ടിവികെയ്ക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി 'വിസിൽ'; നല്ല ശകുനമെന്ന് വിജയ്, ലക്ഷ്യം ഡിഎംകെയുടെ അഴിമതി?
ചെന്നൈ: കഴിഞ്ഞ ദിവസമാണ് വിജയ് നേതൃത്വം നൽകുന്ന പാർട്ടിയായ തമിഴക വെട്രി കഴകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നം അനുവദിച്ചത്. പിന്നാലെ ടിവികെ അധ്യക്ഷൻ വിജയ്, പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി 'വിസിൽ' അനുവദിച്ചതിനെ സ്വാഗതം ചെയ്‌തു രംഗത്ത് വരികയും ചെയ്‌തിരുന്നു. ഇത് ടിവികെയുടെ ആദ്യ വിജയവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നേട്ടത്തിന്റെ മുന്നോടിയുമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
എക്‌സിൽ തമിഴിൽ പങ്കുവെച്ച പ്രസ്‌താവനയിൽ, വിസിൽ തങ്ങൾ അഭ്യർത്ഥിച്ച ചിഹ്നങ്ങളിലൊന്നായിരുന്നു എന്നും, അത് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദിയുണ്ടെന്നും വിജയ് രേഖപ്പെടുത്തി. 'ഞങ്ങൾ അപേക്ഷിച്ച ചിഹ്നങ്ങളിൽ ഒന്നാണ് വിസിൽ. ഇത് ഞങ്ങൾക്ക് അനുവദിച്ചു തന്ന തിരഞ്ഞെടുപ്പ് കമ്മീഷന് ഞാൻ നന്ദി പറയുന്നു. ടിവികെയുടെ തിരഞ്ഞെടുപ്പ് യാത്രയിലെ ആദ്യ അധ്യായമാണിത്' വിജയ് കൂട്ടിച്ചേർത്തു.

വിസിൽ പ്രായഭേദമന്യേ ജനങ്ങളിൽ ആഴത്തിൽ സ്വാധീനം ചെലുത്തുന്ന ചിഹ്നമാണെന്ന അഭിപ്രായമാണ് വിജയ് രേഖപ്പെടുത്തിയത്. 'മനുഷ്യന്റെ സന്തോഷം, വിജയം, സുരക്ഷ' എന്നിവയെ ഇത് പ്രതിനിധാനം ചെയ്യുന്നുവെന്ന് വിജയ് വ്യക്തമാക്കി. ഡിഎംകെയ്ക്ക് എതിരെ പോരാടാൻ ഇറങ്ങുന്ന വിജയ്‌യുടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വാർത്ത തന്നെയാണ്.
'നിരന്തരമായ കഠിനാധ്വാനം ലക്ഷ്യത്തിലെത്തുമ്പോൾ ഉയരുന്ന ആഘോഷത്തിന്റെ ശബ്‌ദമാണ് വിസിൽ. അതിലേറെ, ജനങ്ങളെ സംരക്ഷിക്കുന്നവരുടെ കൈകളിലാണത്; അത് സുരക്ഷയുടെ പ്രതീകമാണ്' അദ്ദേഹം വിശദീകരിച്ചു. വിസിൽ ലഭിച്ചത് നല്ല ശകുനമാണെന്ന വിജയ്‌യുടെ വാക്കുകളിൽ നിന്ന് അത് അവർക്ക് ഉണ്ടാക്കുന്ന രാഷ്ട്രീയ ഊർജം വെളിപ്പെടുന്നുണ്ട്.
'ജനങ്ങളുമായി അടുപ്പമുള്ളതും വിജയത്തെ പ്രവചിക്കുന്നതുമായ ഈ ചിഹ്നം പ്രകൃതിയും ദൈവവും ഞങ്ങൾക്ക് നൽകിയ സമ്മാനമാണ്. ഇത് ടിവികെയുടെ വിജയത്തിന്റെ മുന്നോടിയാണ്. വിസിൽ നല്ലവരായ ആളുകളുടെ ചിഹ്നമാണ്. രാജ്യത്തെ സംരക്ഷിക്കുന്നവരുടെയും അഴിമതിയെ ഇല്ലാതാക്കുന്നവരുടെയും ചിഹ്നമാണത്. അത് വിജയത്തിന്റെ ചിഹ്നം കൂടിയാണ്' എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ.
വിസിലിന് ധാർമികവും രാഷ്ട്രീയവുമായ മാനം നൽകിക്കൊണ്ട്, തെറ്റുതിരുത്തലിനും പരിഷ്‌കരണത്തിനുമുള്ള ഉപാധിയായി വിജയ് അതിനെ അവതരിപ്പിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിസിൽ ചിഹ്നത്തിന് പിന്നിൽ അണിനിരക്കാൻ അണികളോട് ആഹ്വാനം ചെയ്‌ത വിജയ്, നമുക്ക് വലിയ വിജയം നേടാം. നമുക്ക് വിസിൽ മുഴക്കാം എന്ന് പറഞ്ഞ് കൊണ്ടാണ് വാക്കുകൾ അവസാനിപ്പിച്ചത്.
അതേസമയം, ടിവികെ ഇതുവരെ സഖ്യങ്ങൾ ഔപചാരികമാക്കിയിട്ടില്ലെങ്കിലും, ശുദ്ധമായ ഭരണത്തിനും വ്യവസ്ഥാപരമായ മാറ്റങ്ങൾക്കുമായി പ്രതിജ്ഞാബദ്ധമായ ജനകീയ പ്രസ്ഥാനമായാണ് വിജയ് പാർട്ടിയെ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വിസിൽ എന്ന ചിഹ്നം കൊണ്ട് അവർ ആളുകളിലേക്ക് കയറി ചെല്ലുക അഴിമതി വിരുദ്ധ ഇമേജ് ഉയർത്തി പിടിച്ചുകൊണ്ട് തന്നെയായിരിക്കും.
സാധാരണയായി വിസിൽ ബ്ലോവേഴ്‌സ് എന്നാണ് അഴിമതി കണ്ടെത്തുന്ന, അതിനെ എതിർക്കുന്ന ആളുകളെ വിശേഷിപ്പിക്കാറുള്ളത്. അതേ ചിഹ്നം നേടിയെടുത്തുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുകയാണ് വിജയുടെ ലക്ഷ്യം. നിലവിൽ ആരുമായും സഖ്യത്തിൽ എത്താതിരിക്കുന്ന വിജയ് ഇനി കരുതലോടെയാവും നീങ്ങുക. ഡിഎംകെയുടെ അഴിമതി തുറന്ന് കാട്ടുക എന്നതാവും അവരുടെ പ്രഥമ ലക്ഷ്യം.












Click it and Unblock the Notifications