Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും

ചെന്നൈ: എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, സൂപ്പർതാരം വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് അംഗം രഞ്ജന നാച്ചിയാർ പാർട്ടിയിൽ നിന്ന് രാജിവെച്ച് ഭരണകക്ഷിയായ ഡിഎംകെയിൽ ചേർന്നു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് പാർട്ടിയിലെ വനിതാ നേതാവിന്റെ അപ്രതീക്ഷിത നീക്കം.

ഈ കൂറുമാറ്റം ടിവികെയ്ക്കും വിജയ്ക്കും തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ടിവികെ അധ്യക്ഷൻ വിജയ് സ്ത്രീകളെ അവഹേളിക്കുന്നുവെന്ന് രഞ്ജന നാച്ചിയാർ ആരോപിച്ചു. വനിതാ ദിനത്തിൽ പാർട്ടി നേതാക്കൾ സ്ത്രീകളെ അപമാനിച്ചു. വ്യക്തിപരമായ കാര്യങ്ങളെ പ്രധാന്യമില്ലാത്തതെന്ന് വിജയ് പറഞ്ഞത് ഭാര്യ സംഗീതയോടുള്ള അനാദരവാണെന്ന് രഞ്ജന ചൂണ്ടിക്കാട്ടി.

tvk

'നിങ്ങളുടെ ഭാര്യയാണോ വിവാഹമാണോ പ്രധാന്യമില്ലാത്തത്?' എന്ന് രഞ്ജന വിജയ്യോട് ചോദിച്ചു. ദശലക്ഷക്കണക്കിന് യുവ അനുയായികളുള്ള നേതാവ് മോശം മാതൃക ഒഴിവാക്കാൻ പൊതു പ്രസ്‌താവനകളിൽ ജാഗ്രത പാലിക്കണമെന്ന് അവർ പറയുന്നു. മാത്രമല്ല പാർട്ടി പ്രവർത്തകരുടെ വേദന നേതൃത്വം ശ്രദ്ധിക്കുന്നില്ലെന്നും രഞ്ജന ചൂണ്ടിക്കാട്ടി.

വേറിട്ട രാഷ്ട്രീയം കൊണ്ടുവരുമെന്ന് വാഗ്‌ദാനം ചെയ്‌ത വിജയ് അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും മാധ്യമങ്ങളോട് അവർ പറഞ്ഞു. തീരുമാനങ്ങൾ പലപ്പോഴും ഏകപക്ഷീയമായിരുന്നു എന്നതാണ് പ്രധാന പ്രധാന പ്രശ്‌നം. താഴെ തട്ടിലുള്ള പ്രവർത്തകരുടെ ശബ്‌ദങ്ങൾ കേൾക്കാൻ പരിമിതമായ ഇടമേ ഉണ്ടായിരുന്നുള്ളൂ. സജീവമായി സംഭാവനകൾ നൽകുന്നവരുടെ പ്രയത്നങ്ങൾ വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ല; എന്നായിരുന്നു രഞ്ജനയുടെ ആരോപണം.

നേതൃത്വം എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രാപ്യമുള്ളതുമായിരിക്കണം. താഴെത്തട്ടിലുള്ളവർക്ക് പോലും തങ്ങളുടെ ശബ്‌ദത്തിന് പ്രാധാന്യമുണ്ടെന്ന് തോന്നുന്ന സാഹചര്യം ടിവികെയിൽ ഇല്ല. ഇത് നിരാശയ്ക്ക് കാരണമായി. വിജയ് വാക്ക് പാലിച്ചില്ല. അണികളെയും പൊതുജനങ്ങളെയും നേരിട്ട് കാണുന്നില്ല. അദ്ദേഹത്തെ സമീപിക്കാൻ സാധിക്കുന്നില്ല; രഞ്ജന രാജിയുടെ കാരണം വ്യക്തമാക്കി.

കൂടാതെ പാർട്ടി വിഷയങ്ങൾ ഏകപക്ഷീയമായി കൈകാര്യം ചെയ്യുകയാണെന്നും താഴെ തട്ടിലുള്ള പ്രവർത്തകരെ അവഗണിക്കുകയാണെന്നും രഞ്ജന ആരോപിച്ചു. 'വിജയ് എംജിആറിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞപ്പോൾ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എംജിആർ ജനങ്ങളെ നേരിട്ട് കണ്ടിരുന്നത് പോലെ, എന്നാൽ വിജയ് കാറിൽ ഇരുന്ന് ദൂരെ നിന്ന് കൈവീശി കാണിക്കുകമാത്രമാണ് ചെയ്യുന്നത്' രഞ്ജന എടുത്തുപറയുന്നു.

തുടർന്ന് ഇന്നലെ അവർ ഡിഎംകെയിൽ ചേർന്നു. എന്തുകൊണ്ട് ഡിഎംകെ എന്നതിന്റെ ഉത്തരവും അവർ നൽകി. 'ഡിഎംകെ ഇപ്പോൾ അധികാരത്തിലിരിക്കുന്ന പാർട്ടിയാണ്. ജനങ്ങൾക്ക് അവരിൽ വിശ്വാസമുള്ളതുകൊണ്ടാണത്. ഡിഎംകെയെ ജനങ്ങൾ വിശ്വസിക്കുന്നുവെന്ന് നമുക്കറിയാം' രഞ്ജന പറഞ്ഞു. പക്വതയും ഉത്തരവാദിത്തവുമുള്ള ഒരു രാഷ്ട്രീയ ശക്തിയായാണ് ഡിഎംകെയെ അവർ വിലയിരുത്തിയത്.

അതേസമയം, അഭിനേത്രി കൂടിയായ രഞ്ജന നാച്ചിയാർ എട്ട് വർഷത്തോളം ബിജെപി സംസ്ഥാന കലാ-സാംസ്‌കാരിക വിഭാഗം സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. അവിടെ ഹിന്ദി അടിച്ചേൽപ്പിക്കൽ, ദ്രാവിഡ വിരുദ്ധ നിലപാടുകൾ, തമിഴ്‌നാടിനോടുള്ള അവഗണന എന്നീ വിഷയങ്ങളിലെ ഭിന്നതകളെ തുടർന്ന് കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ബിജെപി വിട്ട അവർ ഇക്കഴിഞ്ഞ ജനുവരിയിൽ ടിവികെയിൽ ചേരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+