കേന്ദ്ര ബജറ്റ് 2024; മാലിദ്വീപിനുള്ള സഹായധനം വെട്ടിക്കുറച്ച് ഇന്ത്യ, മറ്റ് രാജ്യങ്ങൾക്കുള്ള ഫണ്ടിലും കുറവ്
ന്യൂഡൽഹി: മാലിദ്വീപിനുള്ള സഹായധനത്തിൽ കാര്യമായ കുറവ് വരുത്തി കേന്ദ്ര സർക്കാർ. ഇരുരാജ്യങ്ങൾക്ക് ഇടയിലും നിലനിൽക്കുന്ന നയതന്ത്ര ഭിന്നത പൂർണമായും മാറാത്ത സാഹചര്യത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ മാലിദ്വീപിനുള്ള സഹായധനത്തിൽ 22 ശതമാനം വെട്ടിക്കുറയ്ക്കാനാണ് ഇന്ത്യയുടെ തീരുമാനം.
വികസന സഹായത്തിനായി മാലദ്വീപിന് 600 കോടിയാണ് ഇന്ത്യ അനുവദിച്ചത്, വിദേശ രാജ്യങ്ങൾക്ക് സർക്കാർ നൽകുന്ന ഏറ്റവും വലിയ മൂന്നാമത്തെ സഹായമാണിത്. 2023-24ൽ മാലദ്വീപിന് 770.90 കോടി രൂപയാണ് സഹായമായി നൽകിയത്. 2022-23 ൽ അനുവദിച്ച 183.16 കോടിയിൽ നിന്ന് 300 ശതമാനത്തിലധികം വർധനവാണ് ഇക്കലയളവിൽ ഉണ്ടായത്.

2023ലെ ബജറ്റിൽ മാലിദ്വീപിനായി സർക്കാർ ആദ്യം 400 കോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് അത് 770.90 കോടി രൂപയായി ഉയർത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മാലിദ്വീപിൻ്റെ പ്രധാന സഹായ പങ്കാളിയാണ് ഇന്ത്യ. ദ്വീപ് രാഷ്ട്രത്തിനുള്ള ഇന്ത്യയുടെ സഹായം പ്രതിരോധം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ വ്യാപിച്ചു കിടക്കുന്നു.
എന്നാൽ വരുന്ന സാമ്പത്തിക വർഷം ഇന്ത്യയുടെ സഹായധനത്തിൽ തിരിച്ചടി നേരിട്ട രാജ്യം മാലിദ്വീപ് മാത്രമല്ല. വിദേശ രാജ്യങ്ങൾക്കുള്ള മൊത്തം സഹായം സർക്കാർ 10 ശതമാനം കുറച്ചിട്ടുണ്ട്. 2024-25ൽ വിദേശ രാജ്യങ്ങൾക്കുള്ള സഹായമായി ഇന്ത്യ 4883.56 കോടി രൂപ നീക്കിവച്ചിട്ടുണ്ട്, 2023-24ൽനിശ്ചയിച്ച 5426.78 കോടിയിൽ നിന്ന് കാര്യമായ ഇടിവ് ഇതിലുണ്ടായി.
അടുത്തിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചില മാലിദ്വീപ് മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യയും മാലിദ്വീപും തമ്മിൽ നയതന്ത്ര തർക്കത്തിൽ ഏർപ്പെട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദർശനത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തതോടെയാണ് ഇതിന്റെ തുടക്കം. പോസ്‌റ്റ് വലിയ രീതിയിൽ വൈറലാവുകയായിരുന്നു. പ്രധാനമന്ത്രി സ്‌നോർക്കെല്ലിംഗ് നടത്തുന്നത് ഉൾപ്പെടെയുള്ള ചിത്രങ്ങൾ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിമാരും മറ്റ് ചില നേതാക്കളും അദ്ദേഹത്തിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയത്. തുടർന്ന് ഇത് വിവാദമാവുകയും ഇന്ത്യയിൽ നിന്നുള്ള നിരവധി യാത്രക്കാർ മാലിദ്വീപ് യാത്ര ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. വിഷയം ഗൗരവമായതോടെ മൂന്ന് മന്ത്രിമാർക്ക് എതിരെ നടപടി എടുത്ത് മാലിദ്വീപ് സർക്കാർ തടിയൂരി.












Click it and Unblock the Notifications