ബെംഗളൂരുവിൽ യാത്ര ചെയ്യാൻ ഇനി ചിലവേറും; നാളെ മുതൽ പുതുക്കിയ ടോൾ നിരക്ക്, പണി ബസ് യാത്രക്കാർക്കും!
ബെംഗളൂരു: ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പുതിയ സാമ്പത്തിക വർഷം മുതൽ പ്രധാന ഇടനാഴികളിലെ ടോൾ നിരക്കുകൾ വർധിപ്പിച്ചത് എല്ലാവരും അറിഞ്ഞുകാണും. ഇതുസംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കുകയും ചെയ്‌തിരുന്നു. നാളെ രാവിലെ മുതൽ ഈ നിരക്കുകൾ ആയിരിക്കും പ്രാബല്യത്തിൽ ഉണ്ടാവുക. നഗരവുമായി ബന്ധപ്പെട്ട പ്രധാന ദേശീയപാതകളിൽ എല്ലാം തന്നെ ചെറുതെങ്കിലും നിരക്ക് വർധന ഉണ്ടാവും.
ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ (ഹോസ്കോട്ടെ-കെജിഎഫ്), ദബാസ്പേട്ട്-ഹോസ്കോട്ടെ എസ്‌ടിആർആർ, ബംഗളൂരു-മൈസൂർ ഹൈവേ, കനകപുര റോഡ്, കെംപഗൗഡ വിമാനത്താവള (കെഐഎ) ബല്ലാരി റോഡ് തുടങ്ങിയ പ്രധാന ദേശീയപാതകളിൽ പുതിയ നിരക്കുകൾ ബാധകമാകും എന്നതാണ് യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യം.

പ്രധാന റോഡുകളും ടോൾ നിരക്കുകളും
ബെംഗളൂരു കെംപഗൗഡ വിമാനത്താവള റോഡിലെ (ബല്ലാരി റോഡ്) സദാഹള്ളി ടോൾ ഗേറ്റിൽ കാറുകൾക്കുള്ള ഒറ്റയാത്ര നിരക്ക് 120 രൂപയാണ്. മടക്കയാത്ര നിരക്ക് 180 രൂപയിൽ നിന്ന് 185 രൂപയായി വർധിപ്പിച്ചു. 50 യാത്രകൾക്കുള്ള പ്രതിമാസ പാസിന് 4070 രൂപയാണ് പുതിയ നിരക്ക്. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്കും (എൽസിവി/എൽജിവി) മിനിബസുകൾക്കും ടോൾ അഞ്ച് രൂപ കൂടി.
ഒറ്റയാത്രയ്ക്ക് 190 രൂപ (മുമ്പ് 185), മടക്കയാത്രയ്ക്ക് 280 രൂപ (മുമ്പ് 275). ഇവയുടെ പ്രതിമാസ പാസിന് 6,255 രൂപയാണ്. ട്രക്കുകൾക്കും ബസുകൾക്കും അഞ്ച് മുതൽ 15 രൂപ വരെയാണ് നിരക്ക് വർധന ഏർപ്പെടുത്തിയിരിക്കുന്നത്. ഒറ്റയാത്ര 375 രൂപ, മടക്കയാത്ര 565 രൂപ എന്നിങ്ങനെയാണവ. പ്രതിമാസ പാസിന് 12,575 രൂപ നൽകണം.
ബസ് യാത്രക്കാരെ ബാധിച്ചേക്കും
ഈ വർധന ബസ് യാത്രാ നിരക്കുകളിൽ, പ്രത്യേകിച്ച് ബിഎംടിസി സർവീസുകളിൽ പ്രതിഫലിച്ചേക്കും എന്നതാണ് ശ്രദ്ധേയമായ കാര്യം. വിമാനത്താവളത്തിലേക്കും ദേവനഹള്ളി, ചിക്ക്ബല്ലാപൂർ ഉൾപ്പെടെയുള്ള സമീപ നഗരങ്ങളിലേക്കും ബിഎംടിസിക്ക് വിപുലമായ റൂട്ടുകളാണ് ഉള്ളത്. വായു വജ്ര യാത്രക്കാർക്കും അധിക തുക നൽകേണ്ടി വരും.
മറ്റ് റോഡുകളിലെ വർധന
എസ്‌ടിആർആർ ഇടനാഴിയിൽ കാറുകൾക്ക് ടോൾ അഞ്ച് രൂപ കൂടി. നെല്ലൂർ-ദേവനഹള്ളി പ്ലാസയിൽ ഒറ്റയാത്രയ്ക്ക് 75, മടക്കം 125, പ്രതിമാസ പാസിന് 2805 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. ഹുളിക്കുണ്ടെയിൽ കാറുകൾക്ക് ഒറ്റയാത്ര 110, മടക്കം 160, പ്രതിമാസ പാസിന് 3595 രൂപ എന്നിങ്ങനെയും ടോൾ ഉണ്ടാവും.
ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയുടെ (ഹോസ്കോട്ടെ-കെജിഎഫ്, ബേത്തമംഗല) 72 കി.മീ. പ്രവർത്തനക്ഷമമായ ദൂരത്തിൽ എൻഎച്ച്എഐ നിരക്ക് പരിഷ്‌കരിച്ചു. ഹെഡഗിനബേലെ, അഗ്രഹാര, കൃഷ്‌ണപുര, സുന്ദരപാളയ എന്നീ നാല് ടോൾ പ്ലാസകളിലായി കാറുകൾക്ക് ഒറ്റയാത്ര 150 രൂപയും മടക്കയാത്ര 225 രൂപ വരെയും നൽകണം.
ഈ പാതയിലെ പ്രതിമാസ പാസുകൾക്ക് ദിശയനുസരിച്ച് 4860-4985 രൂപയാണ് നിരക്ക്. ടോൾ നിരക്കുകളിൽ നേരത്തെ പല വട്ടം മാറ്റമുണ്ടായിരുന്നു. ഈ പാത തുറന്നപ്പോൾ എക്‌സ്പ്രസ് വേ നിരക്കുകൾ ഈടാക്കിയെങ്കിലും, നിർമ്മാണം പൂർത്തിയാകാത്ത ഭാഗങ്ങൾ ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയിൽ എൻഎച്ച്എഐ നിരക്കുകൾ കുറച്ചിരുന്നു.
ആകെ 261 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 72 കിലോമീറ്റർ മാത്രമാണ് നിലവിൽ പ്രവർത്തനക്ഷമമായുള്ളത്. അതിനാൽ, മുഴുവൻ എക്‌സ്പ്രസ് വേ നിരക്കിന് പകരം ദേശീയപാത നിരക്കിന് തുല്യമായ ടോളുകളാണ് അതോറിറ്റി ഇവിടെ ഏർപ്പെടുത്തിയത്. കൂടാതെ ബെംഗളൂരു-മൈസൂർ ഹൈവേയിൽ കാറുകൾക്ക് ടോൾ അഞ്ച് രൂപയും കൂട്ടിയിട്ടുണ്ട്.












Click it and Unblock the Notifications