ബെംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ മെട്രോ ലൈനുകൾക്ക് ഇടയിൽ ട്രാവലേറ്റർ; ഇനി നടന്ന് ബുദ്ധിമുട്ടേണ്ട
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ മേഖലയായ സെൻട്രൽ സിൽക്ക് ബോർഡിലെ മെട്രോ ലൈനുകൾക്കിടയിൽ മാറി കയറുന്നത് എളുപ്പമാക്കാൻ നീക്കം. ബിഎംആർസിഎൽ യെല്ലോ, ബ്ലൂ ലൈൻ സ്‌റ്റേഷനുകൾക്കിടയിൽ ഒരു ട്രാവലേറ്ററും കാൽനട നടപ്പാതയും കൊണ്ട് വരാനാണ് പദ്ധതിയിടുന്നത്. രണ്ട് എലിവേറ്റഡ് സ്‌റ്റേഷനുകളും 250 മീറ്റർ അകലെയാണ്, അവയ്ക്കിടയിലൂടെയാണ് തിരക്കേറിയ ഔട്ടർ റിംഗ് റോഡ് കടന്നുപോവുന്നത്.
യാത്രക്കാരെ താഴേക്ക് ഇറങ്ങാനും തിരക്കുള്ള റോഡ് മുറിച്ചുകടന്ന് വീണ്ടും മുകളിലേക്ക് നടക്കാനും നിർബന്ധിക്കുന്നതിനുപകരം, നിർദ്ദിഷ്‌ട എലിവേറ്റഡ് ട്രാവലേറ്റർ സ്‌റ്റേഷനുകൾ തമ്മിൽ നേരിട്ട് ബന്ധം നൽകും. നടക്കാൻ ഇഷ്‌ടപ്പെടുന്നവർക്കായി ഒരു പ്രത്യേക നടപ്പാത ഇതിനോട് ചേർന്ന് പ്രവർത്തിക്കും. ബെംഗളൂരുവിലെ മെട്രോ ശൃംഖലയിലെ ആദ്യത്തെ ട്രാവലേറ്ററായിരിക്കും ഇതെന്നും ഇതിന്റെ ഡിസൈൻ ജംഗ്ഷന്റെ ദൃശ്യാനുഭവം കൂട്ടുമെന്നും ബിഎംആർസിഎൽ അധികൃതർ പറഞ്ഞു.

നഗരത്തിലെ മറ്റ് പ്രധാന മെട്രോ കണക്ഷൻ പോയിന്റുകളിൽ നിന്ന് വ്യത്യസ്‌തമായി പുതിയ ഇന്റർചേഞ്ച് സെൻട്രൽ സിൽക്ക് ബോർഡിന് ഒരു ഇന്റർചേഞ്ച് ലേഔട്ട് ഉണ്ടായിരിക്കും. മജസ്‌റ്റിക്കിൽ, ഗ്രീൻ, പർപ്പിൾ ലൈനുകൾ ഭൂമിക്കടിയിൽ കൂടിച്ചേരുന്നു. ആർവി റോഡിൽ, ഗ്രീൻ, യെല്ലോ ലൈൻ സ്‌റ്റേഷനുകൾ തൊട്ടടുത്തുള്ള എലിവേറ്റഡ് ഘടനകളാണ്.
എംജി റോഡിൽ, എലവേറ്റഡ് പർപ്പിൾ ലൈൻ സ്‌റ്റേഷൻ ഒരു ഭൂഗർഭ പിങ്ക് ലൈൻ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്നുണ്ട്. സിൽക്ക് ബോർഡിൽ, യെല്ലോ, ബ്ലൂ ലൈൻ സ്‌റ്റേഷനുകൾ ഉയർത്തും, ഔട്ടർ റിംഗ് റോഡ് അവയെ വേർതിരിക്കുന്ന രീതിയിലാണ് അതിന്റെ രൂപകൽപന. അതിനാൽ ട്രാവലറ്ററും സ്കൈവാക്കും രണ്ട് സ്‌റ്റേഷനുകൾ തമ്മിലുള്ള പ്രധാന ലിങ്കായി പ്രവർത്തിക്കും.
ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള യെല്ലോ ലൈൻ ഇതിനകം പ്രവർത്തനക്ഷമമാണ്. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബ്ലൂ ലൈൻ ഇപ്പോഴും നിർമ്മാണത്തിലാണ്. ബ്ലൂ ലൈൻ തുറന്നുകഴിഞ്ഞാൽ, ട്രാവലേറ്ററും പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നിൽ യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം സമ്മാനിക്കും.
കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ബിഎംആർസിഎൽ പദ്ധതിയുടെ സിവിൽ, സ്ട്രക്ച്ചറൽ ജോലികൾ, ആർക്കിടെക്ച്ചറൽ ഫിനിഷിംഗ് ഉൾപ്പെടെ, 58.99 കോടി രൂപയ്ക്ക് ഒമ്പത് മാസത്തെ സമയപരിധിയോടെയാണ് ടെൻഡറുകൾ നടത്തിയത്. അതേസമയം, 2025 ഓഗസ്‌റ്റിലാണ് യെല്ലോ ലൈൻ സ്‌റ്റേഷൻ തുറന്നത്, ബ്ലൂ ലൈൻ സ്‌റ്റേഷനാവട്ടെ നിർമ്മാണത്തിലാണ്.


Click it and Unblock the Notifications
