ശ്രീനഗറിൽ പോലീസ് ബസിന് നേരെ ഭീകരാക്രമണം, രണ്ട് പോലീസുകാർക്ക് വീരമൃത്യു, 12 പേർക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പോലീസ് ബസിന് നേര്‍ക്ക് ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മരണവിവരം ജമ്മു കശ്മീർ ഡിജിപി സ്ഥിരീകരിച്ചു. ജമ്മു കശ്മീര്‍ സായുധ സേനയിലെ ഒന്‍പതാമത് ബറ്റാലിയനിലെ പോലീസുകാരാണ് ആക്രമിക്കപ്പെട്ടത്. പതിനാല് ഓഫീസര്‍മാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ പന്ത്രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ശ്രീനഗറിലെ പാന്ത ചൗക്ക് പ്രദേശത്ത് സെവാന്‍ എന്ന സ്ഥലത്തിന് അടുത്ത് വെച്ചാണ് പോലീസ് ബസ് ആക്രമിക്കപ്പെട്ടത്. തീവ്രവാദികള്‍ പോലീസ് ബസിന് നേര്‍ത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണം നടന്ന പ്രദേശം ഇപ്പോള്‍ പോലീസ് നിയന്ത്രണത്തിലാണുളളത്. ആക്രമണം നടത്തിയവര്‍ക്ക് വേണ്ടിയുളള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ജമ്മു കശ്മീര്‍ എന്ന സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

രണ്ട് ദിവസത്തിനിലെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണം ആണിത്. ഒരു എഎസ്‌ഐയും കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത് എന്ന് ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി എന്നിവര്‍ ഭീകരാക്രമണത്തെ അപലപിച്ചു. ശ്രീനറിനടുത്ത് വെച്ച് പോലീസ് ബസിന് നേര്‍ക്കുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്ന വാര്‍ത്ത ആണെന്ന് ഒമര്‍ അബ്ദുളള ട്വീറ്റ് ചെയ്തു. ആക്രമണത്തെ അപലപിക്കുന്നതായും ഒമര്‍ അബ്ദുള്ള പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച ഒമര്‍ അബ്ദുളള പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതായും ട്വിറ്ററില്‍ കുറിച്ചു.
രണ്ട് പോലീസുകാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം ദുഖകരമാണെന്ന് മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. കശ്മീരില്‍ സാധാരണ നില പുനസ്ഥാപിക്കപ്പെട്ടു എന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത് തെറ്റാണെന്ന് തുറന്ന് കാട്ടപ്പെട്ടിരിക്കുകയാണെന്നും എന്നിട്ടും തിരുത്തല്‍ നടപടികളൊന്നും ഇല്ലെന്നും മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ മെഹ്ബൂബ അനുശോചനം അറിയിച്ചു. ഇന്ന് രാവിലെ ശ്രീനഗറിലെ രംഗ്രേത് മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. വെടിവെപ്പില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പുൽവാമയിലും സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായിരുന്നു
ദിലീപിന്റെ നായികയാവുന്നുണ്ടോ? ദിലീപിനൊപ്പം ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ, ചിത്രങ്ങൾ












Click it and Unblock the Notifications