ബെംഗളൂരുവിൽ 17 കിലോമീറ്റർ സഞ്ചരിക്കാൻ 2 മണിക്കൂർ..! ഉത്പാദനക്ഷമതയെ ബാധിക്കുമെന്ന് എഐ കമ്പനി സ്ഥാപകൻ

ബെംഗളൂരു: നഗരത്തിലെ ഗതാഗത കുരുക്ക് എക്കാലത്തും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുള്ള ഒന്നാണ്. ഇപ്പോഴിതാ ഈ ഗതാഗതക്കുരുക്ക് ഇനി യാത്രക്കാരുടെ മാത്രം പ്രശ്‌നമല്ലെന്നും അത് നഗരത്തിന്റെ ഉൽപ്പാദനക്ഷമതയെ ബാധിക്കുന്ന വിഷയമായി മാറുകയാണെന്നും പറയുകയാണ് ഒരു എഐ കമ്പനി സ്ഥാപകൻ. രാവിലെ 10.15ന് ആളൊഴിഞ്ഞ ഓഫീസ് കെട്ടിടത്തിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമത്തിൽ ചർച്ചയ്ക്ക് തുടക്കമിട്ടത്.

എഐ രംഗത്തെ ഒരു സ്‌റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ അമരക്കാരനായ ബാല പനീർശെൽവം ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള നഗരത്തിന്റെ ശേഷിയെ ഗുരുതരമായി ബാധിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. വൈറ്റ്ഫീൽഡിൽ നിന്ന് എച്ച്എസ്ആർ ലേഔട്ടിലേക്ക് ഏകദേശം 17 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വൈകിട്ട് നാലുമണിയോടെ രണ്ട് മണിക്കൂർ എടുത്തതാണ് അദ്ദേഹത്തെ ഇത്തരമൊരു പ്രതികരണത്തിലേക്ക് നയിച്ചത്.

bengaluru

മഴയോ മറ്റേതെങ്കിലും പ്രത്യേക തടസങ്ങളോ ഇല്ലാത്ത സാധാരണ ദിവസമായിരുന്നിട്ടും യാത്രയ്ക്ക് ഇത്രയും സമയം വേണ്ടിവന്നതായി അദ്ദേഹം പറഞ്ഞു. രാവിലെ 10.15ന് എടുത്ത തന്റെ ഓഫീസ് ചിത്രവും അദ്ദേഹം പങ്കുവെച്ചു. നിരനിരയായി മേശകളും കസേരകളും ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുകയായിരുന്നു. എച്ച്എസ്ആർ ലേഔട്ടിലെ ഓഫീസിൽ എടുത്ത ചിത്രത്തിൽ ആ സമയത്ത് ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഒരേ സ്ഥലത്ത് പ്രവർത്തിക്കുന്ന നാല് മുതൽ അഞ്ച് വരെ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾപ്പെടുത്തിയാലും വളരെ കുറച്ച് ആളുകൾ മാത്രമാണ് രാവിലെ ഓഫീസിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഓഫീസുകളിലേക്ക് എത്താൻ ജീവനക്കാർ നേരിടുന്ന ബുദ്ധിമുട്ടാണ് പലരും രാവിലെ വൈകിയെത്തുന്നതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാർ സാധാരണയായി രാവിലെ പത്ത് മണിക്കും ഉച്ചയ്ക്ക് പന്ത്രണ്ടിനുമിടയിലാണ് ഓഫീസുകളിൽ എത്താൻ തുടങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യാത്രയ്ക്കായി ചെലവഴിക്കുന്ന സമയം മാത്രമല്ല പ്രധാന പ്രശ്‌നമെന്നും യാത്രയ്ക്കിടെയുണ്ടാകുന്ന മാനസിക ക്ഷീണമാണ് കൂടുതൽ ഗുരുതരമെന്നും ബാല പറഞ്ഞു. ഹോൺ മുഴക്കങ്ങൾ, വാഹനങ്ങളുടെ ശബ്‌ദം, പെട്ടെന്നുള്ള പാതമാറ്റങ്ങൾ, സിഗ്നൽ മറികടക്കുന്ന വാഹനങ്ങൾ, റോഡ് മുറിച്ചുകടക്കുന്ന ആളുകൾ എന്നിവയെല്ലാം ഡ്രൈവർമാരുടെ ശ്രദ്ധ നിരന്തരം ആവശ്യപ്പെടുന്നു. അതിനാൽ ഓഫിസിലെത്തുമ്പോഴേക്കും ജീവനക്കാരിൽ പലരും മാനസികമായി ക്ഷീണിച്ചിരിക്കും.

