ബെംഗളൂരു നിവാസികൾക്ക് ഇനി യാത്ര സുഗമം; 3 ഫ്ലൈഓവറുകളും എലിവേറ്റഡ് ഹൈവേയും വരുന്നു, 1320 കോടി ചെലവ്!
ബെംഗളൂരു: നഗരത്തിൽ മൂന്ന് മേൽപ്പാലങ്ങളും എലിവേറ്റഡ് ഹൈവേകളും നിർമ്മിക്കുന്നതിനായി ബെംഗളൂരു സ്‌മാർട്ട് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് അഥവാ ബി സ്‌മൈൽ ടെൻഡറുകൾ ക്ഷണിച്ചു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ ബി സ്മൈൽ നടപ്പാക്കുന്ന പദ്ധതികൾക്ക് ആകെ 1320 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.
മഹാലക്ഷ്‌മി ലേഔട്ടിൽ വെസ്‌റ്റ് ഓഫ് കോർഡ് റോഡിൽനിന്ന് ഔട്ടർ റിങ് റോഡിലേക്കുള്ള പൈപ്പ്‌ലൈൻ റോഡിൽ ഗ്രേഡ് സെപ്പറേറ്റർ നിർമ്മിക്കുന്നതാണ് ഒരു പദ്ധതി. 314.56 കോടി രൂപയാണ് ഇതിന് കണക്കാക്കിയ ചെലവ്. മൈസൂരു റോഡിലെ സിർസി സർക്കിളിൽനിന്ന് നയനദഹള്ളിയിലേക്കുള്ള ഉയർന്ന പാതയാണ് രണ്ടാമത്തെ പദ്ധതി.

509 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പാത നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമാണ്. സർജാപുര ജങ്ഷനിൽനിന്ന് ഇലക്ട്രോണിക്‌സ് സിറ്റി മേൽപ്പാലം വരെയുള്ള ഉയർന്ന പാതയാണ് മൂന്നാമത്തെ പദ്ധതി. 500 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പാതയിൽ ഈജിപുര മേൽപ്പാലം, മടിവാള അടിപ്പാത, സെന്റ് ജോൺസ് ആശുപത്രി ജങ്ഷൻ, സിൽക്ക് ബോർഡ് ജങ്ഷൻ എന്നിവയും സംയോജിപ്പിക്കും.
മൂന്ന് പദ്ധതികളുടെയും നിർമ്മാണം പൂർത്തിയാക്കാൻ 30 മാസത്തെ സമയപരിധിയാണ് ബി സ്മൈൽ നിശ്ചയിച്ചിരിക്കുന്നത്. രണ്ട് ടോൾ ഈടാക്കുന്ന ഉയർന്ന പാതകൾ ഉൾപ്പെടെ 11 മേൽപ്പാല പദ്ധതികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഏകദേശം 13,000 കോടി രൂപയാണ് ഈ പദ്ധതികളുടെ ആകെ ചെലവ്. എല്ലാ പദ്ധതികളും ടെൻഡർ നടപടികളുടെ വിവിധ ഘട്ടങ്ങളിലാണ്.
അതിനിടെ പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് മേൽപ്പാല പദ്ധതികളിൽ ചില മാറ്റങ്ങളും ബി സ്‌മൈൽ വരുത്തിയിട്ടുണ്ട്. ഓൾഡ് മദ്രാസ് റോഡിൽനിന്ന് ഇന്ദിരാനഗറിലെ 80 അടി റോഡ്, സി എം എച്ച് റോഡ്, 100 അടി റോഡ് എന്നിവയിലൂടെ ഡോംലൂരിലേക്ക് മേൽപ്പാലം നിർമ്മിക്കാനുള്ള നിർദേശം ഉപേക്ഷിച്ചു.
ഓൾഡ് മദ്രാസ് റോഡിനെയും ഡോംലൂരിനെയും ബന്ധിപ്പിക്കുന്ന നിർദ്ദിഷ്‌ട മേൽപ്പാല പദ്ധതിയാണ് ഉപേക്ഷിച്ചത്. 11.62 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് ലൈൻ പദ്ധതിയുടെ ഭാഗമായാണ് ഈ മേൽപ്പാലം നിർമിക്കാൻ ആലോചിച്ചിരുന്നത്. മരങ്ങൾ നിറഞ്ഞ ഇന്ദിരാനഗറിലെ 80 അടി റോഡിലൂടെയും 100 അടി റോഡിലൂടെയും കടന്നുപോകുന്ന രീതിയിലായിരുന്നു മേൽപ്പാലം വിഭാവനം ചെയ്‌തിരുന്നത്.
പദ്ധതി ഉപേക്ഷിച്ചതോടെ ഈ റോഡുകളിലെ മരങ്ങളും പ്രദേശത്തെ നിലവിലുള്ള പരിസ്ഥിതിയും സംരക്ഷിക്കപ്പെടുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ. എന്നാൽ ഡോംലൂരിൽനിന്ന് ആരംഭിച്ച് നിർമ്മാണത്തിലിരിക്കുന്ന ഈജിപുര മേൽപ്പാലവുമായി ചേരുന്നതുവരെ ഇന്നർ റിംഗ് റോഡിലൂടെയുള്ള എലിവേറ്റഡ് ഹൈവേ പദ്ധതി തുടരും.
കൂടാതെ സെൻട്രൽ സിൽക്ക് ബോർഡിനും മടിവാളയ്ക്കും ഇടയിൽ ഹൊസൂർ റോഡിൽ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും ബി സ്‌മൈൽ നിലനിർത്തിയിട്ടുണ്ട്. ആദ്യഘട്ട പദ്ധതിപ്രകാരം, ഇന്നർ റിംഗ് റോഡിനെയും ഹൊസൂർ റോഡിനെയും ബന്ധിപ്പിക്കുന്ന 11.62 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാലം നിർമ്മിക്കാൻ ആയിരുന്നു ബി സ്മൈൽ ലക്ഷ്യമിട്ടിരുന്നത്, അതാണ് ഇപ്പോൾ ഉപേക്ഷിച്ചത്.


Click it and Unblock the Notifications
