ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്‌നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!
ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് എക്കാലവും വലിയ വെല്ലുവിളിയായി തന്നെ തുടരുകയുമാണ്. അതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ് ഇപ്പോൾ അധികൃതർ ഒരുക്കുന്നത്. ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി മെഹ്ക്രി സർക്കിളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും 420 കോടി രൂപയുടെ ഒരു ഫ്ലൈഓവർ പദ്ധതിയിടുന്നു എന്നതാണ് ചൂടേറിയ വാർത്ത.
ഹെബ്ബാൾ ഫ്ലൈഓവറിന്റെ പുതിയ റാമ്പ് തുറന്നതോടെ മെഹ്ക്രി സർക്കിളിൽ ഗതാഗത തിരക്ക് വർധിച്ചതാണ് പദ്ധതിക്ക് കാരണം. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി സുഗമമായ ഗതാഗതം ഉറപ്പാക്കുകയാണ് ലക്ഷ്യം. ബിഡിഎ ഈ ഗതാഗതക്കുരുക്കിന് നാലുവരി ഹൈടെക് എലവേറ്റഡ് കോറിഡോർ നിർമ്മിച്ച് പരിഹാരം കാണുമെന്നാണ് അറിയിച്ചിരിക്കുന്നത്.

420 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി നഗരത്തിലെ വടക്കോട്ടുള്ള ഗതാഗത പ്രശ്‌നങ്ങൾക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമെന്ന നിലയിൽ ശ്രദ്ധേയമായ ഒരു വികസനമാണ്. നിർമ്മാണം വേഗത്തിലാക്കാൻ ബിഡിഎ മാർച്ച് 26-ന് ടെൻഡറുകൾ ക്ഷണിച്ചു. ഇത് നാല് മാസത്തിനിടെ രണ്ടാം തവണയാണ്, കഴിഞ്ഞ ഡിസംബറിൽ ഫ്ലൈഓവറും ഒരു ചെറിയ തുരങ്കവും ഉൾപ്പെട്ട സംയോജിത പദ്ധതിക്ക് മുമ്പ് ടെൻഡർ ക്ഷണിച്ചിരുന്നു.
1.6 കിലോമീറ്റർ നീളമുള്ള ഈ ഫ്ലൈഓവർ വെറ്ററിനറി കോളേജിന് എതിർവശത്തുള്ള യുഎഎസ് സ്‌റ്റാഫ് ക്വാർട്ടേഴ്‌സിനടുത്ത് നിന്ന് ആരംഭിച്ച് മെഹ്ക്രി സർക്കിളിൽ എത്തും. അവിടെ വിവിധ ദിശകളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കാൻ ഒരു എലവേറ്റഡ് റോട്ടറി ജംഗ്ഷൻ ഉണ്ടാകും. ഫ്ലൈഓവറിന് രണ്ട് താഴ്ന്ന റാമ്പുകളുണ്ടാകും.
ഒന്ന് സി.വി. രാമൻ റോഡ് വഴി യശ്വന്ത്പൂരിലേക്കും, മറ്റൊന്ന് ജയമഹലിലേക്കും നയിക്കും. ഇത് ഭാവി ഗതാഗത കോറിഡോറുകൾക്ക് അനുയോജ്യമാകും. ബിഡിഎ ഉദ്യോഗസ്ഥർ ഫ്ലൈഓവറിന്റെ രൂപകൽപ്പന കിഴക്ക്-പടിഞ്ഞാറ് എലവേറ്റഡ് കോറിഡോറുമായി യോജിക്കുന്നതായി സ്ഥിരീകരിച്ചതോടെ യാത്രക്കാർ അത് കൂടുതൽ ആശ്വാസം നൽകുമെന്ന് ഉറപ്പാണ്.
എന്തെന്നാൽ ഇത് ദീർഘകാല ഗതാഗത പദ്ധതികളുമായി പൊരുത്തപ്പെടും. ബിഡിഎ അസിസ്‌റ്റന്റ് എഞ്ചിനീയർ രഞ്ജൻ എം പദ്ധതി 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് അറിയിച്ചു. രാമൻ റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കവാടത്തിനടുത്തുള്ള തിരക്ക് ഒഴിവാക്കാൻ യശ്വന്ത്പൂർ റാമ്പിന്റെ വിന്യാസം അടുത്തിടെ പരിഷ്‌കരിച്ചിരുന്നു.
സ്വകാര്യ ഭൂമി ഏറ്റെടുക്കൽ ഒഴിവാക്കും
ഈ പദ്ധതിക്ക് സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതില്ല എന്നത് ഒരു പ്രധാന നേട്ടമാണ്. മാത്രമല്ല പദ്ധതിയുടെ നടത്തിപ്പിനായി ബല്ലാരി റോഡിന് ഇരുവശത്തുമുള്ള എയർഫോഴ്‌സ് ട്രെയിനിംഗ് കമാൻഡ്, പാരാച്യൂട്ട് റെജിമെന്റ് എന്നിവയുൾപ്പെടെയുള്ള പ്രതിരോധ സ്ഥാപനങ്ങളിൽ നിന്ന് ബിഡിഎ ആവശ്യമായ അനുമതികൾ നേടിയിട്ടുണ്ട്.
മെഹ്ക്രി സർക്കിളിൽ നിലവിൽ രണ്ട് ഗ്രേഡ് സെപ്പറേറ്ററുകളുണ്ട്. പുതിയ ഫ്ലൈഓവർ ഇവയ്ക്ക് അനുപൂരകവും, ഹെബ്ബാളിൽ നിന്ന് ആസൂത്രണം ചെയ്‌ത തുരങ്കവുമായി സംയോജിപ്പിച്ചും പ്രവർത്തിക്കും. നഗരത്തിലെ ഏറ്റവും തിരക്കേറിയ കവലകളിലൊന്നിലെ ഗതാഗതക്കുരുക്കിന് ഇത് ബഹുതല പരിഹാരമാകുമെന്നാണ് വിലയിരുത്തുന്നത്.
ഹെബ്ബാൾ മുതൽ മെഹ്ക്രി സർക്കിൾ വരെ യാത്ര ചെയ്യുന്നവർക്ക് വർഷങ്ങളായി തിരക്കേറിയ സമയങ്ങളിൽ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടി വന്നിരുന്നു. പുതിയ റാമ്പ് ഇപ്പോൾ ഉപയോഗത്തിൽ വന്നതോടെ ഈ ദുരിതയാത്രക്ക് പരിഹാരമായെങ്കിലും ആകെ ഗതാഗത കുരുക്ക് വീണ്ടും മുറുക്കിയിരിക്കുകയാണ്. അതിനെ മറികടക്കാനാണ് പുതിയ നീക്കം.












Click it and Unblock the Notifications