കേന്ദ്ര ബജറ്റ്; വിദ്യാഭ്യാസ മേഖലയ്ക്ക് കൈത്താങ്ങ്, ഉന്നത വിദ്യാഭ്യാസത്തിന് 10 ലക്ഷം വരെ വായ്‌പ അനുവദിക്കും
ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ പരിഗണന നൽകുന്ന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമ്മല സീതാരാമൻ. പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്‌പാ സഹായം അനുവദിക്കുന്ന പദ്ധതിയാണ് ധനമന്ത്രി ഇന്ന് ബജറ്റിലൂടെ പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനാണ് ഈ തുക അനുവദിക്കുക.
രാജ്യത്തെ കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തിനാണ് ഈ വായ്‌പ ലഭിക്കാൻ അർഹതയുണ്ടാവുക. രാജ്യത്തിന് അകത്ത് തന്നെ പഠിക്കാനുള്ള വായ്‌പയാണ് ഇതിലൂടെ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് നേരിട്ട് ഇ-വൗച്ചറുകൾ നൽകുമെന്നാണ് നിർമ്മല സീതാരാമന്റെ പ്രഖ്യാപനം.

കൂടാതെ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള 500 പ്രമുഖ കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇൻ്റേൺഷിപ്പ് അവസരങ്ങൾ നൽകുന്ന പദ്ധതിയും ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഈ അവസരം പ്രതിമാസം 5000 രൂപ ഇൻ്റേൺഷിപ്പ് അലവൻസിനൊപ്പം 6000 രൂപ ഒറ്റത്തവണ സഹായവും ലഭിക്കും. കൂടാതെ, ദേശീയ വ്യവസായ ഇടനാഴി വികസന പരിപാടിക്ക് കീഴിൽ ഏകദേശം 12 വ്യവസായ പാർക്കുകൾ കൂടി അനുവദിച്ചിട്ടുണ്ട്.
ഇതിന് പുറമെ നാല് കോടി യുവജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് നൈപുണ്യ വികസന പദ്ധതികളും നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി അവതരിപ്പിക്കുന്നതെന്നാണ് അറിയിച്ചിരിക്കുന്നത്. 1.84 ലക്ഷം കോടി രൂപയുടെ സ്‌കീമുകളാണ് മേഖലയിൽ കേന്ദ്രം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
വിദ്യാഭ്യാസത്തിന് പുറമെ തൊഴിൽ മേഖലയിലും നിരവധി പ്രഖ്യാപനങ്ങൾ മോദി സർക്കാർ നടത്തിയിട്ടുണ്ട്. അതിൽ പ്രധാനമായും മൂന്ന് പദ്ധതികളാണ് ഉൾപ്പെടുന്നത്. ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കുമായി തൊഴിലുമായി ബന്ധപ്പെട്ട മൂന്ന് പ്രോത്സാഹന പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതിന് പുറമെ സഹകരണ കാർഷിക മേഖലകളും വിവിധ ഫണ്ടുകൾ നേടി. കാർഷിക മേഖലയിൽ 1.52 ലക്ഷം കോടിയുടെ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ കർഷകർക്ക് നൽകി വരുന്ന ധനസഹായം 6000 രൂപയായി തന്നെ തുടരും.
തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്. ബജറ്റ് അവതാരണ കണക്കിൽ മൊറാർജി ദേശായിയെ മറികടന്ന് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിക്കുക എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഇതോടെ നിർമ്മല സീതാരാമൻ. ആറ് വട്ടം ബജറ്റ് അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡ് ആണ് നിർമ്മല മറികടന്നത്.












Click it and Unblock the Notifications