'സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കും..'; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉടൻ സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സാധ്വി ഋതംഭരയുടെ സന്യാസത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി വൃന്ദാവനത്തിലെ വാത്സല്യ ഗ്രാമത്തിൽ നടന്ന ഷഷ്‌ഠി പൂർണി മഹോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകും ഇതോടെ ഉത്തരാഖണ്ഡ്. റിട്ട. സുപ്രീം കോടതി ജഡ്‌ജിയായ ജസ്‌റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് കരട് ബില്ല് തയ്യാറാക്കിയത്. ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും സമിതി ഉടൻ ഇത് സംസ്ഥാന സർക്കാരിന് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡിസംബർ 23നാണ് ഏകീകൃത സിവിൽ കോഡ് തയ്യാറാക്കുന്ന വിദഗ്‌ധ സമിതിയുടെ തീരുമാനങ്ങൾക്ക് ഉത്തരാഖണ്ഡ് സർക്കാർ അംഗീകാരം നൽകിയത്. 2022 മെയ് മാസത്തിലായിരുന്നു ഈ സമിതി രൂപീകരിക്കപ്പെട്ടത്.
എല്ലാ മതവിഭാഗങ്ങളിൽ പെട്ടവർക്കും ഒരേ നിയമം എന്ന ചിന്താഗതിയുടെ ഭാഗമാണ് ഏകീകൃത സിവിൽ കോഡ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ തുടങ്ങിയ കാര്യങ്ങളിളിലെല്ലാം വ്യത്യസ്‌ത മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമം ഇന്ത്യയ്‌ക്കായി രൂപീകരിക്കണമെന്നാണ് യൂണിഫോം സിവിൽ കോഡ് (യുസിസി) ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തിന് കീഴിലാണ് ഈ കോഡ് വരുന്നത്.
അതേസമയം, രാമക്ഷേത്ര വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളെ അദ്ദേഹം വിമർശിക്കുകയും ചെയ്‌തു. രാമഭക്തർക്ക് നേരെ വെടിയുതിർത്തതിന് ഉത്തരവാദികളായവർ ഒരിക്കലും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയോ, ജമ്മു കശ്‌മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയോ, മുത്തലാഖ് നിർത്തലാക്കുകയോ ചെയ്യില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
അയോധ്യയിലെ രാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാനുള്ള പ്രതിജ്ഞാബദ്ധത ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിഷ്‌ഠ ചടങ്ങിൽ പങ്കെടുക്കുന്നതോടെ പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള പദ്ധതികളുമായി ബിജെപി മുന്നോട്ട് പോവുന്നത്.












Click it and Unblock the Notifications