ത്രിപുര, അസം, മമതയുടെ പാന്‍ ഇന്ത്യന്‍ നീക്കം റെഡി, പ്ലാനൊരുക്കുന്നത് അഭിഷേകും പ്രശാന്തും
ദില്ലി: മമത ബാനര്‍ജി പ്രതിപക്ഷത്തിന്റെ മുഖമാകാനുള്ള വന്‍ പ്ലാനിലാണ്. രാഹുല്‍ ഗാന്ധി ഒരിടത്ത് നിന്ന് നീക്കങ്ങള്‍ സജീവമാക്കിയതോടെ മമത ഓരോ സംസ്ഥാനങ്ങളിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസിനെ പറിച്ചുനടാനുള്ള ഒരുക്കത്തിലാണ്. നിഴലായി രണ്ട് പേരും കൂടെയുണ്ട്. മിഷന്‍ 2024ലേക്കുള്ള വന്‍ പ്ലാനാണ് ഇതിലൂടെ ഒരുങ്ങുന്നത്.
രാഹുല്‍ പ്രതിപക്ഷ നേതാക്കളെ അടക്കം കണ്ടതോടെ കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റ് പിടിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യാനാണ് മമതയുടെ പ്ലാന്‍. പ്രതിപക്ഷ നിരയില്‍ ബാക്കിയെല്ലാ പാര്‍ട്ടികളുടെ പിന്തുണ നേരത്തെ തന്നെ മമത നേടിയെടുത്തതാണ്.

മമത പ്രതിപക്ഷത്തിന്റെ മുഖമാകാനില്ലെന്ന് പറഞ്ഞെങ്കിലും മനസ്സില്‍ അത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിലാണ്. അതേസമയം കോണ്‍ഗ്രസിന്റെ അകറ്റി നിര്‍ത്താനും മമത തയ്യാറല്ല. ത്രിപുരയും അസമുമാണ് മമതയ്ക്ക് മുന്നിലുള്ള സംസ്ഥാനങ്ങള്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഒപ്പം ഉത്തര്‍പ്രദേശ് അടക്കമുള്ള ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ മത്സരിക്കുന്ന പ്ലാന്‍ മമത തയ്യാറാക്കിയിട്ടുണ്ട്. വൈകാരിക വിഷയങ്ങള്‍ എല്ലായിടത്തും കണ്ടെത്തി ഉപയോഗിക്കുകയാണ് മമതയുടെ ലക്ഷ്യം. നേരത്തെ ബംഗാളില്‍ ഈ പ്ലാന്‍ വന്‍ വിജയമായിരുന്നു. അതാണ് പ്ലാന്‍ പലയിടത്തേക്കായി പരീക്ഷിക്കുന്നത്.

ത്രിപുരയില്‍ വമ്പനൊരു സഖ്യമാണ് ഒരുങ്ങുന്നത്. പ്രദ്യോത് കിഷോര്‍ ദേബര്‍മയുടെ തിപ്ര ഇന്‍ഡിജെനസ് പ്രോഗസീവ് റീജ്യനല്‍ അലയന്‍സ് അഥവാ തിപ്രയുമായി സഖ്യമുണ്ടാക്കാന്‍ ഒരുങ്ങുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. നേരത്തെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തരിപ്പണമാക്കിയിരുന്നു തിപ്ര. അതിന് ചുക്കാന്‍ പിടിച്ചത് പ്രദ്യോത് കിഷോര്‍ ദേബര്‍മയാണ്. ത്രിപുരയിലെ തദ്ദേശീയവാസികള്‍ക്കായി പ്രത്യേക സംസ്ഥാനമെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാരിനും ഇവര്‍ വലിയ ഭീഷണിയാണ്. ഇടതുപക്ഷവും കോണ്‍ഗ്രസും ഇവിടെ ദുര്‍ബലാവസ്ഥയിലാണ്. അതാണ് മമതയെ പ്രദ്യോതുമായി അടുപ്പിക്കുന്നത്.

