ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ
ബെംഗളൂരു: നഗരത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും കാലോചിതമായ മാറ്റങ്ങളാണ് ഇപ്പോൾ അധികൃതർ നടപ്പിലാക്കി വരുന്നത്. അടുത്തകാലത്തായി ട്രാഫിക് ബ്ലോക്ക് പോലെയുള്ള തടസങ്ങൾ മറികടക്കാനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുത്തൻ വികസന പ്രവർത്തനങ്ങൾ ഇവിടെ നടപ്പിലാക്കുന്നുണ്ട്. അതിൽ പുതിയ റോഡുകൾ, പാലങ്ങൾ, എലവേറ്റഡ് റോഡുകൾ എന്നിവ ഉൾപ്പെടുന്നു.
അത്തരത്തിൽ ഇപ്പോഴിതാ തിരക്കേറിയ ഗൊരഗുണ്ടെപാളയ ജംഗ്ഷനിലെ വർധിച്ച ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി ഒരു ചെറിയ തുരങ്കപാത നിർമ്മിക്കാൻ ബംഗളൂരു വെസ്‌റ്റ് സിറ്റി കോർപ്പറേഷൻ നിർദ്ദേശിച്ചു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി നടത്തിയ ഒരു അവലോകന യോഗത്തിൽ ഈ ആശയം ചർച്ച ചെയ്യപ്പെടുകയായിരുന്നു.

ജംഗ്ഷനിലെ ഗതാഗത തടസങ്ങൾ പരിഹരിക്കാനുള്ള ദീർഘകാല നടപടികളായിരുന്നു യോഗത്തിന്റെ ലക്ഷ്യം. നിലവിൽ ഈ പദ്ധതിയുടെ സാധ്യതപഠനം പുരോഗമിക്കുകയാണ്. വടക്ക്-പടിഞ്ഞാറൻ ബംഗളൂരുവിലെ ഒരു പ്രധാന ഗതാഗത കേന്ദ്രമാണ് ഗൊരഗുണ്ടെപാളയ. ഇത് തുമകൂർ റോഡ്, ഔട്ടർ റിംഗ് റോഡ്, സമീപത്തെ വ്യാവസായിക-റെസിഡൻഷ്യൽ മേഖലകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇടമാണ്.
ചരക്ക് വാഹനങ്ങളും നിത്യയാത്രക്കാരും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധനവ് തിരക്കുള്ള സമയങ്ങളിൽ ഈ മേഖലയെ രൂക്ഷമായ ഗതാഗതക്കുരുക്കിന്റെ കേന്ദ്രമാക്കി മാറ്റുന്ന കാഴ്‌ചയാണ് കാണാൻ ഉണ്ടായിരുന്നത്. ഒരു ചെറിയ ഭൂഗർഭപാതയിലൂടെ പ്രധാന ഗതാഗതം വഴിതിരിച്ചുവിടുന്നത് ഉപരിതല ജംഗ്ഷനിലെ തിരക്ക് കുറയ്ക്കാനും സിഗ്നൽ കാര്യക്ഷമമാക്കാനും സഹായിക്കുമെന്ന് അധികൃതർ കരുതുന്നു.
പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന് നിർണയിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ വിശദമായ സാധ്യതപഠനം ആരംഭിച്ചത്. ഇതിൽ നിർമ്മാണച്ചെലവ്, നിലവിലുള്ള യൂട്ടിലിറ്റികളെയും അടിസ്ഥാന സൗകര്യങ്ങളെയും ഉള്ള സ്വാധീനം, ഭൂമിയുടെയും ഘടനയുടെയും പരിമിതികൾ, ഗതാഗതക്കുരുക്കിലെ പ്രതീക്ഷിക്കുന്ന കുറവ് എന്നിവ ഉൾപ്പെടും. ഈ ഘടകങ്ങൾ വിലയിരുത്തിയാലേ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് നീങ്ങൂ.
പഠനം നല്ല ഫലങ്ങൾ നൽകുകയാണെങ്കിൽ, ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ ബജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയേക്കാം. ചെലവ് കണക്കുകളും സർക്കാർ അംഗീകാരവും അനുസരിച്ചായിരിക്കും ഫണ്ട് അനുവദിക്കുകയെന്ന് അധികൃതർ സൂചിപ്പിച്ചു. നിലവിൽ തുരങ്ക നിർമ്മാണം ഒരു നിർദ്ദേശമായി മാത്രം തുടരുകയാണെങ്കിലും അത് നടപ്പിലാകും എന്ന പ്രതീക്ഷയിലാണ് പ്രദേശ വാസികൾ.
ഗൊരഗുണ്ടെപാളയയിൽ പതിവായി ഉണ്ടാകുന്ന നീണ്ട ഗതാഗതക്കുരുക്ക് കണക്കിലെടുക്കുമ്പോൾ, താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം സ്ഥിരമായ പ്രതിവിധികളിലേക്ക് നീങ്ങാനുള്ള ഭരണകൂടത്തിന്റെ താൽപ്പര്യത്തെയാണ് ഇത് വ്യക്തമാക്കുന്നത്. തുരങ്കം യാഥാർത്ഥ്യമാകുമോ എന്നത് ഇനി തുടർ നടപടികൾക്ക് ശേഷം മാത്രമേ വ്യക്തമാവൂ.












Click it and Unblock the Notifications