തിരഞ്ഞെടുപ്പിന് മുൻപേ വൻ നീക്കവുമായി ടിവികെ; സ്ഥാനാർത്ഥികൾക്കായി അഭിമുഖം..! അതും വിജയ് നേരിട്ട് നടത്തും
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ഒരുങ്ങുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രമുഖ മണ്ഡലങ്ങൾ മുതിർന്ന നേതാക്കൾക്കായി നീക്കിവയ്ക്കുമെന്നാണ് ലഭ്യമായ വിവരം. അതിൽ ജയസാധ്യത ഉള്ളതും കടുത്ത മത്സരം നടക്കുന്നതുമായ മണ്ഡങ്ങളും ഉൾപ്പെടുമെന്നാണ് സൂചന.
അതിനിടെ പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തിയ വിജയ്, ഇന്ന് ഏകദേശം 60 സ്ഥാനാർത്ഥികളെ അഭിമുഖം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ താൽപര്യപ്പെട്ട് 4200-ൽ അധികം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അവ പൂർണമായി വിശകലനം ചെയ്‌ത് മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്നതാണ് ടിവികെയും വിജയ്‌യും ലക്ഷ്യമിടുന്നത്.

സ്ഥാനാർത്ഥികളെ ഉടൻ തന്നെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ ടിവികെ ഒരുങ്ങുകയാണെന്നാണ് വിവരം. പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, മുതിർന്ന നേതാക്കളായ ബസ്സി ആനന്ദ് ടി നഗറിലും ആദവ് അർജുന വില്ലിവാക്കത്തും അരുൺ രാജ് തിരുച്ചെങ്കോടും മത്സരിച്ചേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ടിവികെയുടെ അവസാന വാക്കായ വിജയ്‌യുടേതായിരിക്കും.
2024 ഫെബ്രുവരി 2-ന് സ്ഥാപിതമായ പാർട്ടി ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ഭരണകക്ഷിയായ ഡിഎംകെക്ക് ശക്തമായ ഒരു ബദലായി സ്വയം അവതരിപ്പിക്കാനാണ് അവർ തീവ്രമായി ശ്രമിക്കുന്നത്. അധികാരം പങ്കുവെക്കാമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടും, ടിവികെയുമായി തിരഞ്ഞെടുപ്പ് സഖ്യം ചേരാൻ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറായിട്ടില്ല.
അതിനിടെ വിജയ് എഐഎഡിഎംകെ-ബിജെപി സഖ്യത്തിൽ ചേരുമെന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. നിലവിലുള്ള പ്രശ്‌നങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാനാണ് വിജയ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നായിരുന്നു റിപ്പോർട്ട്. എങ്കിലും എഐഎഡിഎംകെ-ബിജെപി സഖ്യത്തിൽ അദ്ദേഹം ചേരില്ലെന്ന് പനയൂരിലെ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ആരുമായും സഖ്യമില്ലാതെ ടിവികെ
നേരത്തെ കോൺഗ്രസിന് സഖ്യത്തിൽ ചേരാൻ ടിവികെ വാതിൽ തുറന്നിട്ടപ്പോൾ, കോൺഗ്രസ് ഡിഎംകെ സഖ്യത്തിന് പിന്തുണ നൽകി വിജയ്‌യുടെ മോഹങ്ങൾ ഇല്ലാതാക്കുകയായിരുന്നു. കോൺഗ്രസ് ഡിഎംകെയോട് കൂടുതൽ സീറ്റുകളും സർക്കാരിൽ ഒരു പങ്കും ആവശ്യപ്പെട്ടപ്പോൾ, ആ ഓഫറുകൾ നൽകുമെന്ന് ടിവികെ പറഞ്ഞെങ്കിലും അവർ പനയൂരിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയതുപോലുമില്ല എന്നതായിരുന്നു യാഥാർഥ്യം.
നിലവിൽ ഭരണത്തിൽ ഇരിക്കുന്ന ഡിഎംകെയെ കൈവിട്ട് എന്തിന് പുതുമുഖമായ വിജയ്‌യുടെ പാർട്ടിയുമായി ചേരണം എന്ന ചോദ്യമാണ് കോൺഗ്രസിനുള്ളിൽ നിന്ന് ഉയർന്നത്. മാത്രമല്ല ഇന്ത്യ സഖ്യത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന ഡിഎംകെയെ പിണക്കുന്നത് ബുദ്ധിയല്ലെന്നും കോൺഗ്രസ് മനസിലാക്കി, ഇതോടെയാണ് വിജയ്‌യുടെ വാഗ്‌ദാനങ്ങൾ നിരുപാധികം നിരസിച്ചത്.












Click it and Unblock the Notifications