കേന്ദ്ര ബജറ്റ് ജൂലൈ 23ന് അവതരിപ്പിക്കും; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്, സമ്മേളനം 22 മുതൽ
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ഇതിന് മുന്നോടിയായി ജൂലൈ 22ന് ബജറ്റ് സമ്മേളനം തുടങ്ങുമെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജുജു അറിയിച്ചു. ബജറ്റ് സമ്മേളനം ജൂലൈ 22ന് ആരംഭിച്ച് ഓഗസ്‌റ്റ് 12ന് അവസാനിക്കുമെന്ന് കിരൺ റിജുജു ട്വീറ്റിലൂടെ പറഞ്ഞു. രാജ്യം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ബജറ്റ് കൂടിയാണ് ഇത്തവണത്തേത്.
"2024 ജൂലൈ 22 മുതൽ 2024 ഓഗസ്‌റ്റ് 12 വരെ ബജറ്റ് സമ്മേളനത്തിനായി പാർലമെന്റിന്റെ ഇരുസഭകളെയും വിളിച്ചു ചേർക്കുന്നതിനുള്ള നിർദ്ദേശത്തിന് ഇന്ത്യൻ ഗവൺമെന്റിന്റെ ശുപാർശ പ്രകാരം ബഹുമാനപ്പെട്ട രാഷ്ട്രപതി അംഗീകാരം നൽകി. 2024-25 വർഷത്തെ കേന്ദ്ര ബജറ്റ് 2024 ജൂലൈ 23ന് ലോക്‌സഭയിൽ അവതരിപ്പിക്കും." കിരൺ റിജുജു ട്വീറ്റിൽ പറയുന്നു.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ ഫെബ്രുവരി മാസത്തിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു. ജൂലൈ മാസത്തിൽ പുതിയ സർക്കാർ അധികാരമേറ്റെടുത്ത ശേഷം സമ്പൂർണ ബജറ്റ് അവതരിപ്പിക്കേണ്ടതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അന്ന് ഇടക്കാല ബജറ്റ് മാത്രമായി അവതരിപ്പിച്ചത്.
തുടർച്ചയായ ഏഴാം തവണയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നത്. ഇതോടെ മൊറാർജി ദേശായിയെ മറികടന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന നേട്ടം നിർമ്മല സീതാരാമൻ സ്വന്തമാക്കും. മൊറാർജി ദേശായിയും നിർമ്മലയും ഇതുവരെ ആറുവീതം ബജറ്റ് അവതരണങ്ങളുമായി ഒപ്പത്തിനൊപ്പമായിരുന്നു.
നേരത്തെ ഇത്തവണത്തെ കേന്ദ്ര ബജറ്റ് ചരിത്രപരമായിരിക്കും എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു പറഞ്ഞതിന് പിന്നാലെ പ്രതീക്ഷകളും വളരെ വലുതാണ്. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റാണിത്. കൂടാതെ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാത്ത ബിജെപി എന്ന സവിശേഷ സാഹചര്യവും ഇക്കുറി പാർലമെന്റിലുണ്ട്.
അതേസമയം, കേന്ദ്ര ബജറ്റ് തീയതിപ്രഖ്യാപിച്ചതോടെ മൂന്നാം മോദി സർക്കാരിന് കീഴിൽ ധനമന്ത്രി രാജ്യത്തെ നികുതിദായകർക്ക് ചില ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇക്കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പ്രതീക്ഷകൾ വാനോളമാണ്. കൂടാതെ ബജറ്റിൽ ഗ്രാമീണ ഭവനങ്ങൾക്കുള്ള സബ്‌സിഡി വർദ്ധിപ്പിക്കാനും കേന്ദ്രം ഒരുങ്ങുകയാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ഇത്തവണ പതിവിലും കരുത്തുമായാണ് പ്രതിപക്ഷത്തിന്റെ വരവ്. മൃഗീയ ഭൂരിപക്ഷവുമായി കഴിഞ്ഞ തവണ ലോക്‌സഭയിൽ ബജറ്റ് അവതരിപ്പിച്ച മോദി സർക്കാരിന് ഇക്കുറി കാര്യങ്ങൾ എളുപ്പമാവില്ല. പ്രത്യേക സെഷനിൽ തന്നെ നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം സഭ സ്‌തംഭിപ്പിച്ചിരുന്നു. ബജറ്റ് സമ്മേളനത്തിലും പ്രതിപക്ഷം ഈ രീതി തുടർന്നാൽ ഭരണപക്ഷം വിയർക്കുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications