പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് ടിവികെ സർക്കാർ; വിജയ് എത്തി, വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചതിൽ വിവാദം
ചെന്നൈ: സംസ്ഥാനത്ത് സ്‌കൂൾ വിദ്യാർഥികൾക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്. ചെന്നൈ തിരുവൻമയൂരിൽ ഗാന്ധി ഗ്രാമം മിഡിൽ സ്‌കൂളിലെ ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഭക്ഷണം നൽകി കൊണ്ടാണ് പെരുന്തലൈവർ കാമരാജർ പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വിദ്യാർഥികൾക്ക് പൊങ്കൽ, സാമ്പാർ, മധുരപലഹാരം എന്നിവ വിളമ്പിയിരുന്നു. തുടർന്ന് വിദ്യാർഥികൾക്കൊപ്പം മുഖ്യമന്ത്രിയും പ്രഭാതഭക്ഷണം കഴിച്ചു. സ്‌കൂളിലെ 217 വിദ്യാർഥികളാണ് ഇന്ന് പദ്ധതിയുടെ ഭാഗമായി പ്രഭാതഭക്ഷണം കഴിച്ചത്. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിച്ചതോടെ സംസ്ഥാനത്താകെ 15.30 ലക്ഷം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സാമ്പത്തിക വർഷം പദ്ധതിയുടെ വിപുലീകരണത്തിനായി സാമൂഹ്യക്ഷേമ വകുപ്പ് 217 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രഭാതഭക്ഷണത്തിന് ശേഷം മുഖ്യമന്ത്രി സ്‌കൂളിലെ മറ്റു വിദ്യാർഥികളുമായും സംസാരിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിനിയായ എസ് തർശിനി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയുടെ അനുഭവവും പങ്കുവെച്ചു. തന്റെ പേരും ക്ലാസും മുഖ്യമന്ത്രി ചോദിച്ചെന്നും പഠനത്തെക്കുറിച്ച് അന്വേഷിച്ചെന്നും തർശിനി പറഞ്ഞു.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് താൻ പ്രാർഥന പൂർത്തിയാക്കുന്നതുവരെ മുഖ്യമന്ത്രി ക്ഷമയോടെ കാത്തുനിന്നെന്നും വിദ്യാർഥിനി പറഞ്ഞു. മന്ത്രിമാരായ എൻ ആനന്ദ്, ആദവ് അർജുന, രാജ്മോഹൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തു. നേരത്തെ തന്നെ ഇക്കാര്യത്തിൽ ടിവികെ സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു, മാത്രമല്ല ഉച്ചഭക്ഷണ മെനുവിൽ ചിക്കൻ ബിരിയാണി കൂടി ഉൾപ്പെടുത്തുന്നതും അവർ പരിഗണിക്കുന്നുണ്ട്.
മുഖ്യമന്ത്രി എത്തുന്നതിന് മുമ്പ് തന്നെ വിദ്യാർത്ഥികൾ സ്‌കൂളിൽ എത്തിയിരുന്നു. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുടെ സ്‌കൂൾ ബാഗുകൾ പരിശോധിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിമർശനങ്ങളും ഉയർന്നു. പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളെ വരെ സുരക്ഷയുടെ പേരിൽ ബുദ്ധിമുട്ടിച്ചുവെന്നാണ് ആരോപണം.
കുട്ടികളുടെ പോഷക നില മെച്ചപ്പെടുത്തുന്നതിനും വിദ്യാർഥികൾ വിശപ്പില്ലാതെ സ്‌കൂളിൽ എത്തുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സർക്കാർ അറിയിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ പ്രഭാതഭക്ഷണ പദ്ധതി എന്നറിയപ്പെട്ടിരുന്ന പദ്ധതിക്ക് ജൂലൈയിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ കാമരാജിന്റെ പേര് നൽകുകയായിരുന്നു. ഇതോടെ പദ്ധതി പെരുന്തലൈവർ കാമരാജർ പ്രഭാതഭക്ഷണ പദ്ധതി എന്ന പേരിൽ അറിയപ്പെടുന്നു.


Click it and Unblock the Notifications
