കേന്ദ്ര ബജറ്റ്; പ്രധാനമന്ത്രി ആവാസ് യോജനയിൽ ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി തിരികെ വരുമോ? സാധ്യത ഇങ്ങനെ
ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് ഇനി ഒരുപാട് സമയമൊന്നും ബാക്കിയില്ല, മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നതെന്ന് വേണമെങ്കിൽ പറയാം. അങ്ങനെയുള്ള ഘട്ടത്തിൽ വിവിധ മേഖലകൾ പ്രതീക്ഷയോടെ തന്നെയാണ് ബജറ്റിനെ നോക്കി കാണുന്നത്. ഇത്തവണത്തെ ബജറ്റിൽ അനുകൂലമായ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷ.
അക്കൂട്ടത്തിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളുമുണ്ട്. തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് ലഘൂകരിക്കുകയും അതിന് അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ വേഗത കൂട്ടുമെന്നുമാണ് ഈ മേഖലയിൽ നിന്നുള്ളവർ പ്രതീക്ഷിക്കുന്നത്. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പ്ലാനുകൾ ഉണ്ടാവുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ എംഐജി വിഭാഗത്തിനുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം (സിഎൽഎസ്എസ്) പുനരാരംഭിക്കുമോ എന്നതാണ് വീട് വാങ്ങുന്നവരിൽ നിന്നും വാങ്ങാൻ ആഗ്രഹിക്കുന്നവരിൽ നിന്നും പ്രധാനമായും ഉയരുന്ന ആവശ്യം. എന്നാൽ അത് നടപ്പാകുമോ എന്ന കാര്യം കണ്ടുതന്നെ അറിയണം.
നേരത്തെ ഈ സ്‌കീം യോഗ്യരായ ഗുണഭോക്താക്കൾക്ക് 2.67 ലക്ഷം രൂപ വരെ സബ്‌സിഡി വാഗ്‌ദാനം ചെയ്‌തിരുന്നു, അതിന്റെ പുനരുജ്ജീവനത്തിനായി ഭവന മേഖലയിൽ പലരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചെറുതെങ്കിലും ഈ ലഭിക്കുന്ന സബ്‌സിഡിയുടെ ആനുകൂല്യം ഭേദപ്പെട്ട ഒന്നാണ് എന്നതാണ് വാസ്‌തവം.
ബാങ്കുകൾ, ഹൗസിംഗ് ഫിനാൻസ് എന്നിവയിൽ നിന്ന് ഭവനവായ്‌പ തേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്)/ലോ ഇൻകം ഗ്രൂപ്പ് (എൽഐജി), മിഡിൽ ഇൻകം ഗ്രൂപ്പ് (എംഐജി)-I, മിഡിൽ ഇൻകം ഗ്രൂപ്പ് (എംഐജി)-II എന്നീ വിഭാഗങ്ങളിലെ ഗുണഭോക്താക്കൾക്ക് ഈ സബ്‌സിഡി നേരത്തെ ലഭ്യമായിരുന്നു.
വീട് വാങ്ങുന്നവർക്ക് യഥാക്രമം 6 ലക്ഷം, 9 ലക്ഷം, 12 ലക്ഷം രൂപ വരെയുള്ള വായ്‌പ തുകകൾക്ക് 6.5 ശതമാനം, 4 ശതമാനം, 3 ശതമാനം പലിശ സബ്‌സിഡികൾ ലഭ്യമാണ്. ഇഡബ്ല്യുഎസ്-എൽഐജി, മിഗ് I, മിഗ് II വിഭാഗങ്ങൾക്ക് 60, 160, 200 ചതുരശ്ര/മീറ്റർ വരെ കാർപ്പറ്റ് ഏരിയയുള്ള വീടുകൾക്ക് ഈ സബ്‌സിഡികൾ ബാധകമായിരിക്കും.
ഇഡബ്ല്യുഎസ്-എൽഐജി സബ്‌സിഡി സ്‌കീം ആദ്യം 2022 മാർച്ച് 31ന് അടച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും അവതരിപ്പിച്ചു. എന്നാൽ എംഐജി സെഗ്‌മെന്റുകൾക്ക് 2021 മാർച്ച് 31ന് തന്നെ സ്‌കീം അവസാനിപ്പിച്ചിരുന്നു. നഗര മേഖലയിലെ ദരിദ്രർ, ഇടത്തരക്കാർ എന്നിവർക്ക് വളരെയധികം പ്രയോജനം ചെയ്യുന്ന പദ്ധതിയതിനാൽ തന്നെ വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ഇതിനെ നോക്കി കാണുന്നത്.












Click it and Unblock the Notifications