡിലെ ടോൾ പിരിവ് നിർത്തണമെന്ന ആവശ്യം ശക്തമായത്. പദ്ധതിയുടെ ചട്ടക്കൂട് കരാറും സാങ്കേതിക കരാറും പാലിച്ചില്ലെന്നും ടോൾ ഈടാക്കുന്ന റോഡുകൾ ആവശ്യമായ രീതിയിൽ കോൺക്രീറ്റ് ചെയ്‌തില്ലെന്നും ടോൾ നിരക്ക് നിയമവിരുദ്ധമായി വർധിപ്പിച്ചെന്നും ഉൾപ്പെടെ നിരവധി ക്രമക്കേടുകൾ കുമാരസ്വാമി ചൂണ്ടിക്കാട്ടി.
പദ്ധതിയുമായി ബന്ധപ്പെട്ട കോടതിയുടെ നിരീക്ഷണവും അദ്ദേഹം കത്തിൽ പരാമർശിച്ചു. കർഷകരിൽ നിന്ന് ഭൂമിയും തലമുറകളുടെ ഉപജീവനമാർഗവും നിയമപ്രകാരം നൽകേണ്ട നഷ്‌ടപരിഹാരം നൽകാതെ നഷ്‌ടപ്പെടുത്തിയെന്ന ഗുരുതരമായ പരാമർശവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായതായി കുമാരസ്വാമി ചൂണ്ടിക്കാട്ടി.
ഹൈക്കോടതിക്ക് പുറമെ സുപ്രീം കോടതിയും മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയും പദ്ധതി നടപ്പാക്കുന്നതിൽ നൈസ് കമ്പനി വ്യവസ്ഥകൾ ലംഘിച്ചതും വീഴ്‌ചകൾ വരുത്തിയതും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും കുമാരസ്വാമി പറയുന്നു. അതിനിടെ കുമാരസ്വാമിയുടെ കത്തിനെക്കുറിച്ച് തനിക്ക് അറിയാമെന്നും എന്നാൽ കത്ത് ഇതുവരെ വിശദമായി പരിശോധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഡികെ ശിവകുമാർ ഇതിനോട് പ്രതികരിച്ചു.




Click it and Unblock the Notifications