ജഹാംഗീർപുരി സംഘർഷത്തിന് ഇടയാക്കിയത് അനുമതിയില്ലാത്ത ഘോഷയാത്ര; ഒരാള്‍ അറസ്റ്റില്‍
ദില്ലി: ജഹാംഗീർപുരിയിൽ വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയ ഘേഷയാത്ര നടന്നത് അനുമതിയില്ലാതെയാണെന്നും സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും ദില്ലി പൊലീസ് അറിയിച്ചു. അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിനാണ് സംഘാടകരില്‍ ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിഎച്ച്പി പ്രവർത്തകനായ പ്രേം ശർമ്മയാണ് അറസ്റ്റിലായത്. അനുമതിയില്ലാതെ ഘോഷയാത്ര നടത്തിയതിന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്‌റംഗ്ദൾ അംഗങ്ങൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 23 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഹനുമാൻ ജയന്തി പ്രമാണിച്ച് പ്രദേശത്ത് അന്ന് മൂന്ന് ഘോഷയാത്രകൾ നടത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘോഷയാത്രകൾക്ക് മാത്രമാണ് അനുമതി നൽകിയിട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അനുമതി ലഭിക്കാത്ത മൂന്നാമത്തെ ഘോഷയാത്രക്കിടെയാണ് സംഘർഷമുണ്ടായത്. ഘോഷയാത്ര ഒരു പള്ളിയുടെ മുന്നിലൂടെ കടന്ന് പോകുമ്പോള്‍ ഹനുമാന്‍ ചാലിസയും ബാങ്ക് വിളിയും ഇരു ഭാഗത്ത് നിന്നുമായി ഉയർന്നു. ഇത് ഘോഷയാത്രയിൽ പങ്കെടുത്തവരും പള്ളിയിൽ പ്രാർത്ഥിക്കുന്നവരും തമ്മിലുള്ള തർക്കത്തിനിടയാക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയുമായിരുന്നു.

ഹനുമാൻ ജയന്തി ഘോഷയാത്രയിൽ പങ്കെടുത്തവർ ആയുധങ്ങളുമായി മസ്ജിദ് തകർക്കാൻ ശ്രമിച്ചുവെന്നാണ് പ്രദേശത്തെ മുസ്ലീങ്ങൾ അവകാശപ്പെടുന്നത്. ഘോഷയാത്രയിൽ പങ്കെടുത്തവർ ആയുധങ്ങൾ കൈവശം വച്ചതായി സമ്മതിക്കുന്നുണ്ടെങ്കിലും അക്രമണത്തിന് ഇടയാക്കിയത് മുസ്ലിം വിഭാഗത്തില്‍ നിന്നുണ്ടായ കല്ലേറാണെന്നാണ് പറയുന്നത്. ഇന്ന് രാവിലെ ഒരു പ്രതിയെ അന്വേഷിക്കുന്ന പോലീസ് സംഘം ബന്ധുവിനെ ചോദ്യം ചെയ്യാൻ ശ്രമിച്ചതോടെയാണ് പ്രദേശത്ത് നേരിയ തോതില്‍ വീണ്ടും സംഘർഷാവസ്ഥ പൊട്ടിപ്പുറപ്പെടുകയും ചെയ്തു
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍
ശനിയാഴ്ചത്തെ സംഘർഷത്തിനിടെ തോക്കുമായി എത്തിയ സോനു ചിക്‌ന എന്ന പ്രതിയെ അന്വേഷിച്ചുകൊണ്ടായിരുന്നു പൊലീസ് സംഘം ജഹാംഗീർപുരിയിലേക്ക് എത്തിയത്. സംഘം സോനു ചിക്‌നയുടെ വീട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ വീട്ടുകാരും അയൽക്കാരും ടീമിന് നേരെ കല്ലെറിയുകയായിരുന്നു. ഇതിനെ ഒറ്റപ്പെട്ട സംഭവം എന്ന് വിശേഷിപ്പിച്ച പൊലീസ് സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തതായും അറിയിച്ചു.
പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് വ്യക്തമാക്കി ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താനയും രംഗത്ത് എത്തിയിട്ടുണ്ട്. "23 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവർ രണ്ട് സമുദായങ്ങളിൽ നിന്നുമുള്ളവരാണ്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഏതൊരു വ്യക്തിക്കെതിരെയും അവരുടെ ക്ലാസ്, മതം, സമുദായം, മതം എന്നിവ പരിഗണിക്കാതെ നടപടിയെടുക്കും," അസ്താന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ചിലർ സോഷ്യൽ മീഡിയയിലൂടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നു. ഞങ്ങൾ സോഷ്യൽ മീഡിയ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. പൊതുജനങ്ങൾ കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications