ദില്ലിയിലെ വ്യാപനത്തിന് പിന്നില്‍ ബ്രിട്ടീഷ് വേരിയന്റ്, ഇരട്ട ജനിതകമാറ്റം വന്നതും ഭീഷണി
ദില്ലി: കൊവിഡിന്റെ വ്യാപനം ദില്ലിയില്‍ അതിരൂക്ഷമെന്ന് സാമ്പിള്‍ പഠനം. ബ്രിട്ടനില്‍ നിന്ന് വന്ന കൊവിഡ് വേരിയന്റാണ് ഇപ്പോള്‍ വ്യാപകമായി പടരുന്നത്. ഇത് ജനിതക മാറ്റം വന്നതാണ്. ഇതോടൊപ്പം ഇന്ത്യയില്‍ നിന്നുള്ള ഇരട്ട ജനിതക മാറ്റം വന്ന കൊവിഡും വലിയ ഭീഷണിയായി ദില്ലിക്ക് മുന്നിലുണ്ട്. കടുത്ത ഓക്‌സിജന്‍ ക്ഷാമം അടക്കം ദില്ലി നേരിടുന്നുണ്ട്. എന്നാല്‍ കടുത്ത പ്രശ്‌നങ്ങള്‍ പുതിയ വേരിയന്റ് കാരണം തലസ്ഥാന നഗരി നേരിടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

യുകെ വേരിയന്റ്
ദില്ലിയില്‍ പടര്‍ന്ന് പിടിക്കുന്നത് ബ്രിട്ടനില്‍ നിന്നുള്ള കൊറോണവൈറസിന്റെ വകഭേദമാണെന്ന് സാമ്പിള്‍ പരിശോധനയിലാണ് കണ്ടെത്തിയത്. എന്‍സിഡിസി ഈ ഡാറ്റ പുറത്തുവിട്ടിട്ടുണ്ട്. ബ്രിട്ടീഷ് വേരിയന്റിലുള്ള 400 കേസുകളാണ് ദില്ലിയില്‍ നിന്ന് കണ്ടെത്തിയത്. 76 കേസുകള്‍ ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട ജനിതകമാറ്റം വന്ന വൈറസുകളുടെ പരിധിയിലുള്ളത്. ഇന്ത്യയൊട്ടാകെയുള്ള പതിനൊന്ന് ശതമാനത്തോളം സാമ്പിളുകളില്‍ ഇത്തരം വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയും ഭയക്കണം
1644 ബ്രിട്ടീഷ് വേരിയന്റ് കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദ്ക്ഷിണാഫ്രിക്കന്‍ വേരിയന്റിലുള്ള 112 കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രസീലിയന്‍ വകഭേദത്തിന്റെ ഒരു കേസാണ് നിലവിലുള്ളത്. അതേസമയം ഇരട്ട ജനിതക മാറ്റം വന്ന വൈറസ് കേസുകളാണ് വര്‍ധിച്ചത്. നിലവില്‍ ഇത് 732 കേസുകളുണ്ട്. ദില്ലിയില്‍ പരിശോധിച്ച 50 ശതമാനം സാമ്പിളുകളിലും യുകെ വേരിയന്റ് വൈറസ് മാര്‍ച്ചില്‍ കണ്ടെത്തിയിരുന്നു. ദില്ലിയില്‍ ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിന് കാരണം ഈ ബ്രിട്ടീഷ് വകഭേദമാണ്.

കണക്കുകളില്‍ കുതിപ്പ്
മാര്‍ച്ച് തുടക്കത്തില്‍ 28 ശതമാനമായിരുന്നു സാമ്പിളുകളില്‍ യുകെ വേരിയന്റ് വൈറസ് സാന്നിധ്യമുണ്ടായിരുന്നത്. മാര്‍ച്ച് അവസാന വാരം പരിശോധിച്ചപ്പോള്‍ അത് 50 ശതമാനത്തിലെത്തി. ഇത് ഇനിയും കുതിച്ച് കയറാമെന്നാണ് വിലയിരുത്തല്‍. ഡിഎന്‍എ പരിശോധനയില്‍ ഇപ്പോഴത്തെ വര്‍ധനവിന് കാരണം ബ്രിട്ടീഷ് വൈറസാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ യുകെ വേരിയന്റിലുള്ള 64 കേസുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ഇരട്ട ജനിതക മാറ്റം വന്ന 427 കേസുകളുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലേക്കും
ബ്രിട്ടീഷ് വേരിയന്റ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. പഞ്ചാബില്‍ 551 കേസുകളാണ് ബ്രിട്ടീഷ് വേരിയന്റിലുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വകഭേദം വഴിയുള്ള രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ 170 കേസുകളാണ് യുകെ വേരിയിന്റില്‍ നിന്ന് കണ്ടെത്തിയത്. അതേസമയം ദക്ഷിണാഫ്രിക്കന്‍ വേരിയന്റ് കേസ് 57 എണ്ണമുണ്ട്. ബംഗാളില്‍ 40 കേസുകളാണ് ഉള്ളത്. പക്ഷേ 124 ഇരട്ട ജനിതകമാറ്റം വന്ന കൊവിഡ് കേസുകള്‍ ബംഗാളിലുണ്ട്. ഇവിടെ പടരുന്നത്. ഇരട്ട ജനിതകമാറ്റം വന്ന വൈറസാണ്.
Recommended Video

മൂന്നാം വകഭേദം
മൂന്ന് തവണ ജനിതക മാറ്റം സംഭവിച്ച വൈറസ് ബംഗാളില്‍ പടരുന്നുണ്ട്. മഹാരാഷ്ട്രയിലെ 50 ശതമാനം സാമ്പിളുകളില്‍ ഇരട്ട ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യമുണ്ടെന്നും കണ്ടെത്തി. വകഭേദങ്ങള്‍ ഭീഷണിയാകുമ്പോള്‍ ജീന്‍ പരിശോധന വെറും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് നടക്കുന്നത്. വൈറസിനെ എങ്ങനെ നിയന്ത്രിക്കാനാവുമെന്ന് ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ അറിയാനാവൂ. കേന്ദ്ര സര്‍ക്കാര്‍ അഞ്ച് ശതമാനം പരിശോധനയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അത് പോലും നടക്കുന്നില്ല. ഇത് വാക്‌സിനേഷന്‍ നടത്തിയാലും രോഗം വരാനുള്ള സാധ്യതയെ ശക്തമാക്കുന്നതാണ്.












Click it and Unblock the Notifications