എച്ച്എസ്ആർ ലേഔട്ടിൽ നാല് കിലോമീറ്റർ ദൂരം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കാൻ സാധാരണയായി ഏകദേശം 20 മിനിറ്റും കാറിൽ ഏകദേശം 30 മിനിറ്റും വേണ്ടിവരാം. തിരക്കേറിയ സമയങ്ങളിൽ ഇത് ഇനിയും വർധിക്കും. ഓഫീസിലെത്തിയ ഉടൻ തന്നെ ജീവനക്കാർക്ക് ജോലിയിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് മനസ്സിന് വിശ്രമിക്കാനുള്ള സമയം ആവശ്യമാണ്. എന്നാൽ ഗതാഗതക്കുരുക്കിൽപ്പെട്ട് ഓഫീസിലെത്തുന്ന പലർക്കും അതിന് അവസരം ലഭിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. ഗതാഗതക്കുരുക്ക് ജീവനക്കാരുടെ ജോലി സമയത്തെ പെരുമാറ്റത്തെയും ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ചിലർ ഓഫീസിലെത്തുന്നത് വൈകുകയും ചിലർ വൈകുന്നേരത്തെ തിരക്കൊഴിവാക്കാൻ ആറോ ഏഴോ മണിക്ക് ശേഷവും ഓഫീസിൽ തുടരുകയും ചെയ്യുന്നു. ചില ഓഫീസുകളിൽ ജീവനക്കാർ വൈകുന്നേരം ടേബിൾ ടെന്നീസ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടുന്നതും തിരക്കേറിയ സമയത്ത് റോഡിലിറങ്ങുന്നത് ഒഴിവാക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

വൈകിട്ട് ആറുമണിക്ക് ശേഷം ഓഫീസിൽനിന്ന് പുറപ്പെട്ടാൽ വീട്ടിലെത്താൻ സാധാരണയേക്കാൾ ഇരട്ടി സമയം വേണ്ടിവരാം. അഞ്ചുമണിക്ക് പുറപ്പെട്ടാലും വീട്ടിലെത്തുമ്പോഴേക്കും കടുത്ത ക്ഷീണം അനുഭവപ്പെടുന്നതിനാൽ വ്യക്തിജീവിതത്തിനായി സമയം ചെലവഴിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ വീട്ടിലിരുന്നുള്ള ജോലി മാത്രം സർക്കാർ പരിഹാരമായി കാണരുതെന്നും ബാല അഭിപ്രായപ്പെട്ടു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന്റെ കാര്യക്ഷമത ഓരോ സ്ഥാപനത്തിന്റെയും ജോലിയുടെ സ്വഭാവത്തിനനുസരിച്ച് വ്യത്യസ്‌തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില ജോലികൾ വീട്ടിൽനിന്ന് ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിലെ ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കാനാകാത്തതല്ലെന്നും അദ്ദേഹം പറഞ്ഞു. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ ഉയർന്ന ജനസാന്ദ്രതയുള്ള നഗരങ്ങൾ ഗതാഗത പ്രശ്‌നങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈക്കിൾ യാത്രയ്ക്ക് സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുക, നഗരാസൂത്രണത്തിൽ ദീർഘകാല സമീപനം സ്വീകരിക്കുക എന്നിവയാണ് പ്രധാന പരിഹാരങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സ്വന്തം സ്ഥാപനത്തിൽ ജീവനക്കാർക്ക് കർശനമായ ഓഫീസ് സമയക്രമം നിർബന്ധമാക്കിയിട്ടില്ലെന്നും ബാല പറയുന്നു. ഇതോടെ അദ്ദേഹത്തിന്റെ പോസ്‌റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+