ട്രക്ക് പണിമുടക്ക്; ഉത്തരേന്ത്യയിൽ പലയിടത്തും ഇന്ധനക്ഷാമം, രണ്ടായിരത്തോളം പമ്പുകൾ അടച്ചിട്ടു
പുതിയ ക്രിമിനൽ നിയമത്തോടുള്ള പ്രതിഷേധ സൂചകമായി ചില ട്രക്കേഴ്‌സ് അസോസിയേഷനുകളുടെ സമരം ചൊവ്വാഴ്‌ച രണ്ടാം ദിവസത്തിലേക്ക് കടന്നു. ഇതോടെ പടിഞ്ഞാറൻ, ഉത്തരേന്ത്യയിലെ രണ്ടായിരത്തോളം പെട്രോൾ പമ്പുകളിൽ ഇന്ധന സ്‌റ്റോക്കുകൾ തീർന്നു. ട്രക്ക് പണിമുടക്ക് മുൻകൂട്ടി കണ്ട് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ രാജ്യത്തുടനീളമുള്ള മിക്ക പെട്രോൾ പമ്പുകളിലും സംഭരിച്ചു വെച്ചിരുന്നു.
എന്നാൽ രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവിടങ്ങളിലെ ചില പെട്രോൾ പമ്പുകളിൽ കനത്ത തിരക്ക് കാരണം സ്‌റ്റോക്ക് തീർന്നതായി അധികൃതർ പറഞ്ഞു. ഈ സംസ്ഥാനങ്ങളിലെ പല പമ്പുകളിലും സ്‌റ്റോക്കുകൾ തീർന്നുപോകുമെന്ന പരിഭ്രാന്തി കാരണം ജനങ്ങളുടെ നീണ്ട ക്യൂവാണ് അനുഭവപ്പെട്ടത്.

ഹൈദരാബാദിലെ ഏതാനും പമ്പുകൾ ഒഴികെ വലിയ വിതരണ തടസങ്ങളൊന്നുമില്ലാതെ ദക്ഷിണേന്ത്യയിലെ സ്ഥിതി ഭേദപ്പെട്ടത്തതാണെന്ന് അധികൃതർ പറഞ്ഞു. മൂന്ന് ദിവസത്തെ പണിമുടക്ക് നീട്ടുകയോ ഇന്ത്യയൊട്ടാകെ വ്യാപിക്കുകയോ ചെയ്‌താൽ പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നീ അവശ്യ വസ്‌തുക്കളുടെ വിതരണത്തെയും സാരമായി ബാധിച്ചേക്കാം. എണ്ണക്കമ്പനികളുടെ ഡിപ്പോകളിൽ നിന്ന് പെട്രോൾ പമ്പുകളിലേക്കും ഗ്യാസ് വിതരണ ഏജൻസികളിലേക്കും പെട്രോളും ഡീസലും എൽപിജിയും എത്തിക്കുന്ന ഒരു ലക്ഷത്തോളം ട്രക്കുകൾ രാജ്യത്തുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
'ഹിറ്റ് ആന്‍ഡ് റണ്‍' കേസുകളിലെ ശിക്ഷ വര്‍ധിപ്പിച്ചതിന് എതിരെയാണ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് (ഐപിസി) പകരം പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിൽ വാഹനാപകടങ്ങളിലെ മരണങ്ങളുമായി ബന്ധപ്പെട്ട നിയമമാണ് ട്രക്ക് ഡ്രൈവര്‍മാരുടെ എതിർപ്പിന് ഇടയാക്കിയത്. പുതുക്കിയ നിയമം അനുസരിച്ച്, അപകട മരണത്തിന് പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
മിക്ക പെട്രോൾ പമ്പുകളിലും 2-3 ദിവസം വരെയുള്ള സ്‌റ്റോക്ക് നിലവിലുണ്ടെന്നും മൂന്ന് ദിവസത്തേക്ക് പണിമുടക്ക് തുടരുകയാണെങ്കിലും ബുദ്ധിമുട്ടുണ്ടാവില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, പണിമുടക്ക് തുടരാൻ തീരുമാനിക്കുകയോ, ദേശീയ തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കുകയോ ചെയ്‌താൽ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാവുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, മഹാരാഷ്ട്രയിൽ സമരം രൂക്ഷമാവുകയാണ്. നവി മുംബൈയിലും താനെയിലും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടലും നടന്നു. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. നാസിക്കില്‍ ആയിരത്തിലധികം ട്രക്കുകള്‍ പനവേഡി ഗ്രാമത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ബിഹാര്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും പ്രക്ഷോഭം ശക്തമാവുകയാണ്.












Click it and Unblock the Notifications