മഹാരാഷ്ട്രയില്‍ കളി മാറുന്നു, രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയെ പിന്തുണച്ചു. വീണ്ടും ട്വിസ്റ്റ്!
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന സമ്മര്‍ദം ശക്തമാക്കുന്നതിനിടെ വീണ്ടും ട്വിസ്റ്റ്. രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിയെ പിന്തുണച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തെ പിന്തുണച്ച എംഎല്‍എമാരില്‍ ഒരാളും ഇതിലുണ്ട്. അതേസമയം സംസ്ഥാനത്ത് പദവികള്‍ തുല്യമായി പങ്കിടുന്നതിനെ ചൊല്ലിയാണ് ബിജെപി ശിവസേന പോര് സംസ്ഥാനത്ത് തുടരുന്നത്. മുഖ്യമന്ത്രി സ്ഥാനമടക്കം തുല്യമായി പങ്കിടണമെന്നാണ് ആവശ്യം.

അമരാവതി ജില്ലയിലെ ബദ്‌നേരയിലെ സ്വതന്ത്ര എംഎല്‍എയായ രവി റാണയാണ് ബിജെപിക്ക് അപ്രതീക്ഷിതമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വിദര്‍ഭ മേഖലയില്‍ നിന്ന് റാണ തുടര്‍ച്ചയായ മൂന്നാം തവണയാണ് വിജയിക്കുന്നത്. എല്ലാ തവണയും കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന്റെ പിന്തുണയും ഉണ്ടാവാറുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ വിജയിച്ച നേതാവ് ബിജെപിയെ പിന്തുണച്ചത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന്.
റാണയുടെ ഭാര്യ അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ്. ഇവര്‍ വിജയിച്ചതും എന്‍സിപിയുടെ പിന്തുണയോടെയാണ്. ശിവസേനയുടെ ആനന്ദ് റാവു അദ്‌സുലിനെയാണ് അന്ന് തോല്‍പ്പിച്ചത്. ദേവേന്ദ്ര ഫട്‌നാവിസ് വിദര്‍ഭയില്‍ നിന്നുള്ള നേതാവാണ്. ഞാനും അങ്ങനെ തന്നെയാണ്. അതുകൊണ്ട് എന്റെ പിന്തുണ ബിജെപിക്കാണെന്നും റാണ വ്യക്തമാക്കി. ഫട്‌നാവിസ് നിരവധി വികസന കാര്യങ്ങള്‍ മണ്ഡലത്തിനായി ചെയ്തിട്ടുണ്ട്. ഇവിടെ മെഡിക്കല്‍ കോളേജ് വരെ കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു.
അമരാവതിയില്‍ ബെലോര വിമാനത്താവളം വരുന്നതിനായി എല്ലാ സഹായവും ചെയ്തത് ഫട്‌നാവിസ് സര്‍ക്കാരാണ്. നന്ദ്ഗാവില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിന് അനുമതി നല്‍കിയെന്നും അദ്ദേഹം പറയുന്നു. ഫട്‌നാവിസിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരിന്റെ ഭാഗമാകാനാണ്. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ എനിക്ക് സാധിക്കും. പ്രതിപക്ഷത്ത് ഇരിക്കുന്നത് കൊണ്ട് യാതൊരു ഗുണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എന്‍സിപിയുമായി പ്രശ്‌നമുണ്ടാവില്ലെന്നും, അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ താനുണ്ടാവുമായിരുന്നെന്നും റാണ പറഞ്ഞു.












Click it and Unblock the Notifications