കേന്ദ്രബജറ്റ് 2024; പ്രധാനമന്ത്രി ആവാസ് യോജനയിൽ 2 കോടി വീടുകൾ കൂടി, ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി
ന്യൂഡൽഹി: ബജറ്റിൽ സാധാരണക്കാർക്ക് ആശ്വാസമാവുന്ന പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി. സർക്കാരിന്റെ പ്രധാന പദ്ധതികളിൽ ഒന്നായ പ്രധാനമന്ത്രി ആവാസ് യോജന വഴി രണ്ട് കോടി വീടുകൾ കൂടി അനുവദിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിലൂടെ രാജ്യത്തെ വീടില്ലാത്ത ആളുകളുടെ എണ്ണം കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുരപ്പുര സോളാർ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് ഉണ്ടാകുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പിഎംഎവൈയിലൂടെ രണ്ട് കോടി വീടുകൾ കൂടി നിർമ്മിക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്.

എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 1 മുതൽ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) നടപ്പിലാക്കി വരുന്നത്. 60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധനസഹായമായി അനുവദിക്കുന്നതാണ് ഇതിന്റെ രീതി. കേരളത്തിലെ ലൈഫ് പദ്ധതി ഉൾപ്പെടെ ഇതിന്റെ ഭാഗമാണ്.
അതേസമയം, സൗരോർജ്ജത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി റൂഫ്‌ടോപ്പ് സോളാറൈസേഷൻ സ്‌കീമിന് കീഴിൽ ഏകദേശം ഒരു കോടിയോളം കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായാണ് മന്ത്രി പ്രഖ്യാപിച്ചത്, ഇതിലൂടെ പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കും.
ഇതിലൂടെ ഒന്നിലധികം നേട്ടങ്ങളാണ് ഉണ്ടാവുക. കുടുംബങ്ങൾക്ക് പ്രതിവർഷം 15,000-18,000 രൂപ വരെ വൈദ്യുതി ഇനത്തിൽ ലാഭിക്കുകയും മിച്ചം വിതരണ ഏജൻസികൾക്ക് വിൽക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
മറുവശത്ത്, ഈ ഇവി ചാർജറുകളുടെ വിതരണത്തിനും ഇൻസ്‌റ്റാളേഷനുമായി ധാരാളം പേർക്ക് സംരംഭകത്വ അവസരങ്ങൾ സൃഷ്‌ടിച്ചുകൊണ്ട് ഇലക്ട്രിക് വാഹന ചാർജിംഗ് ആവാസവ്യവസ്ഥയെ ഇത് മുന്നോട്ട് നയിക്കും എന്നാണ് കരുതപ്പെടുന്നത്.
സോളാർ പാനലുകൾ, ഇവി ചാർജറുകൾ, ആവശ്യമായ ഉപകരണങ്ങൾ എന്നിവയുടെ നിർമ്മാണം, ഇൻസ്‌റ്റാളേഷൻ, പരിപാലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന യുവാക്കൾക്ക് അവരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വൈദഗ്ദ്ധ്യം ഇതിലൂടെ ലഭ്യമാവും.
അതേസമയം, ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തുകയുണ്ടായി. ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കുമെന്നും, സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും അവർ അറിയിച്ചിട്ടുണ്ട്.
അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കുമെന്നും, രാഷ്‌ട്രീയ ഗോകുൽ മിഷൻ വഴി പാൽ ഉൽപ്പാദനം കൂട്ടുമെന്നും അവർ അറിയിച്ചു. ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്.












Click it and Unblock the Notifications