ഇല്‍ക്കര്‍ ഐജി എയര്‍ ഇന്ത്യയുടെ സിഇഒ ആകില്ല; സര്‍ക്കാര്‍ അനുമതി ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പുതിയ മേധാവിയായി നിര്‍ദേശിക്കപ്പെട്ട ഇല്‍ക്കര്‍ ഐജി പദവി ഏറ്റെടുക്കില്ല. ടാറ്റ സണ്‍സിന്റെ വാഗ്ദാനം അദ്ദേഹം നിരസിച്ചു. കമ്പനിയുടെ പുതിയ എംഡിയും സിഇഒയുമായി ഇല്‍ക്കര്‍ ഐജിയെ നിയമിച്ച കാര്യം കഴിഞ്ഞ മാസം ടാറ്റ സണ്‍സ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ ഒന്നിന് മുമ്പ് അദ്ദേഹം ചുമതലയേല്‍ക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ നടന്ന ഇടപെടലാണ് നിയമനം സാധ്യമാകാതെ വന്നത് എന്നാണ് സൂചന. ഇപ്പോള്‍ ഇല്‍ക്കര്‍ ഐജി തന്നെ പിന്‍മാറുകയും ചെയ്തു.
സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നു എയര്‍ ഇന്ത്യ. ആസ്തി വിറ്റഴിക്കല്‍ നയത്തിന്റെ ഭാഗമായി എയര്‍ ഇന്ത്യ സ്വകാര്യ മേഖലയ്ക്ക് കൈമാറി. തുടര്‍ന്നാണ് പഴയ ഉടമകളായ ടാറ്റയ്ക്ക് തന്നെ എയര്‍ ഇന്ത്യ കിട്ടിയത്. കമ്പനിയുടെ പുതിയ സിഇഒ ആയി തുര്‍ക്കി പൗരന്‍ ഇല്‍ക്കര്‍ ഐജിയെ പിന്നീട് നിയമിക്കുകയും ചെയ്തു. എയര്‍ ഇന്ത്യയുടെ ബോര്‍ഡ് ഇതിന് അനുമതി നല്‍കി. ശേഷം സര്‍ക്കാരിന്റെ അനുമതിക്കായി രേഖകള്‍ കൈമാറിയിരുന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുര്‍ക്കി എയര്‍ലൈന്‍സിന്റെ മുന്‍ ചെയര്‍മാനായിരുന്നു ഇല്‍ക്കര്‍ ഐജി. 2015 മുതല്‍ 2022 വരെ അദ്ദേഹം ഈ പദവിയിലിരുന്നു. ഇക്കാലത്താണ് വിമാന കമ്പനി വലിയ കുതിപ്പ് നടത്തിയതും ലാഭത്തിലെത്തിയതും. ജനുവരിയില്‍ രാജിവച്ച അദ്ദേഹം എയര്‍ ഇന്ത്യയുടെ മേധാവിയായി എത്തുന്നു എന്ന വാര്‍ത്ത വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നഷ്ടത്തിലുള്ള എയര്‍ ഇന്ത്യയ്ക്ക് പുതുജീവന്‍ നല്‍കാന്‍ ഇല്‍ക്കര്‍ ഐജിക്ക് സാധിക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്നിരുന്നത്.
മികച്ച സംരഭകനായ ഇല്‍ക്കര്‍ ഐജി നേരത്തെ നിരവധി ഇന്‍ഷുറന്‍സ് കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. തുര്‍ക്കിയിലെ ഇസ്പ എന്ന പ്രശസ്തമായ സ്ഥാപനത്തിന്റെ പ്രസിഡന്റ് പദവിയും വഹിച്ചിരുന്നു. ശേഷമാണ് തുര്‍ക്കി എയര്‍ലൈന്‍ മേധാവിയായത്. ഇദ്ദേഹത്തെ പുതിയ മേധാവിയായി നിയമിക്കാന്‍ തീരുമാനിച്ചുവെന്നും സര്‍ക്കാരിന്റെ അംഗീകാരത്തിനായി രേഖകള്‍ കൈമാറി എന്നും നേരത്തെ ടാറ്റ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ നടപടികളുണ്ടായില്ല.
ഫെബ്രുവരി 20ന് പിടിഐ നല്‍കിയ വാര്‍ത്തയില്‍ ഇല്‍ക്കര്‍ ഐജിയുടെ നിയമനം നടന്നേക്കില്ലെന്ന് ചില സൂചനകളുണ്ടായിരുന്നു. ഇല്‍ക്കര്‍ ഐജിയുടെ പഴയ പശ്ചാത്തലം വിശദമായി സര്‍ക്കാര്‍ അന്വേഷിച്ചു. ഇതില്‍ ചില അവമതിപ്പുണ്ടായി എന്നാണ് വാര്‍ത്തയിലുള്ളത്. ഇന്ത്യന്‍ കമ്പനികളില്‍ വിദേശികളായ പൗരന്‍മാരെ മേധാവിയായി നിയമിക്കുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമായ പരിശോധന നടത്താറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുര്‍ക്കിയിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന വ്യക്തി കൂടിയാണ് ഇല്‍ക്കര്‍ ഐജി. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ നേരത്തെ ഇസ്താംബൂള്‍ മേയര്‍ ആയിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു ഇല്‍ക്കര്‍ ഐജി. ഇക്കാര്യം ചൂണ്ടിക്കാട്ടി നിയമത്തിന് എതിരായി ആര്‍എസ്എസ് നിലപാടെടുത്തു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. എന്റെ നിയമനത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. തൊഴില്‍ ഉന്നമനം മാത്രമാണ് എന്റെ ലക്ഷ്യം. വിവാദത്തിലേക്ക് വഴി മാറുന്ന സാഹചര്യത്തില്‍ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് ഇല്‍ക്കര്‍ ഐജി പ്രസ്താവനയില്‍ അറിയിച്ചു. ഇല്‍ക്കര്‍ ഐജി പദവി ഏറ്റെടുക്കില്ലെന്ന് ടാറ്റയും സ്ഥിരീകരിച്ചു.












Click it and Unblock the Notifications