ബിപ്ലബ് ദേബ് ഭരണം വീഴാനുള്ള സാധ്യത ത്രിപുരയില്‍ ശക്തമാണ്. അതുകൊണ്ട് അഭിഷേക് ബാനര്‍ജിയെ തന്നെ ത്രിപുരയിലേക്ക് മമത അയച്ചത്. ജൂലായില്‍ നേരത്തെ പ്രദ്യോത് കൊല്‍ക്കത്തയിലെത്തി മമതയെ കണ്ടിരുന്നു. ത്രിപുരയിലെ തദ്ദേശീയ ജനതയ്ക്കായി ഏതറ്റം വരെയും പോകുമെന്ന് ദേബര്‍മന്‍ പറയുന്നു. ആദിവാസി വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ കുറച്ചുണ്ട്. അത് അംഗീകരിക്കുന്ന ഏത് പാര്‍ട്ടിയെയും എന്റെ പാര്‍ട്ടി അംഗീകരിക്കും. താന്‍ പറഞ്ഞ കാര്യങ്ങള്‍ മമത ബാനര്‍ജിക്ക് മനസ്സിലായിട്ടുണ്ട്. ഈ വിഷയം അവര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നാണ് കരുതുന്നതെന്നും പ്രദ്യോത് പറഞ്ഞു. തന്റെ പിതാവുമായും മാതാവുമായും മമതയ്ക്ക് നല്ല ബന്ധമായിരുന്നുവെന്നും പ്രദ്യോത് പറഞ്ഞു.

ത്രിപുരയിലെ 60 സീറ്റില്‍ 58 സീറ്റും മമതയുമായി ചേര്‍ന്നാല്‍ തിപ്ര പാര്‍ട്ടിക്ക് കിട്ടുമെന്ന് പ്രദ്യോത് പറയുന്നു. ബിജെപിയുടെ കാര്യം എടുക്കാനുണ്ടാവില്ല. അവര്‍ ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും പ്രദ്യോത് പറഞ്ഞു. മമതയുമായി ചേരുമെന്ന് തന്നെയാണ് പ്രദ്യോത് സൂചിപ്പിക്കുന്നത്. തൃണമൂല്‍ നടത്തിയ സര്‍വേയില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കടുത്ത തോതിലുള്ള ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് തൃണമൂല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന് സഹായിച്ചത് പ്രശാന്ത് കിഷോറാണ്. ഐ പാക്കിന്റെ തന്ത്രങ്ങള്‍ വൈകാതെ തന്നെ നടപ്പാക്കി തുടങ്ങും. അഭിഷേക് ബാനര്‍ജിയാണ് ഈ തന്ത്രങ്ങളുടെ ഏകോപനം ഒരുക്കുന്നത്.

ആദിവാസി വിഭാഗങ്ങള്‍ക്ക് ത്രിപുരയില്‍ വലിയ പ്രാധാന്യമുണ്ട്. ജനസംഖ്യയുടെ 31 ശതമാനത്തോളം സംസ്ഥാനത്ത് ആദിവാസികളാണ്. ഇവര്‍ ബിജെപിയെ കൈവിട്ടിരിക്കുകയാണ്. ആദിവാസികളെ ഒപ്പം കൂട്ടാനായി മുതിര്‍ന്ന മന്ത്രി മലോയ് ഗട്ടക്കിനെയാണ് മമത ഇറക്കിയത്. 20 സീറ്റിലെങ്കിലും ഇവര്‍ക്ക് കരുത്തുണ്ട്. ആദിവാസി വിഭാഗത്തെ കൈയ്യിലെടുക്കാതെ ഒരാള്‍ക്കും സംസ്ഥാനത്ത് ഭരണം പിടിക്കാനാവില്ല. അതോടൊപ്പം അഞ്ച് സീറ്റില്‍ ന്യൂനപക്ഷങ്ങളുടെ സ്വാധീനവുമുണ്ട്. സംസ്ഥാനത്ത് വികസന മുരടിപ്പ് ശക്തമാണ്. അതോടൊപ്പം ബിപ്ലവ് ദേബ് രാജ്യത്തെ തന്നെ ഏറ്റവും ജനപ്രീതി കുറഞ്ഞ മുഖ്യമന്ത്രിയെന്ന പേരുമുണ്ട്. പലവട്ടം മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ബിജെപി നേതൃത്വം അദ്ദേഹത്തെ മാറ്റാനും തയ്യാറായിരുന്നില്ല.

മമതയുടെ നീക്കം അടുത്തത് അസമിലേക്കാണ്. റായ്‌ജോര്‍ ദല്‍ അധ്യക്ഷന്‍ അഖില്‍ ഗൊഗോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചന. എല്ലാ പ്രാദേശിക പാര്‍ട്ടികളെയും ചേര്‍ത്ത് മമതയുടെ നേതൃത്വത്തില്‍ സഖ്യത്തിനായി അഖില്‍ ഗൊഗോയ് ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര എംഎല്‍എയാണ് അദ്ദേഹം. റായ്‌ജോര്‍ ദള്‍ തൃണമൂലുമായി ലയിക്കാനാണ് അഖിലിന്റെ നീക്കം. മമത തന്നെ അത്തരമൊരു ലയനത്തിന് ക്ഷണിച്ചതായും അഖില്‍ വ്യക്തമാക്കി. അതേസമയം അസമിലേക്കും ടിഎംസി വ്യാപിപ്പിക്കുന്നു എന്നാണ് സൂചന. തന്നെ അസം ഘടകത്തിന്റെ സംസ്ഥാന അധ്യക്ഷനാക്കാമെന്ന് മമത ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അഖില്‍ പറയുന്നു. ലയനത്തിന് ശേഷം അതുണ്ടാവുമെന്നും അഖില്‍ പറഞ്ഞു.

