ദേ ട്രംപ് പിന്നേം..; ഇന്ത്യ-പാക് സംഘർഷത്തിനിടെ വെടിവച്ചിട്ടത് 8 യുദ്ധ വിമാനങ്ങളെന്ന് പുതിയ അവകാശവാദം
ന്യൂയോർക്ക്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ശ്രമങ്ങളിൽ താൻ മധ്യസ്ഥം വഹിച്ചുവെന്ന തന്റെ അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഏറ്റുമുട്ടലിൽ വെടിവെച്ചിട്ട യുദ്ധവിമാനങ്ങളുടെ എണ്ണം ഏഴിൽ നിന്ന് എട്ടായി വർധിപ്പിച്ചാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. മിയാമിയിൽ നടന്ന അമേരിക്ക ബിസിനസ് ഫോറത്തിൽ സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്‌താവന.
വ്യാപാരക്കരാറുകൾ റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് ശേഷമാണ് ഈ രണ്ട് ആണവ രാജ്യങ്ങളും സമാധാനം സ്ഥാപിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. അധികാരമേറ്റ ശേഷം താൻ അവസാനിപ്പിച്ച എട്ട് സംഘർഷങ്ങളിൽ ഒന്നാണ് ഇന്ത്യ-പാക് പ്രശ്‌നമെന്നും ട്രംപ് അവകാശപ്പെട്ടു. കൊസോവോ-സെർബിയ, കോംഗോ-റുവാണ്ട സംഘർഷങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

'ഇന്ത്യയുമായും പാകിസ്ഥാനുമായും ഒരു വ്യാപാരക്കരാറിന്റെ മധ്യത്തിലായിരുന്നപ്പോൾ ഞാൻ ഒരു പത്രത്തിൽ വായിച്ചു... അവർ യുദ്ധത്തിന് പോകുകയാണെന്ന് കേട്ടു. ഏഴ് വിമാനങ്ങൾ വെടിവെച്ചിട്ടു, എട്ടാമത്തേതിന് സാരമായ കേടുപാടുകൾ പറ്റിയിരിക്കുന്നു. ശരിക്കും എട്ട് വിമാനങ്ങൾ വെടിവെച്ചിട്ടു. ഞാൻ പറഞ്ഞു, ഇതൊരു യുദ്ധമാണ്, അവർ അതിന് പോകുന്നു. അവർ രണ്ട് ആണവ രാജ്യങ്ങളാണ്. ഞാൻ പറഞ്ഞു, നിങ്ങൾ സമാധാനത്തിന് സമ്മതിച്ചില്ലെങ്കിൽ ഞാൻ നിങ്ങളുമായി വ്യാപാരക്കരാറുകൾ ഉണ്ടാക്കില്ല' ട്രംപ് പറയുന്നു.
അത്തരമൊരു ഭീഷണിയെ ഡൽഹിയും ഇസ്ലാമാബാദും എതിർത്തെന്നും അവരുടെ സംഘർഷത്തിന് വ്യാപാരക്കരാറുകളുമായി ബന്ധമില്ലെന്നും ഇരു രാജ്യങ്ങളും പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. 'രണ്ട് രാജ്യങ്ങളും പറഞ്ഞു, ഒരിക്കലുമില്ല. ഇതിന് ഒരു ബന്ധവുമില്ല.. പക്ഷേ ഞാൻ പറഞ്ഞു. എല്ലാ ബന്ധവുമുണ്ട്. നിങ്ങൾ ആണവശക്തികളാണ്. ഞാൻ നിങ്ങളുമായി വ്യാപാരം ചെയ്യില്ല. നിങ്ങൾ പരസ്‌പരം യുദ്ധത്തിലാണെങ്കിൽ ഞങ്ങൾ നിങ്ങളുമായി ഒരു കരാറും ഉണ്ടാക്കില്ല' ട്രംപ് കൂട്ടിച്ചേർത്തു.
അടുത്ത ദിവസം തന്നെ രണ്ട് രാജ്യങ്ങളും സമാധാനം പുനസ്ഥാപിക്കാൻ തയ്യാറായെന്നും തനിക്ക് ഒരു ഫോൺ കോൾ ലഭിച്ചുവെന്നും ട്രംപ് പറഞ്ഞു. തീരുവകൾ ഇല്ലായിരുന്നെങ്കിൽ സമാധാനം പുലരില്ലായിരുന്നു എന്നാണ് ട്രംപ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾക്ക് സദസ് വലിയ തോതിൽ കൈയടിച്ചു എന്നതാണ് പ്രധാന കാര്യം.
എന്നാൽ ട്രംപിന്റെ ഈ അവകാശവാദങ്ങളെ ഇന്ത്യ നിഷേധിച്ചിരുന്നു. മെയ് 10ന് പാകിസ്ഥാൻ കമാൻഡർമാർ ഇന്ത്യൻ സൈനികരോട് ആക്രമണം നിർത്താൻ അപേക്ഷിച്ചതിന് ശേഷമാണ് വെടിനിർത്തൽ യാഥാർത്ഥ്യമായതെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു.പക്ഷേ, ഇക്കാര്യത്തിൽ ട്രംപ് തന്റെ അവകാശവാദം ആവർത്തിക്കുന്നത് നിർത്താൻ തയ്യാറാവുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
ട്രംപ് ഇന്ത്യ-പാക് വിഷയത്തിൽ തന്റെ അവകാശവാദം കുറഞ്ഞത് 60 തവണയെങ്കിലും ആവർത്തിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. മറുവശത്ത് വാഷിങ്‌ടണിന്റെ ഇടപെടൽ ഇന്ത്യ സ്ഥിരമായി നിഷേധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോഴത്തെ സവിശേഷ സാഹചര്യം എന്തെന്നാൽ ഏറ്റുമുട്ടലിനിടെ വെടിവെച്ചിട്ട യുദ്ധവിമാനങ്ങളുടെ കണക്കിൽ ട്രംപ് ഇടപെട്ടതാണ്.
ഇത്രയൊക്കെ ആണെങ്കിലും വെടിവച്ചിടപ്പെട്ട വിമാനം ഏത് രാജ്യത്തിന്റേതാണെന്ന് വ്യക്തമാക്കാൻ അദ്ദേഹം വിസമ്മതിച്ചു. സംഘർഷ സമയത്ത് ഇന്ത്യയ്ക്ക് ചില നഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് രാജ്യം സമ്മതിച്ചിട്ടുണ്ടെങ്കിലും, യുഎസ് നിർമ്മിത എഫ്-16 വിമാനങ്ങളും ചൈനീസ് ജെഎഫ് -17 വിമാനങ്ങളും ഉൾപ്പെടെ 8-10 പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന് നേരത്തെ തന്നെ ഇന്ത്യൻ സൈന്യം വ്യക്തമാക്കിയതാണ്.












Click it and Unblock the Notifications