തൃണമൂലിന് അഖിലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. അതിന് പ്രധാന കാരണം റോഡ് ടു ദില്ലിയാണ്. ദേശീയ തലത്തിലേക്ക് മമത വരണമെങ്കില്‍ സംസ്ഥാനങ്ങളിലെ പ്രകടനം നിര്‍ണായകമാണ്. പരമാവധി സീറ്റുകളില്‍ വിജയിക്കുകയാണ് മമതയുടെ ലക്ഷ്യം. തൃണമൂലിന് അസമില്‍ സീറ്റുറപ്പിക്കാനും അഖിലിന്റെ വരവിന് സാധിക്കും. അസമിലെ ചില മേഖലയില്‍ ബംഗാളികള്‍ ധാരാളമുണ്ട്. അഖിലിന്റെ പിന്തുണയുണ്ടായാല്‍ മമതയ്ക്ക് അസമില്‍ വേരുറപ്പിക്കാന്‍ സാധിക്കും. നേരത്തെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജയിലിലായിരുന്നു അഖില്‍ ഗൊഗോയ്. മുസ്ലീം വോട്ടുകള്‍ അടക്കം തൃണമൂലിലേക്ക് കൊണ്ടുവരാന്‍ അഖിലിന് സാധിക്കും.

മമതയുടെ നോട്ടം നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണെന്ന് വ്യക്തമാണ്. പ്രധാനമായും ബംഗാളിനോട് ചേര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി ജനസംഖ്യ ധാരാളമുണ്ടാകും. ഈ വോട്ടര്‍മാരെ വളര്‍ത്തിയെടുത്ത് പാര്‍ട്ടിയെ ശക്തമാക്കാനുള്ള പ്ലാനാണ് മമതയ്ക്കുള്ളത്. അതേസമയം നിലവില്‍ പ്രശാന്ത് കിഷോര്‍ എല്ലാ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും മമതയുടെ ത്രിപുര തന്ത്രം അദ്ദേഹത്തില്‍ നിന്ന് തന്നെയാണ് വന്നിരിക്കുന്നത്. പ്രാദേശിക കക്ഷികളുമായി ചേരുമ്പോള്‍ മാത്രമേ തൃണമൂലിനെയും അത്തരത്തിലുള്ള പ്രാദേശിക പാര്‍ട്ടിയായി ജനങ്ങള്‍ കാണൂ. അസമിലെ പാര്‍ട്ടിയായി മാറാനുള്ള തൃണമൂലിന്റെ ശ്രമങ്ങള്‍ പ്രശാന്തിന്റെ ഐഡിയയാണ്.

അതേസമയം മമതയുടെ പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന യുപി തിരഞ്ഞെടുപ്പിലും മത്സരിക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയാല്‍ അതോടെ മമതയുടെ മോഹങ്ങള്‍ തകരും. കോണ്‍ഗ്രസിന് കൂടുതല്‍ വിജയങ്ങള്‍ ഉണ്ടായാല്‍ അവര്‍ ഡ്രൈവിംഗ് സീറ്റിലെത്തും. മമതയുടെ പ്രധാനമന്ത്രി പദത്തിലുള്ള മോഹങ്ങള്‍ വരെ അതിലൂടെ ഇല്ലാതാവും. ഇതില്‍ ത്രിപുരയിലെ തിരഞ്ഞെടുപ്പാണ് 2023ല്‍ വരുന്നത്. ഇതില്‍ വരവറിയിക്കുക മാത്രമാണ് പ്രതിപക്ഷ നിരയില്‍ കരുത്തയാകാന്‍ മമതയ്ക്കുള്ള ഓപ്ഷന്‍.
കലക്കൻ ഫൊട്ടോസുമായി ദിലീപിന്റെ മകൾ; മീനാക്ഷികുട്ടിയെ വളഞ്ഞ് ആരാധകർ












Click it and Unblock the Notifications